സിനിമയില്‍ സംഗീതം ഔചിത്യപൂര്‍വം ഉപയോഗിക്കണമെന്ന പക്ഷക്കാരനാണ് ഐവി ശശി. ''പാട്ടുകള്‍ എല്ലാ കഥയ്ക്കും അനിവാര്യമല്ല. എന്റെ തന്നെ പടങ്ങളില്‍ പേരിനു പോലും പാട്ട് ഇല്ലാത്തവയും ഉണ്ട്  അടിയൊഴുക്കുകള്‍, ഒരിക്കല്‍ കൂടി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ആവനാഴി എന്നിങ്ങനെ. അത്തരം ചിത്രങ്ങളില്‍ പശ്ചാത്തല സംഗീതത്തിന് പ്രാധാന്യം ഉണ്ടാകും. എന്തായാലും സംഗീതം ഇല്ലാത്ത സിനിമയെ കുറിച്ചു സങ്കല്‍പിക്കാന്‍ വയ്യ എനിക്ക്.'' ചെറുപ്പത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട് ശശി. മകനെ പാട്ടുകാരനാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ''ദിവസവും വൈകുന്നേരം സ്‌കൂളില്‍ നിന്ന് വന്നാല്‍ ഒരു പായില്‍ ചമ്രം പടിഞ്ഞിരുന്ന് ഗുരുമുഖത്തു നിന്ന് പാട്ട് പഠിക്കണം. മുന്‍ശുണ്ഠിക്കാരനാണ് മാഷ്. ഒരിക്കല്‍ ദേഷ്യം വന്നു പായയോടെ എന്നെ വലിച്ചു നിലത്തിട്ടു. തലകുത്തിയാണ് ഞാന്‍ വീണത്. അന്ന് പാട്ട് പഠിക്കല്‍ നിര്‍ത്തി'' ശശി പൊട്ടിച്ചിരിക്കുന്നു. ''പക്ഷെ രണ്ടു കൊല്ലത്തെ പഠനം കൊണ്ട് സിനിമാ  ജീവിതത്തില്‍ ഗുണമുണ്ടായി. സംഗീതത്തിന്റെ അടിസ്ഥാന വശങ്ങളൊക്കെ അറിയാം. ഒരു പാട്ട് കേട്ടാല്‍ ജനം ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് പറയാനാകും.''

അരങ്ങേറ്റ ചിത്രം 'ഉത്സവം' ആണെങ്കിലും ആദ്യമായി  ഒരു ഗാനരംഗം ചിത്രീകരിച്ചത് അതിനും ഏഴു വര്‍ഷം മുന്‍പാണ് കളിപ്പാവ എന്ന സിനിമക്ക് വേണ്ടി.  സംവിധായകന്‍ എ ബി രാജ് മറ്റെന്തോ തിരക്കില്‍ പെട്ടത് മൂലം ഏര്‍ക്കാടില്‍ വെച്ച് ''നീല നീല വാനമതാ'' (രചന: സുഗതകുമാരി, സംഗീതം: ചിദംബര നാഥ്) എന്ന ഗാനം ചിത്രീകരിക്കാന്‍ നിയുക്തനാകുകയായിരുന്നു ആ പടത്തിന്റെ കലാസംവിധായകനായ ശശി. ''ഗാന ചിത്രീകരണത്തെ ഗൗരവത്തോടെ കണ്ടവര്‍ ആയിരുന്നില്ല അന്നത്തെ മിക്ക സംവിധായകരും. സഹായികളേയോ ക്യാമറാമാനെയോ ആ ചുമതല ഏല്‍പിക്കുകയായിരുന്നു പതിവ്. പക്ഷെ ഞാന്‍ ആ ദൗത്യം ഗൌരവപൂര്‍വം തന്നെ കണ്ടു.'' പിന്നീട് രണ്ടു ചിത്രങ്ങളില്‍ (കാറ്റു വിതച്ചവന്‍, കവിത) പേരുവെക്കാതെ സംവിധായകന്റെ ചുമതലകള്‍ നിര്‍വഹിക്കേണ്ടി വന്നപ്പോഴും ഗാനരംഗങ്ങള്‍ മികച്ചതാക്കാന്‍ ശ്രദ്ധിച്ചു ശശി. ആദ്യ ചിത്രം റവ. സുവിശേഷ മുത്തുവിന്റെയും രണ്ടാമത്തേത് നടി വിജയനിര്‍മലയുടെയും പേരിലാണ് പുറത്തു വന്നത് എന്ന് മാത്രം.

സംവിധായകനായി ഐ വി ശശിയുടെ പേര് ടൈറ്റില്‍ കാര്‍ഡില്‍ തെളിഞ്ഞ ആദ്യചിത്രം ഉത്സവമായിരുന്നു.  പുതുമയുള്ള കഥ; വ്യത്യസ്തമായ പരിചരണം. പതിവ് വില്ലന്‍ റോളുകളില്‍ നിന്നുള്ള മോചനമായിരുന്നു കെ.പി ഉമ്മറിന് ഈ ചിത്രത്തിലെ നായക കഥാപാത്രം. പൂവച്ചല്‍ ഖാദറും എ ടി ഉമ്മറും ചേര്‍ന്നാണ് ഉത്സവത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. ''എ ടി ഉമ്മറെ ആദ്യമായി കണ്ടത് കളിയല്ല കല്യാണത്തിന്റെ റെക്കോര്‍ഡിംഗ് സമയത്തായിരുന്നു എന്നാണ് ഓര്‍മ. കലാ സംവിധായകന്‍ എന്ന നിലയ്ക്ക് എന്റെ ആദ്യചിത്രം. പെട്ടെന്ന് ഞങ്ങള്‍ സുഹൃത്തുക്കളായി. എന്റെ മനസ്സിലെ സംഗീത സങ്കല്‍പങ്ങളോട് ചേര്‍ന്നു നിന്നവയായിരുന്നു ഉമ്മറിന്റെ ഈണങ്ങള്‍.''-ശശി. ഉത്സവത്തിലെ പാട്ടുകള്‍ എല്ലാം ആദ്യമെഴുതി ഈണമിട്ടവ ആയിരുന്നു എന്ന പ്രത്യേകതയുണ്ട്. ''ആദ്യ സമാഗമലജ്ജയില്‍ ആതിരാ താരകം കണ്ണടച്ചു'' എന്ന പാട്ടും ഇരുളും വെളിച്ചവും ഇടകലര്‍ന്ന അതിന്റെ ചിത്രീകരണവും എങ്ങനെ മറക്കാനാവും? വിന്‍സന്റും ശ്രീവിദ്യയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത്.  

yesudas and iv sasi
യേശുദാസും എെ.വി.ശശിയും. ഫോട്ടോ: പി.ഡേവിഡ്

ഈണമോഷണങ്ങളുടെയും അനുകരണങ്ങളുടെയും പേരില്‍ എ ടി ഉമ്മര്‍ ഏറ്റവുമധികം തവണ പ്രതിക്കൂട്ടിലായത് ശശിയുടെ ചിത്രങ്ങളിലെ പാട്ടുകളുടെ പേരില്‍ ആയിരുന്നു എന്നതാണ് വിരോധാഭാസം. ''മിക്ക കേസുകളിലും ഉമ്മര്‍ നിരപരാധിയാണ്. പൂര്‍ണ ഉത്തരവാദിത്തം എനിക്ക് തന്നെ,'' ചിരിച്ചു കൊണ്ട് ശശി പറയുന്നു. ''സാമാന്യം നല്ലൊരു മോഷ്ടാവാണ് ഞാന്‍. പാട്ടിന്റെ കാര്യത്തില്‍ ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് നല്ല ബോധ്യവുമുണ്ട്. നമ്മുടെ ഭാഷയില്‍ ഹിറ്റാവും എന്ന് ഉറപ്പുള്ള ഈണങ്ങളേ ഞാന്‍ അനുകരിക്കാന്‍ പറയാറുള്ളൂ. ചില സംഗീത സംവിധായകര്‍ അതേപടി അവ അടിച്ചുമാറ്റും. ശ്യാമിനെ പോലെ മറ്റു ചിലര്‍ ആ ഈണത്തിന്റെ ബേസിക് സ്‌കെയില്‍ മാത്രം സ്വീകരിച്ചു പുതിയൊരു ഗാനം ഉണ്ടാക്കും. രണ്ടു തരത്തിലായാലും പാട്ടുകള്‍ ഹിറ്റാവും എന്ന് ഉറപ്പ്.''

അവളുടെ രാവുകള്‍ എന്ന സിനിമയിലെ ഗാനങ്ങളുടെ പേരിലാണ് ഉമ്മര്‍ ഏറെ പഴി ഏറ്റുവാങ്ങിയത്. ''കണ്‍സോളില്‍ ഇരുന്ന് ആ പാട്ടുകളുടെ റെക്കോര്‍ഡിംഗ് പ്രക്രിയ പൂര്‍ണമായും നിയന്ത്രിച്ചത് ഞാനാണ്. പുല്ലാങ്കുഴല്‍ വിദഗ്ദനായ ഗുണസിംഗും ഒരു തബല ആര്‍ട്ടിസ്ട്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ സഹായികളായി. പാട്ടുകള്‍ ആലേഖനം ചെയ്തത് രേവതിയിലെ കണ്ണന്‍. ഒരുപക്ഷെ കണ്ണന്റെ ജീവിതത്തിലെ അത്തരത്തിലുള്ള ആദ്യത്തെ അനുഭവമായിരിക്കണം അത്; അവസാനത്തെയും.'' അസാധാരണമായ റെക്കോര്‍ഡിംഗ് മികവോടെ ആയിടെ പുറത്തു വന്ന രണ്ടു ഹിന്ദി പാട്ടുകളില്‍ നിന്നാണ് അവളുടെ രാവുകളിലെ രാകേന്ദു കിരണങ്ങള്‍ ഒളി വീശിയില്ലാ, ഉണ്ണി ആരാരിരോ എന്നീ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പിറന്നത്.  ആദ്യത്തേത് സ്വാമിയിലെ ''പല്‍ഭര്‍ മെരെ (സംഗീതം: രാജേഷ് റോഷന്‍) എന്ന പാട്ടില്‍ നിന്ന്; രണ്ടാമത്തേത് ഝീല്‍ കേ ഉസ് പാര്‍ എന്ന ചിത്രത്തിലെ  കഹ് രഹേ ഹേ യെ ആസൂ'' (സംഗീതം: ആര്‍ ഡി ബര്‍മന്‍) എന്ന  പാട്ടില്‍ നിന്നും. ''പുതുമയുള്ള ഈണങ്ങള്‍ എന്നതിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത് അവയുടെ സൗണ്ടിങ് ആണ്. അത്രയും ആര്‍ഭാടപൂര്‍ണമായ വാദ്യവിന്യാസവും സ്റ്റീരിയൊ ഇഫക്റ്റും മലയാള സിനിമക്ക് അക്കാലത്ത് സ്വപനം കാണാന്‍ കൂടി കഴിയുമായിരുന്നില്ല. രണ്ടു പാട്ടും റാഞ്ചിക്കളയാം എന്ന് തോന്നുന്നത് അങ്ങനെയാണ്.''

ആദ്യം ഹിന്ദി പാട്ടിന്റെ ഈണത്തിലുള്ള മലയാളം വരികള്‍ ബിച്ചു തിരുമലയില്‍ നിന്ന് ശശി എഴുതിവാങ്ങി. നാല് ട്രാക്കില്‍ റെക്കോര്‍ഡ് ചെയ്ത ഗാനമായിരുന്നു 'പല്‍ഭര്‍.' ഒറിജിനല്‍ ഗാനത്തിന്റെ വാദ്യവിന്യാസം അതേപടി നിലനിര്‍ത്തിക്കൊണ്ട് ശബ്ദം മാത്രം ജാനകിയുടെ സ്വരത്തില്‍ രണ്ടാമതും റെക്കോര്‍ഡ് ചെയ്യുക എന്ന ആശയവും ശശിയുടെത് തന്നെ. അതിമനോഹരമായാണ് ജാനകി പാടിയത്; ഒരു പക്ഷെ ലതാ മങ്കേഷ്‌കറെക്കാള്‍  ഭംഗിയായി. പാട്ടിന്റെ തുടക്കത്തിലും ഇടയ്ക്ക് ഗ്യാപ് അനുഭവപ്പെട്ട ഇടങ്ങളിലും മാത്രമേ വയലിനും ഗുണസിംഗിന്റെ ഫഌട്ട് ബിറ്റുകളുംചേര്‍ക്കേണ്ടി വന്നുള്ളൂ.  ഇതെല്ലാം കണ്ടു റെക്കോര്‍ഡിസ്റ്റ് കണ്ണന്‍ അന്തംവിട്ട് ഇരിക്കുകയായിരുന്നു എന്നോര്‍ക്കുന്നു ശശി. ''റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ സിനിമയിലെ  ചില പ്രമുഖ സാങ്കേതിക വിദഗ്ദരെ കേള്‍പിച്ചു നോക്കി. ആവേശകരമായിരുന്നു പ്രതികരണം. ആര്‍ക്കും മനസ്സിലായില്ല ഞങ്ങള്‍ ഒപ്പിച്ച വേല. ഇത്രയും റിച്ച് ആയ ഓര്‍ക്കസ്ട്ര തെന്നിന്ത്യന്‍ സിനിമയില്‍ അതിനു മുന്‍പ് കേട്ടിട്ടില്ല എന്നായിരുന്നു എല്ലാവരുടെയും ഏകകണ്‍ഠമായ അഭിപ്രായം. ''

ഏറെ വിവാദത്തിനു വഴി വെച്ചെങ്കിലും പാട്ടുകള്‍ രണ്ടും സൂപ്പര്‍ ഹിറ്റായി. അവയുടെ ഒറിജിനല്‍ പതിപ്പുകളേക്കാള്‍ എന്ന് കൂട്ടിച്ചേര്‍ക്കുന്നു ശശി. രാകേന്ദു കിരണങ്ങളുടെ ചിത്രീകരണവും മറക്കാനാവില്ല. മരീനാ ബീച്ചിലാണ് ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. തലേന്ന് രാത്രി കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ് വന്നു. പിറ്റേന്ന് ശക്തമായ മഴയും കൊടുങ്കാറ്റും ഉണ്ടാകും; ആരും പുറത്തിറങ്ങരുത് എന്ന്. ഷൂട്ട് മാറ്റിവെക്കേണ്ടി വരുമെന്ന് തന്നെ എല്ലാവരും കരുതി. ''പക്ഷെ ഞാന്‍ ചിന്തിച്ചത് മറിച്ചാണ്. ഗാനത്തിനിടയ്ക്ക് സീമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രക്ഷുബ്ധമായ മാനസികാവസ്ഥ പ്രതിഫലിക്കേണ്ട ചില സീനുകളുണ്ട്. അതിനു കൊടുങ്കാറ്റ് സഹായകമാകും. നൃത്തത്തിനിടെ സീമയുടെ വസ്ത്രങ്ങളും മുടിയുമൊക്കെ കാറ്റില്‍ പറക്കുന്നത് കാണാം. അവിടെ ഉപയോഗിച്ചത് യഥാര്‍ത്ഥ കൊടുങ്കാറ്റിന്റെ ഇഫക്റ്റ് തന്നെ. അങ്ങനെ പ്രകൃതിയുടെ കൂടി സഹായത്തോടെയാണ് ആ പാട്ട് ചിത്രീകരിച്ചത്.''

എ ടി ഉമ്മറിന്റെ വേറെയും ഹിറ്റ് ഈണങ്ങളില്‍ തന്നിലെ 'സംഗീതപ്രേമിയായ മോഷ്ടാവിന്റെ' സ്വാധീനമുണ്ടെന്നു വെളിപ്പെടുത്തുന്നു ശശി. 'ഇണ'യില്‍  കൃഷ്ണചന്ദ്രന്‍ പാടിയ വെള്ളിച്ചില്ലും വിതറി എന്ന പാട്ടിനു കടപ്പാട് ഇളയരാജയുടെ പുത്തം പുതു കാലൈ (അലൈകള്‍ ഓയ് വതില്ലൈ) എന്ന ഹിറ്റിനോടാണ്. കടല്‍ മീന്‍കളിലെ ഇളയരാജയുടെ തന്നെ താലാട്ടുതേ വാനം, അഹിംസയിലെ കാറ്റു താരാട്ടും എന്ന മനോഹരമായ ഗാനമായി.  മറ്റൊരു കൗതുകം കൂടി പങ്കുവെക്കുന്നു ശശി. ''അങ്ങാടിയുടെ കമ്പോസിങ് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കുകയാണ്. അതേ  സമയത്ത് കാന്തവലയം എന്നൊരു പടം കൂടി ചെയ്യുന്നുണ്ട് ഞാന്‍. ഷൂട്ടിംഗിനു ഇടയ്ക്ക് ബി ടി എച്ചില്‍ ചെന്നപ്പോള്‍ അങ്ങാടിയിലെ ഒരു യുഗ്മഗാനത്തിന്റെ സൃഷ്ടിയിലാണ് ശ്യാം. കുറെ ഏറെ ട്യൂണ്‍ കേള്‍പ്പിച്ചിട്ടും എനിക്ക് തൃപ്തിയാകുന്നില്ല. ഒടുവില്‍ ആയിടയ്ക്ക് കേട്ട എനിക്കിഷ്ടപ്പെട്ട ഒരു പാട്ട് ഞാന്‍ ശ്യാമിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു. മുഖദ്ദര്‍ കാ സിക്കന്ദറിലെ 'ഓ സാഥീരേ തെരേ ബിനാ ഭി ക്യാ ജീനാ..'  ശ്യാമിന്റെ ചിരിയും ചോദ്യവും എനിക്കോര്‍മയുണ്ട്: എന്നെയും കള്ളനാക്കുകയാണ് അല്ലെ? എന്തായാലും ഞാന്‍ നിര്‍ദേശിച്ച ട്യൂണ്‍ അതേ പടി മോഷ്ടിക്കുകയല്ല ശ്യാം ചെയ്തത്. അതിന്റെ ചുവടു പിടിച്ചു മറ്റൊരു പാട്ട് ഉണ്ടാക്കുകയാണ്. ആ പാട്ട് ഏതെന്ന് ഞാന്‍ പറഞ്ഞാലേ നിങ്ങളറിയൂ: 'കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ...' ഇന്നു വരെ ആരും പറഞ്ഞുകേട്ടിട്ടില്ല ഹിന്ദി പാട്ടുമായുള്ള സാമ്യത്തെ പറ്റി. മോഷണം എന്നല്ല പ്രചോദനം എന്നല്ലേ അതിനെ വിശേഷിപ്പിക്കേണ്ടത്?'' ശശിയുടെ ചോദ്യം.'

iv sasi and mammootty
 എെ.വി.ശശി, മമ്മൂട്ടി, എം.ടി. എന്നിവർ

ഇടയ്‌ക്കൊക്കെ സംവിധായകന്റെ സമ്മര്‍ദത്തിനു വഴങ്ങി പ്രശസ്ത ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഗാനങ്ങളുടെ സ്വാധീനത്തില്‍ ഈണമൊരുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഉമ്മറിന്റെയും ശ്യാമിന്റെയും ഏറ്റവും മികച്ച ഒറിജിനല്‍ ഈണങ്ങളും നമ്മെ കേള്‍പ്പിച്ചത് ശശിയുടെ ചിത്രങ്ങള്‍  തന്നെ. അനുഭവത്തിലെ വാകപ്പൂമരം ചൂടും, ഒരു മലരില്‍, അംഗീകാരത്തിലെ നീലജലാശയത്തില്‍, കര്‍പ്പൂര തുളസിപ്പന്തല്‍, അവളുടെ രാവുകളിലെ അന്തരിന്ദ്രിയ ദാഹങ്ങള്‍, മനസാ വാചാ കര്‍മ്മണായിലെ നിമിഷങ്ങള്‍ പോലും വാചാലമാകും എന്നിവ ഉള്‍പ്പെടെ ഹൃദ്യമായ കുറെ ഗാനങ്ങള്‍ ശശി ചിത്രങ്ങള്‍ക്ക് വേണ്ടി ഉമ്മര്‍ ഒരുക്കി .  കുറെ കൂടി വിപുലമായ ഗാനപ്രപഞ്ചമാണ് ശ്യാമിന്റേത്. അഭിനിവേശം (സന്ധ്യ തന്‍ അമ്പലത്തില്‍, മരീചികേ മരീചികേ), അങ്ങാടി (പാവാട വേണം, കന്നിപ്പളുങ്കേ), കാന്തവലയം (ഈ നിമിഷം പകരുന്നിതാ),  തൃഷ്ണ (ശ്രുതിയില്‍ നിന്നുയരും, മൈനാകം), ഈ നാട് (മാനത്തെ ഹൂറി പോലെ, അമ്പിളി മണവാട്ടി), ആരൂഡം (കാത്തിരിപ്പൂ), അനുബന്ധം (കണ്ണാന്തളിയും), കാണാമറയത്ത് (കസ്തൂരിമാന്‍ കുരുന്നേ, ഒരു മധുരക്കിനാവിന്‍ ), അക്ഷരങ്ങള്‍ (തൊഴുതു മടങ്ങും).... വൈവിധ്യം നിറഞ്ഞ ഗാനങ്ങളാല്‍ സമൃദ്ധമായ ചിത്രങ്ങള്‍. 

ഇളയരാജ ഒഴിച്ചാല്‍ റീ റെക്കോര്‍ഡിങ്ങില്‍ ശ്യാമിനെപോലെ ഇത്രയും ഔചിത്യവും കയ്യൊതുക്കവും പുലര്‍ത്തുന്ന മറ്റു അധികം സംഗീത സംവിധായകരെ കണ്ടിട്ടില്ല  ശശി. ''ശ്യാമിന്റെ ഗാനങ്ങളെ പോലെ തന്നെ സുന്ദരമാണ് സിനിമകള്‍ക്ക് അദ്ദേഹം നല്‍കിയിട്ടുള്ള തീം മ്യൂസിക്കും. പല്ലവിയും അനുപല്ലവിയും ചരണവും ഒക്കെ കാണും പശ്ചാത്തല സംഗീതത്തിനും. അത്തരം ഈണങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ റെക്കോര്‍ഡ് ചെയ്തു വെക്കുന്ന ശീലമുണ്ട് എനിക്ക്. പിന്നീട്  അതേ ട്യൂണ്‍ വേറെ ഏതെങ്കിലും പടത്തില്‍ പാട്ടാക്കി മാറ്റാന്‍ ശ്യാമിനെ നിര്‍ബന്ധിക്കും ഞാന്‍. അവയൊക്കെ ഹിറ്റാകുകയും ചെയ്യും.''  പാട്ടുകളില്ലാത്ത 'ഒരിക്കല്‍ കൂടി' എന്ന സിനിമയുടെ തീം മ്യൂസിക്കിന്റെ  ഒരു ഭാഗമാണ് പിന്നീട് 'മൈനാകം കടലില്‍ നിന്നുയരുന്നുവോ' എന്ന ഗാനമായി മാറിയത്. അടിയൊഴുക്കുകളുടെ പശ്ചാത്തലസംഗീത ശകലം അനുബന്ധത്തിലെ കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും എന്ന ഗാനമായതും, തുഷാരത്തിന്റെ ക്ലൈമാക്‌സിലെ തീം മ്യൂസിക് തൃഷ്ണയില്‍ ഉപയോഗിച്ചതും (തെയ്യാട്ടം ധമനികളില്‍) എല്ലാം ശശിയുടെ പ്രേരണയില്‍ തന്നെ. 

ശ്യാം ഈണമിട്ട കസ്തൂരിമാന്‍ കുരുന്നേ  എന്ന പാട്ടിനു പിന്നിലും ഉണ്ട് ഒരു കഥ. അതിനു മുന്‍പ് ശശി സംവിധാനം ചെയ്യാനിരുന്ന ഒരു സിനിമക്ക് വേണ്ടി ശ്യാം സൃഷ്ടിച്ചതാണ് ''ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍'' എന്ന ഗാനത്തിന്റെ ഈണം. എന്തോ കാരണത്താല്‍ ആ പ്രൊജക്റ്റ് വൈകിയപ്പോള്‍ ശ്യാം അത് സംവിധായകന്‍ എം മണിയുടെ എങ്ങനെ നീ മറക്കും എന്ന പടത്തില്‍ ഉപയോഗിക്കുകയായിരുന്നു. ശശിക്ക് നിരാശയായി. അത്രയും ഇഷ്ടപ്പെട്ട ഈണം എങ്ങനെ കൈവിട്ടു കളയും?. ''കാണാമറയത്ത് എന്ന പടത്തിലെ ഒരു കഥാ സന്ദര്‍ഭത്തില്‍ എനിക്ക് വേണ്ടിയിരുന്നത് ദേവദാരു പൂത്തു എന്ന പാട്ടായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? ആ ട്യൂണ്‍ അന്യാധീനപ്പെട്ടു പോയില്ലേ? പക്ഷെ ശ്യാം എന്നെ ആശ്വസിപ്പിച്ചു: അതുപോലെ മറ്റൊരു പാട്ട് ഉണ്ടാക്കിത്തന്നാല്‍ പോരേ? അങ്ങനെ ഉണ്ടായതാണ് കസ്തൂരിമാന്‍ കുരുന്നേ.'' 

തൃഷ്ണയിലാണ് ബിച്ചു ശ്യാം ടീമിന്റെ ഏറ്റവും മികച്ച ചില ഗാനങ്ങള്‍ പിറന്നതെന്നു വിശ്വസിക്കുന്നു ശശി. യഥാര്‍ത്ഥത്തില്‍ ആ പടത്തിലെ പാട്ടുകള്‍ ഓ എന്‍  വി കുറുപ്പ് എഴുതണം എന്നായിരുന്നു തിരക്കഥാകൃത്തായ എം ടി വാസുദേവന്‍ നായരുടെ ആഗ്രഹം. എങ്കിലും യുവതലമുറയിലെ ശ്രദ്ധേയനായ  ബിച്ചുവിന് ഒരു അവസരം കൊടുത്തുനോക്കാം എന്ന് ഞാന്‍ നിര്‍ദേശിച്ചപ്പോള്‍ എം ടി  മറുത്തൊന്നും പറഞ്ഞില്ല. ആദ്യം കമ്പോസ് ചെയ്തു അദ്ദേഹത്തെ കേള്‍പ്പിച്ചത് മൈനാകം എന്ന പാട്ടാണ്. ആ പാട്ടിന്റെ ഈണം എം ടിക്ക് ഇഷ്ടപ്പെടും എന്ന് എനിക്കുറപ്പായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. മൂന്നു വര്‍ഷം കൂടിയേ കാത്തിരിക്കേണ്ടി വന്നുള്ളൂ  ഓ എന്‍ വിയുമായി ഒരുമിക്കാന്‍. ചിത്രം അക്ഷരങ്ങള്‍; സംഗീതം ശ്യാം തന്നെ. എഴുതി ട്യൂണ്‍ ചെയ്തവയായിരുന്നു ആ ചിത്രത്തിലെ പാട്ടുകള്‍. തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു (ഉണ്ണിമേനോന്‍), കറുത്ത തോണിക്കാരാ (ജയചന്ദ്രന്‍, ജാനകി) എന്നീ പാട്ടുകള്‍ മറക്കാനാവുമോ? 
 
''സിനിമയായിരുന്നു എന്നും എന്റെ പാഠശാല. ജീവിതത്തെ കുറിച്ചുള്ള വിലപ്പെട്ട അറിവുകള്‍ പലതും  പകര്‍ന്നു നല്‍കിയത് സിനിമയാണ്.'' ശശി പറയും. നൂറിലേറെ ചിത്രങ്ങള്‍; വൈവിധ്യമാര്‍ന്ന പ്രമേയങ്ങള്‍; എണ്ണമറ്റ അഭിനേതാക്കള്‍. ആള്‍ക്കൂട്ടങ്ങളെ വെച്ചുകൊണ്ട് സിനിമയെ  ഇത്രയേറെ  ആഘോഷിച്ച  മറ്റൊരു സംവിധായകനുണ്ടാവില്ല ഇന്ത്യന്‍ സിനിമയില്‍. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിനിമാ ശാലകളില്‍ ശശിച്ചിത്രങ്ങള്‍ മാത്രം തകര്‍ത്തോടിയ കാലമുണ്ടായിരുന്നു. സംവിധാനം ഐ വി ശശി എന്ന് സ്‌ക്രീനില്‍ തെളിയുമ്പോള്‍ തിയറ്ററുകള്‍ ഇളകി, മറിഞ്ഞിരുന്ന കാലം. പിന്നീടെപ്പോഴോ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ശശി അകന്നു. ഇഷ്ടപ്പെട്ട പുസ്തകങ്ങളിലും സിനിമകളിലും കുടുംബജീവിതത്തിലും പൂര്‍ണമായി മുഴുകിക്കൊണ്ട് ഷൂട്ടിംഗ് ലൊക്കെഷനുകളിലെ തിരക്കിലും ബഹളത്തിലും തനിക്കു നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമം. സ്വയം തിരഞ്ഞെടുത്ത ഈ അജ്ഞാതവാസത്തിനിടയിലും സിനിമയിലെ പുതിയ തലമുറയുടെ പരീക്ഷണങ്ങള്‍ കാണാതെ പോയില്ല അദ്ദേഹം. ''എന്തുവന്നാലും ഞാന്‍ തിരിച്ചു വരേണ്ടത് ഇങ്ങോട്ടു തന്നെയാണല്ലോ.'' ആത്മഗതം പോലെ ശശിയുടെ വാക്കുകള്‍. വന്‍ വിജയങ്ങളും ചെറു വിജയങ്ങളും പരാജയങ്ങളും കച്ചവടവും കലയും വിവാദങ്ങളുമെല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്ന സ്വന്തം സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാറില്ല ശശി. നിഴലും വെളിച്ചവും ഇടകലര്‍ന്ന ആ ഓര്‍മച്ചിത്രങ്ങള്‍ പലതും ആഹ്ലാദത്തെക്കാള്‍ നൊമ്പരമാണ് നല്‍കുക; സിനിമയുടെ വെള്ളിവെളിച്ചം എത്ര ക്ഷണികമാണെന്ന തിരിച്ചറിവും.

രാഗിണിയുടെ മുഖം ഓര്‍മ വരുന്നു ശശിക്ക്. തിരുവിതാംകൂര്‍ സഹോദരിമാരില്‍ ഒരാളായി പതിറ്റാണ്ടുകളോളം തെന്നിന്ത്യന്‍ സിനിമയില്‍ ജ്വലിച്ചു നിന്ന താരം. അവസാനകാലത്ത് രാഗിണി അഭിനയിച്ച ചിത്രങ്ങളില്‍ ഒന്ന് ശശിയുടെ ''ആലിംഗനം'' ആയിരുന്നു.  അര്‍ബുദ രോഗത്തിന്റെ പിടിയിലാണ് അന്ന് രാഗിണി. പക്ഷെ ക്യാമറക്ക് മുന്നിലെത്തിയാല്‍ രാഗിണി മറ്റൊരാളായി മാറും. എല്ലാ തളര്‍ച്ചയും മറന്നുകൊണ്ടുള്ള വിസ്മയകരമായ ഒരു പകര്‍ന്നാട്ടം.  ''തളരാത്ത മനസ്സോടെ പുഞ്ചിരിയുമായി സെറ്റില്‍ ഓടിനടക്കുന്ന രാഗിണി എല്ലാവര്‍ക്കും ഒരത്ഭുതമായിരുന്നു. ദിവസവും പുലര്‍ച്ചെ ആവി പറക്കുന്ന ചായയുമായി ഞങ്ങളെ വിളിച്ചുണര്‍ത്തുക അവരാണ്. പക്ഷെ അണയും മുന്‍പുള്ള ആളിക്കത്തലാണതെന്ന്  ആരറിഞ്ഞു? പടത്തിന്റെ ഡബ്ബിംഗ്  ഘട്ടമെത്തിയപ്പൊഴേക്കും രാഗിണി പൂര്‍ണമായും കിടപ്പിലായി. പദ്മിനിയാണ് പിന്നീട് സഹോദരിക്ക് വേണ്ടി  ഡബ് ചെയ്തത്.''
 
സിനിമയുടെ ലോകത്തേക്ക്  പിന്നെ തിരിച്ചുചെന്നതേയില്ല രാഗിണി; ജീവിതത്തിലേക്കും. 1976 ഡിസംബറിലായിരുന്നു അവരുടെ മരണം.  സ്വന്തം ചിത്രമായ ''ആലിംഗന''ത്തിലെ തുഷാരബിന്ദുക്കളേ എന്ന വിരഹഗാനത്തിന്റെ വരികള്‍ ഓര്‍മയില്‍ നിന്ന് മൂളുന്നു ശശി: ''ഇതുവഴി വന്നവര്‍ പോയവര്‍ പലരും അഴകേ നിന്‍ കഥയെഴുതീ, ഇനിയും വനിയില്‍ പൂവുകള്‍ പലതും വിരിയും കൊഴിയും പൂങ്കാറ്റില്‍....''

(''അനന്തരം സംഗീതമുണ്ടായി'' എന്ന പുസ്തകത്തില്‍ നിന്ന്)