മ്മൂട്ടി, മോഹന്‍ലാല്‍, സോമന്‍, ജയന്‍, രതീഷ് തുടങ്ങിയവരെല്ലാം നായകത്വത്തിലേയ്ക്കും താരപരിവേഷത്തിലേയ്ക്കും ചുവടുവെച്ചതും പ്രതിഷ്ഠിക്കപ്പെട്ടതും ഐ വി ശശിയുടെ സിനിമകളിലൂടെയാണ്. ബൃഹത്തായ കഥയും കഥാപശ്ചാത്തലവുമുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളും ആഴവുമുള്ള പ്രമേയങ്ങളുടെ കലാമൂല്യമുള്ള ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നവയായിരുന്നു അവ.

മൂന്നര പതിറ്റാണ്ടിനുള്ളില്‍ പത്മരാജന്‍, ടി. ദാമോദരന്‍, ലോഹിതദാസ്, ജോണ്‍പോള്‍, ആലപ്പി ഷെരീഫ്, രഞ്ജിത്ത് തുടങ്ങി മലയാളത്തിലെ ഏറ്റവും സര്‍ഗധനരായ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം പൂര്‍ത്തിയാക്കിയത് 150ഓളം സിനിമകളാണ്. അതില്‍ അവളുടെ രാവുകള്‍, തൃഷ്ണ, ആരൂഢം, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയവ മലയാള സിനിമയുടെ ചരിത്രത്തിലെ സുപ്രധാന സിനിമകളാണ്.

അവസാന നിമിഷം വരെ മനസ്സുനിറയെ സിനിമ സൂക്ഷിച്ച ഐവി ശശിയിലൂടെ മലയാള സിനിമയുടെ ഒരു കാലഘട്ടമായിരുന്ന ആവിഷ്‌കരിക്കപ്പെട്ടത്. വ്യവസായം എന്ന നിലയിലും കലാരൂപം എന്ന നിലയിലും മലയാള സിനിമയുടെ ചുവടുകള്‍ കരുത്തുറ്റതാക്കുന്നവയായിരുന്നു ഓരോ ചിത്രങ്ങളും. മലയാള സിനിമയുടെ സാങ്കേതിക വളര്‍ച്ചയെ അതിവര്‍ത്തിക്കുന്ന സൃഷ്ടികളായിരുന്നു അദ്ദേഹത്തില്‍നിന്നുണ്ടായത്.

i v sasi mt
ചിത്രം: മാതൃഭൂമി ആര്‍ക്കൈവ്സ്

കോഴിക്കോട്ടെ ഇരുപ്പം വീടിനു പിന്നിലെ ടൂറിങ് ടാക്കീസില്‍നിന്നാണ് സിനിമയുമായുള്ള ബന്ധം തുടങ്ങുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന കാലത്ത് കോഴിക്കോടുനിന്ന് മദിരാശിലേയ്ക്ക് വണ്ടികയറി. കലാസംവിധായകനായി സിനിമയില്‍ അരങ്ങേറി. 

വിജയനിര്‍മല സംവിധാനം ചെയ്ത കവിത, കാറ്റുവിതച്ചവന്‍ എന്നീ ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഐവി ശശിയായിരുന്നെങ്കിലും ഉത്സവം ആണ് അദ്ദേഹത്തിന്റെ പേരില്‍ പുറത്തുവന്ന ആദ്യ ചിത്രം. അന്ന് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിരുന്ന ഉമ്മര്‍ ആയിരുന്നു ഇതിലെ നായകന്‍. പിന്നീടങ്ങോട്ട് അനുഭവം, ആലിംഗനം, അയല്‍ക്കാരി, അഭിനന്ദനം തുടങ്ങി സിനിമകളുടെ ഒരു ഒഴുക്കാണുണ്ടായത്. 

 എംടി തിരക്കഥയില്‍ ഒരുങ്ങിയ 'തൃഷ്ണ'യായിരുന്നു മമ്മൂട്ടിയെ നായക പദിവിയിലേയ്ക്കുയര്‍ത്തിയത്. മറ്റൊരു നടനെ വെച്ച് ഷൂട്ടിങ് ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അയാളെ മാറ്റേണ്ടിവന്നു. ആരെ കിട്ടുമെന്ന് അന്വേഷിക്കുന്നതിനിടയിലാണ് അന്ന് നായക പദവിയിലേയ്ക്ക് ഉയര്‍ന്നിട്ടില്ലാത്ത മമ്മൂട്ടിയുടെ പേര് നടന്‍ രതീഷ് നിര്‍ദ്ദേശിക്കുന്നത്. 

iv sasi
ചിത്രം: മാതൃഭൂമി ആര്‍ക്കൈവ്സ്

 

ഐവി ശശിയുടെ  വിളി കേട്ടപാടേ പടയോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന മമ്മൂട്ടി കാറെടുത്ത് അന്നു രാത്രിയില്‍ തന്നെ തൃഷ്ണയുടെ സെറ്റിലെത്തി, ഷൂട്ടിങ് തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ പടയോട്ടത്തിന്റെ നിര്‍മാതാവ് നവോദയ അപ്പച്ചന്‍ മമ്മൂട്ടിയെ തേടി തൃഷ്ണയുടെ സെറ്റിലെത്തി. അപ്പച്ചനെ ഒരുവിധത്തില്‍ സമാധാനിപ്പിച്ചു വിട്ടതിനു ശേഷം നാലു ദിവസം കൂടിയെടുത്ത് ഷൂട്ടിങ് പൂര്‍ത്തിയാക്കുകയായിരുന്നു. പിന്നീട്‌ എംടി-ഐവി ശശി-മമ്മൂട്ടി കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ യഥാര്‍ഥ റേഞ്ച് പ്രകടിപ്പിക്കുന്ന 'ഉയരങ്ങളില്‍' എന്ന ചിത്രവും എംടി-ഐവി ശശി കൂട്ടുകെട്ടിന്റെതായിരുന്നു. വില്ലനായ നായകനുള്ള ഒരു ത്രില്ലര്‍ ആയിരുന്നു എംടിയുടെ മനസ്സില്‍. അന്ന് അതൊരു പുതുമായായിരുന്നു. അന്ന് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഈ വേഷം മോഹന്‍ലാലിന് ചേരുമെന്ന് ഇരുവര്‍ക്കും തോന്നി. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ നായകനാകുന്നത്. അതിനു മുന്‍പും നായക വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ നായകസ്ഥാനത്ത് ഉറപ്പിച്ചത് ഉയരങ്ങളില്‍ ആയിരുന്നു.

മലയാള സിനിമയിലെ അത്ഭുതങ്ങളെന്നു വിളിക്കാവുന്ന നിരവധി കൂട്ടുകെട്ടുകള്‍ ഐവി ശശി എന്ന സംവിധായകന്റെ സിനിമാ ചരിത്രത്തിലുണ്ടായി. എംടി വാസുദേവന്‍ നായരുടെ മാത്രം 11 തിരക്കഥകളാണ് അദ്ദേഹം തിരശ്ശീലയില്‍ യാഥാര്‍ഥ്യമാക്കിയത്. ഐവി ശശി ഷെരീഫ് കൂട്ടുകെട്ടുകളില്‍ പിറന്നത് 24 പടങ്ങള്‍. ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ 20-24 ദിവസങ്ങള്‍ മതിയായിരുന്നു അദ്ദേഹത്തിന്. 1977 എന്ന ഒറ്റ വര്‍ഷം മാത്രം പുറത്തിറങ്ങിയത് അദ്ദഹത്തിന്റെ 12 ചിത്രങ്ങളായിരുന്നു, ഇതില്‍ എട്ടെണ്ണവും ഹിറ്റുകള്‍!