ലച്ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്കും ഗാനരംഗങ്ങള്‍ക്കുമുള്ള പ്രാധാന്യം കണ്ടറിഞ്ഞ സംവിധായകരില്‍ പ്രമുഖനായിരുന്നു ഐ.വി. ശശി. മുരളി മൂവീസിന്റെ ബാനറില്‍ എം.പി. രാമചന്ദ്രന്‍ നിര്‍മിച്ച തന്റെ ആദ്യ ചിത്രമായ ഉത്സവം (1975) തന്നെ ഇതിനു ഉത്തമോദാഹരണമാണ്.

പൂവച്ചല്‍ ഖാദറും എ.ടി. ഉമ്മറും ചേര്‍ന്നൊരുക്കിയ ആദ്യ സമാഗമ (യേശുദാസ്, ജാനകി), സ്വയംവരത്തിനു പന്തലൊരുക്കി, ഏകാന്തതയുടെ (യേശുദാസ്), കരിമ്പു കൊണ്ടൊരു (മാധുരി) എന്നീ ഗാനങ്ങള്‍കൊണ്ടുതന്നെ ഉത്സവം ശ്രദ്ധനേടി. തുടര്‍ന്ന് ആലിംഗനം, അഭിനന്ദനം, അയല്‍ക്കാരി, അനുഭവം തുടങ്ങിയ ചിത്രങ്ങളിലും ഐ.വി. ശശിയുടെ സംഗീതപ്രേമം നമുക്കു കണ്ടറിയാം. 

ബിച്ചു തിരുമല-എ.ടി. ഉമ്മര്‍ (ആകെ 11 ചിത്രങ്ങള്‍) കൂട്ടുകെട്ടിലൂടെ മികച്ച സംഗീതജോടിയാണ് മലയാള ചലച്ചിത്രലോകത്തിന് അദ്ദേഹം സംഭാവന ചെയ്തത്. തുഷാരബിന്ദുക്കളേ (ആലിംഗനം), വാകപ്പൂമരം ചൂടും (അനുഭവം), നീലജലാശയത്തില്‍ (അംഗീകാരം), പ്രഭാതം പൂമരക്കൊമ്പില്‍ (മനസാവാചാ കര്‍മണാ) തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്തു.

എന്തിനെന്നെ വിളിച്ചൂ (അഭിനന്ദനം-1976) എന്ന ഗാനത്തിലൂടെയാണ് ശ്രീകുമാരന്‍ തമ്പി ഐ.വി. ശശിയുടെ ചിത്രത്തില്‍ ഗാനരചയിതാവായി എത്തുന്നത്. ഈ ചിത്രത്തിലൂടെ കണ്ണൂര്‍ രാജനെയും  ജി. ദേവരാജനെയും (ഇലഞ്ഞിപ്പൂമണം, അയല്‍ക്കാരി), 'ഹൃദയമേ സാക്ഷി'യിലൂടെ എം.എസ്. വിശ്വനാഥനെയും ശ്യാമിനെയും (സന്ധ്യതന്‍ അമ്പലത്തില്‍, അഭിനിവേശം) 'അന്തര്‍ദാഹ'ത്തിലൂടെ എം.കെ. അര്‍ജുനനെയും ഐ.വി. ശശി തന്റെ ചിത്രങ്ങളില്‍ സംഗീതസംവിധായകരാക്കി. ചലച്ചിത്രഗാനങ്ങളില്‍ പൂര്‍ണമായും തീരുമാനമെടുക്കുന്നത് ശശിതന്നെയായിരുന്നു എന്ന് ശ്രീകുമാരന്‍ തമ്പി സാക്ഷ്യപ്പെടുത്തുന്നു.

പാശ്ചാത്തലസംഗീതത്തിലും സംഗീതസംവിധാനത്തിലും ഒരുപോലെ തിളങ്ങിയ ജി.ദേവരാജന്റെ കഴിവുകള്‍ നല്ലപോലെ ഉപയോഗിച്ച സംവിധായകനായിരുന്നു ഐ.വി. ശശി. പ്രണയസരോവരതീരം (ഇന്നലെ ഇന്ന്), കൂടിയാട്ടം കാണാന്‍ (ആനന്ദം പരമാനന്ദം), പൂവാംകുഴലി (വാടകയ്ക്കൊരു ഹൃദയം), വെണ്ണയോ (ഇതാ ഇവിടെ വരെ), മലരേ മാതള മലരേ (ആ നിമിഷം), യാമശംഖൊലി (ഈ മനോഹര തീരം), മുറുക്കിച്ചുവന്നതോ (ഈറ്റ), സംഗീതമേ, ഉല്ലാസപ്പൂത്തിരികള്‍ (മീന്‍) തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ഉദാഹരണങ്ങള്‍. 

രവികുമാറും പത്മപ്രിയയും സുമിത്രയും ജോസ് പ്രകാശും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന സന്ധ്യതന്‍ അമ്പലത്തില്‍ (അഭിനിവേശം) എന്ന ഗാനത്തില്‍ തുടങ്ങി ഐ.വി. ശശിയുടെ ഏറ്റവും അധികം ചിത്രങ്ങളില്‍ (31) സംഗീതസംവിധായകനായ ശ്യാം മലയാളികള്‍ക്ക് ഒട്ടേറ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചു. തൊഴുതുമടങ്ങും (അക്ഷരങ്ങള്‍), ഒരു മധുരക്കിനാവിന്‍ (കാണാമറയത്ത്), കാത്തിരിപ്പൂ (ആരൂഢം), കാറ്റു താരാട്ടു, ജലശംഖുപുഷ്പം (അഹിംസ), അമ്പിളി മണവാട്ടി (ഈനാട്), ഹൃദയം കൊണ്ടെഴുതിയ (അക്ഷരത്തെറ്റ്), പാവാട വേണം (അങ്ങാടി), മഞ്ഞേ വാ (തുഷാരം), മൈനാകം (തൃഷ്ണ) തുടങ്ങിയ ശ്യാമിന്റെ ഗാനങ്ങള്‍ ശശിയുടെ ചിത്രങ്ങള്‍ക്ക് മാറ്റുകൂട്ടി.

നായകനെയും നായികയെയും കൂടാതെ ഒട്ടേറേപ്പേര്‍ ഐ.വി. ശശിയുടെ ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ഒരിക്കലും ഗാനരംഗത്തിന് അരോചകമല്ലാതെ ചിത്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഒന്നു വേറെത്തന്നെയായിരുന്നു. നൃത്തപ്രാധാന്യമുള്ള ഗാനരംഗങ്ങളിലും ഐ.വി. ശശിയുടെ സംവിധായകപ്രതിഭ മികവുകാട്ടി. മഴയില്‍ ചിത്രീകരിച്ച തുള്ളിക്കൊരുകുടം (ഈറ്റ), തെയ്യാട്ടം ധമനികളില്‍ (തൃഷ്ണ), തുലാവഷമേഘം (അശ്വരഥം) തുടങ്ങിയ ഗാനരംഗങ്ങള്‍ മകുടോദാഹരണങ്ങള്‍. അമ്പിളി മണവാട്ടി (ഈനാട്) കന്നിപ്പളുങ്കേ (അങ്ങാടി) തുടങ്ങിയ ഗാനരംഗങ്ങളിലും ഒട്ടേറെപേര്‍ മുഖം കാണിച്ചിട്ടുണ്ട്.

ഗ്രാമീണ ദൃശ്യങ്ങള്‍ ഐ.വി. ശശിയുടെ ഗാനരംഗങ്ങളില്‍ ധാരാളം കാണാറുണ്ട്. മറ്റു ഭാഷാചിത്രങ്ങളിലെ ഈണങ്ങള്‍ ചില ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വെള്ളിച്ചില്ലം വിതറി (ഇണ), രാകേന്ദു കിരണങ്ങള്‍ (അവളുടെ രാവുകള്‍) തുടങ്ങിയ ഉദാഹരണങ്ങള്‍.
സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒട്ടേറെ ഐ.വി. ശശി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പോം പോം ഈ ജീപ്പിന് (നാണയം) എന്ന ഗാനരംഗത്തില്‍ ഇവര്‍ രണ്ടുപേരും മത്സരിച്ചഭിനയിച്ചു.

അമേരിക്കയില്‍ പൂര്‍ണമായും ഷൂട്ട്‌ചെയ്ത ജിയോ മൂവിയുടെ ഏഴാംകടലിനക്കരെ എന്ന ചിത്രത്തിലെ സുരലോകജലധാര എന്ന ഗാനരംഗത്തില്‍ കെ.ആര്‍. വിജയക്കൊപ്പം ജോ വാഷിങ്ടണ്‍ എന്ന സായിപ്പിനെക്കൊണ്ട് ജോളി എബ്രഹാം പാടിയ ഹമ്മിങ്ങിന് ചുണ്ടനക്കിപ്പിക്കാനും ഐ.വി. ശശി മറന്നില്ല. തന്റെ നാട്ടുകാരനായ കുതിരവട്ടം പപ്പുവിനെ ഒട്ടേറെ ഗാനരംഗങ്ങളില്‍ അദ്ദേഹം അഭിനയിപ്പിച്ചു.

പാവാട വേണം (അങ്ങാടി), അമ്പിളി മണവാട്ടി (ഈ നാട്) അതുപോലെ ഹാസ്യനായകനായിരുന്ന ബഹദൂറും (എല്ലാരും പോകുന്നു, അഞ്ജലി) ഗാനരംഗത്ത് അഭിനയിച്ചു.

ഇളയരാജയും ജോണ്‍സണും രവീന്ദ്രനും ജാസി ഗിഫ്റ്റും ദീപക് ദേവും അടക്കം ഐ.വി. ശശിച്ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചെങ്കിലും ഇഷ്ട സംഗീതസംവിധയകന്‍ ശ്യാമായിരുന്നു. ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, പി. ഭാസ്‌കരന്‍, പി.കെ. ഗോപി, കാവാലം നാരായണപ്പണിക്കര്‍, ഗിരീഷ് പുത്തഞ്ചേരി, തുടങ്ങിയ ഒട്ടേറെ ഗാനരചയിതാക്കളും ശശിച്ചിത്രങ്ങളില്‍ ഗാനങ്ങളെഴുതിയപ്പോള്‍ 27 ചിത്രങ്ങളില്‍ രചയിതാവായ ബിച്ചു തിരുമലയായിരുന്നു ശശിയുടെ ഇഷ്ട ഗാനരചയിതാവ്. 95 ചിത്രങ്ങളില്‍ ഗാനങ്ങളാലപിച്ച യോശുദാസും 27 ചിത്രങ്ങളില്‍ ഗാനങ്ങളാലപിച്ച എസ്. ജാനകിയും ഐ.വി. ശശിയുടെ ഗായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.