കൊച്ചി: ഗസല്‍ ചക്രവര്‍ത്തി ഹരിഹരന്റെ ലൈവ് ഇന്‍ കണ്‍സേര്‍ട്ട് വ്യാഴാഴ്ച കൊച്ചിയില്‍. ഹരിഹരനൊടൊപ്പം, 'ദൈവം തൊട്ട വിരലുകള്‍' എന്ന് എ.ആര് റഹ്മാന് വിശേഷിപ്പിച്ച സ്റ്റീഫന്‍ ദേവസ്സിയും ചേര്‍ന്നൊരുക്കുന്ന സംഗീതവിരുന്നിന് വേദിയാകുന്നത് ലെ മെറിഡിയനാണ്. മുന്നൂറിലധികം വേദികളില്‍ ഒരുമിച്ച് സംഗീതപരിപാടികള്‍ ചെയ്തിട്ടുള്ള ഹരിഹരനെയും സ്റ്റീഫന്‍ ദേവസ്സിയെയും കേരളത്തില്‍ എത്തിക്കുന്നത് 'മാതൃഭൂമി ഡോട്ട് കോം' ആണ്.
വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഹരിഹരന് പിന്നണി ഗായകന് മാത്രമല്ല, ശ്രദ്ധേയനായ ഗസല്‍ ഗായകനുമാണ്. ഇന്ത്യയിലെ സംഗീതപ്രിയര്‍ക്ക് ഫ്യൂഷന്‍ സംഗീതത്തിന്റെ വശ്യഭംഗികള്‍ ആദ്യമായി പരിചയപ്പെടുത്തിയതും ഹരിഹരന് തന്നെ. സംഗീതത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2004-ല്‍ ഹരിഹരനെ 'പത്മശ്രീ' നല്കി ആദരിച്ചു. രണ്ടു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.
കേള്‍ക്കുമ്പോള്‍ അതിലളിതമെന്നു തോന്നുമെങ്കിലും അതിസങ്കീര്‍ണമാണ് അദ്ദേഹത്തിന്റെ ശൈലി. ആര്‍ദ്രമായ ശബ്ദവും വ്യത്യസ്തമായ ആലാപനവും ചേരുമ്പോള്‍ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് അദ്ദേഹത്തിന്റെ സംഗീതം കേള്‍വിക്കാരെ കൊണ്ടുപോകുന്നു.
ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് 'സോളോ പിയാനോ'യില്‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോഡ് (92.2 %) സ്വന്തമാക്കിയാണ് സ്റ്റീഫന്‍ ദേവസ്സി പഠനം പൂര്‍ത്തിയാക്കിയത്. മൂന്ന് വര്‍ഷം കൊണ്ട് കോഴ്സ് പൂര്‍ത്തിയാക്കി എന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. മ്യൂസിക് ഷോകളില്‍ പിന്നണിയിലായിരുന്ന കീബോര്‍ഡിനെ മുന്‍നിരയിലേക്കു കൊണ്ടുവന്നതില്‍ സ്റ്റീഫന്റെ മാന്ത്രികവിരലുകളുടെ പങ്ക് വലുതാണ്.
എ.ആര്. റഹ്മാനും ഹരിഹരനും മാത്രമല്ല, തബലയിലെ അതുല്യ പ്രതിഭയായ സക്കീര്‍ ഹുസൈനും സ്റ്റീഫന്റെ സംഗീതത്തെ പ്രശംസിച്ചിട്ടുണ്ട്. പ്രശസ്ത വയലിനിസ്റ്റ് എല്‍. സുബ്രഹ്മണ്യത്തോടൊപ്പവും കീബോര്‍ഡ് വായിച്ചിട്ടുണ്ട്.
ഇരുപതില്‍ അധികം രാജ്യങ്ങളില്‍ ഹരിഹരനും സ്റ്റീഫന്‍ ദേവസ്സിയും ഒരുമിച്ച് സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. ഹരിഹരനോടൊപ്പം 20 വര്‍ഷമായി സ്റ്റീഫന്‍ ദേവസ്സിയും അദ്ദേഹത്തിന്റെ സോളിഡ് ബാന്‍ഡും ഷോ ചെയ്യുന്നുണ്ട്. സ്റ്റീഫന്‍ ദേവസ്സിയുടെ 16-ാം വയസ്സിലാണ് ഇവര്‍ ആദ്യമായി കാണുന്നത്.
യൂറോപ്പില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍, ഒരു സുഹൃത്ത് വഴിയാണ് സ്റ്റീഫന്‍ കീബോര്‍ഡ് വായിക്കാന്‍ പോയത്. പരിശീലനത്തിന്റെ ഇടവേളയില്‍ സ്റ്റീഫന്‍ ഹരിഹരനെ, മുംബൈയിലെ 'ഉയിരേ...' എന്ന ഗാനം വായിച്ചു കേള്‍പ്പിച്ചു. ആ വായന കേട്ട് ഇഷ്ടപ്പെട്ട ഹരിഹരന്, അപ്പോള്‍ത്തന്നെ കൂടെ ചേരാന്‍ സ്റ്റീഫനെ ക്ഷണിക്കുകയായിരുന്നു. ആ സംഗീതയാത്ര മുന്നൂറില്‍ അധികം വേദികള്‍ പിന്നിട്ട് വ്യാഴാഴ്ച കൊച്ചിയിലും എത്തുന്നു.
ആസ്വാദകരെ ഏറ്റവുമധികം രസിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന സംഗീത പരിപാടിയായിരിക്കും കൊച്ചിയിലേതെന്ന് സ്റ്റീഫന്‍ ദേവസ്സി ഉറപ്പു നല്കുന്നു. ''പ്രേക്ഷകരെ മാക്സിമം എന്റര്ടെയ്ന് ചെയ്യിക്കുക... അതാണ് ഞങ്ങളുടെ ലക്ഷ്യം'' -അദ്ദേഹം പറയുന്നു. ഈ ലൈവ് ഇന്‍ കണ്സേര്ട്ടില് ഫ്യൂഷന്‍ മ്യൂസിക്കും സിംഫണിയും ആസ്വാദകരുടെ കണ്ണിനും കാതിനും സംഗീതമഴയൊരുക്കും.
ഹരിഹരന്റെ പ്രശസ്തമായ 'കൃഷ്ണ നീ ബേഗേന...' വ്യത്യസ്തമായൊരു ശൈലിയില്‍ അവതരിപ്പിക്കും. ഹരിഹരന്റെ തമിഴിലെയും ഹിന്ദിയിലെയും മലയാളത്തിലെയും ഹിറ്റ് ഗാനങ്ങളും ഗസലുകളും ഇവിടെ പാടും. തന്ത്രിവാദ്യങ്ങള്‍ കൊണ്ടുള്ള സിംഫണിയും അക്കോസ്റ്റിക് പിയാനോ അടക്കമുള്ള വാദ്യോപകരണങ്ങള്‍ ഉതിര്‍ക്കുന്ന ഈണങ്ങളും താളങ്ങളും ലൈവ് ഇന്‍ കണ്‍സേര്‍ട്ടിന്റെ സവിശേഷതകളാണ്.
സ്റ്റീഫന്‍ ദേവസ്സിയുടെ സോളിഡ് ബാന്‍ഡില്‍, വിവിധ വാദ്യോപകരണങ്ങളില്‍ വൈദഗ്ദ്ധ്യം തെളിയിച്ച മ്യുസീഷ്യന്മാരും ഗായകരുമാണുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമാണ് ലൈവ് ഇന്‍ കണ്സേര്ട്ടില് പ്രവേശനം ലഭിക്കുക.
മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്ന ലൈവ് ഇന്‍ കണ്‍സേര്‍ട്ടിന്റെ ടൈറ്റില്‍ സ്പോണ്സര് ഫെഡറല്‍ ബാങ്കാണ്. ഈ പരിപാടി പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുന്നത് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലാണ്.
ലക്ഷ്വറി പാര്‍ട്ണര്‍ ബി.എം.ഡബ്ല്യു. പ്ലാറ്റിനോ ക്ലാസിക് ആണ്. ജോയ് ആലുക്കാസ്, ബ്രാഹ്മിന്‍സ് ഫുഡ് പ്രോഡക്ട്സ്, ഫോണ്‍ 4 എന്നിവര്‍ അസോസിയേറ്റ് പാര്‍ട്ണര്‍മാരാണ്. ഫോര്‍ച്യൂണ്‍ ടൂര്‍സ് ആണ് ട്രാവല്‍ പാര്‍ട്ണര്‍. എം.പി.എസ്. ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സും ഇന്‍ഹൗസ് പ്രോജക്ട്സും സപ്പോര്‍ട്ടിങ് പാര്‍ട്ണര്‍മാരാണ്.