ന്റെ വീട്ടില്‍ ആദ്യമായി വാങ്ങിയ സിഡി പ്ലെയറില്‍ ആദ്യം കേട്ടത് ഹരിഹരന്റെ ഗാനമാണെന്ന് സംഗീതസംവിധായകന്‍ ബിജിബാല്‍. ജൂലൈ 20ന് ഹരിഹരന്‍ കൊച്ചിയില്‍ മാതൃഭൂമി.കോം ഹരിഹരന്‍ ഷോ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ പ്രിയ ഗായകനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. 

ആദ്യമാസത്തെ ശമ്പളം കിട്ടിയപ്പോള്‍ അനിയനാണ് വീട്ടില്‍ സിഡി പ്ലെയര്‍ വാങ്ങിയത്. അതില്‍ ആദ്യമായി കേട്ടത് ഹരിഹരന്റെ 'ഹാസിര്‍' എന്ന ആല്‍ബമാണ്. ലൈറ്റൊക്കെ കെടുത്തി സിഡി പ്ലെയറിന്റെ മാത്രം വെളിച്ചത്തില്‍ അതിലെ പാട്ടുകേട്ട ആ രാത്രി എനിക്കിന്നും മറക്കാനായിട്ടില്ല. അന്ന കേട്ട ഒരുതരി കരടുപോലുമില്ലാത്ത ആ സില്‍ക്കി വോയ്സ് ഒരത്ഭുതമായിരുന്നു. ഒരുപക്ഷേ ദാസ് സാറിന്റെ (യേശുദാസ്) പാട്ടുകള്‍ കേട്ടപ്പോഴുള്ള ഒരു സ്വഗീയാനുഭവം പിന്നീട് ലഭിക്കുന്നത് ഹരിജിയില്‍ നിന്നാണ് -ബിജിബാല്‍ പറഞ്ഞു.

ഹരിജിയെ കൊണ്ട് രണ്ടു ചിത്രങ്ങളില്‍ പാടിക്കാനുള്ള ഭാഗ്യവും പിന്നീട് എനിക്ക് ലഭിച്ചു. ഡാഡി കൂള്‍ എന്ന ചിത്രത്തിലും പത്തേമാരി എന്ന ചിത്രത്തിലും. ട്യൂണ്‍ പഠിക്കുക എന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. ഒന്നോ രണ്ടോ തവണ പാട്ട് കേട്ടാല്‍ ട്യൂണ്‍ പഠിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ഭാഷ പഠിക്കാനാണ് അദ്ദേഹം കൂടുതല്‍ സമയമെടുത്തത്. നന്നായി പാടുമ്പോള്‍ നമ്മള്‍ ഓക്കെ പറഞ്ഞാലും ഭാഷ കൂടുതല്‍ നന്നാവട്ടെ എന്നു പറഞ്ഞ വീണ്ടും റിഹേഴ്സല്‍ ചെയ്യുന്നയാളാണ് അദ്ദേഹം.

മലയാളി ഒറിജിനാണെങ്കിലും മുംബൈയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ഹരിഹരന് മലയാള ഭാഷ അത്ര വശമില്ല. അതുകൊണ്ടുതന്നെ പാട്ടുപാടിയെങ്കിലും മലയാളത്തോടുള്ള അപരിചിതത്വം മാറട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. സംഗീതം സംബന്ധിച്ച് നമുക്ക് ഒന്നും പറയാനില്ല. വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം ഇംപ്രവൈസ് ചെയ്യുമ്പോള്‍ ഇതെല്ലാം ഉപയോഗിക്കാനാവില്ലല്ലോ എന്ന സങ്കടമാണ് തോന്നുക. 

പത്തേമാരിയിലെ പടിയിറങ്ങുന്നു എന്ന ഗാനത്തിലാണ് അദ്ദേഹത്തിന്റെ ഇംപ്രവൈസേഷന്‍ കൂടുതല്‍ അനുഭവവേദ്യമായത്. അതില്‍ 'കടല്‍ താണ്ടുന്നു' എന്നൊരു ഭാഗമുണ്ട്. കടല്‍ താണ്ടുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ, കടല്‍ താണ്ടുന്നതിന്റെ സഞ്ചാരവും ദൂരവും അദ്ദേഹം ഒരു ഇംപ്രവൈസേഷനിലൂടെ കൊണ്ടുവന്നെന്നും ബിജിബാല്‍ പറഞ്ഞു.

മലയാളത്തില്‍ നിരവധി ഗാനങ്ങളുണ്ടെങ്കിലും ഹരിഹരന്റെ ഗസലുകളുടെ ആരാധകനാണ് ബിജി. തമിഴിലെ ഉദയാ ഉദയാ, ഉയിരേ എന്നിവയും ഇഷ്ടഗാനങ്ങളാണ്. 'ബഹുത് പ്യാരീ ഹെ മന്‍സില്‍' എന്ന ഗാനം തന്റെ പേഴ്സണല്‍ ഫേവറിറ്റുകളില്‍ ഒന്നാണെന്നും ബിജിബാല്‍ പറയുന്നു.