കൊച്ചി: പട്ടുപോലൊരു ശബ്ദവുമായി ഹരിഹരന്‍.... ദൈവം തൊട്ട മാന്ത്രികവിരലുകളുമായി സ്റ്റീഫന്‍ ദേവസി.... മഴ ചാറിനിന്ന ആ രാവില്‍ ഇവര്‍ തീര്‍ത്ത സംഗീതം ഒരു പെരുമഴയായപ്പോള്‍, 'മാതൃഭൂമി ഡോട്ട് കോം' അവതരിപ്പിച്ച സംഗീതനിശ കൊച്ചിയില്‍ ആവേശത്തിന്റെ വന്‍കടലായി. ഗസല്‍ ചക്രവര്‍ത്തി ഹരിഹരന്റെ 'ലൈവ് ഇന്‍ കണ്‍സേര്‍ട്ട്' വ്യാഴാഴ്ച കൊച്ചിയില്‍ അരങ്ങേറിയപ്പോള്‍ സംഗീതാനുഭവത്തിന്റെ പുതിയ തലങ്ങളാണ് ആസ്വാദകര്‍ക്ക് സ്വന്തമായത്.

സ്റ്റീഫന്‍ ദേവസിയുടെ 'സോളിഡ് ബാന്‍ഡ്' ആണ് കൊച്ചിയെ ത്രസിപ്പിച്ച സംഗീതനിശ അവതരിപ്പിച്ചത്. കൊച്ചി ലെ മെറിഡിയനില്‍ നടന്ന പരിപാടി, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിലാണ് 'മാതൃഭൂമി ഡോട്ട് കോം' ഒരുക്കിയത്.

ഹരിഹരന്‍ പാടിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ മഴയായിരുന്നു സംഗീതനിശയെ കാണികള്‍ക്ക് മുന്നില്‍ മനോഹരമായൊരു അനുഭവമാക്കിയത്. 'നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ...' എന്ന ഗാനത്തോടെ തുടങ്ങിയ സംഗീതനിശയില്‍ 'മഞ്ചല്‍വെയില്‍...', 'മലര്‍കളേ...', 'ബാഹോം കി ധര്‍മിയ...', 'സുട്ടും വിഴി...', 'വാക്കിങ് ഇന്‍ ദ മൂണ്‍ലൈറ്റ്...', 'പൊയ് സൊല്ലകൂടാത്...', 'ഹായ് രാമ...', 'കൃഷ്ണ നീ ബേഗേന...', 'ഉയിരേ ഉയിരേ...', 'ഓ ദില്‍റുബ...', 'അമൃതമായി അഭയമായി...', 'ചപ്പാ ചപ്പാ...' തുടങ്ങിയ ഗാനങ്ങളും ഒഴുകിയെത്തിയതോടെ കാണികള്‍ നിറഞ്ഞ ആവേശത്തിലായി.

'ഓ ദില്‍റുബ...' എന്ന ഗാനം പാടാന്‍ ഹരിഹരനൊപ്പം ഗായിക വൈക്കം വിജയലക്ഷ്മി എത്തിയതും നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. റീവ റാത്തോഡ്, ലക്ഷ്മി, ആലാപ് രാജു എന്നീ ഗായകരും സംഗീതനിശയില്‍ ഹരിഹരനൊപ്പം പാടി.

ചടങ്ങില്‍ ഹരിഹരനെയും സ്റ്റീഫന്‍ ദേവസിയെയും ആദരിച്ചു. ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസ് വി. ജോസഫ്, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്?പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ സി.എം.ഒ. ഡോ. ജിജു ജോസഫ്, മാതൃഭൂമി മീഡിയ സൊലൂഷന്‍സ് ഹെഡ് ഫിലിപ്പ് ജോസ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

സംഗീതരംഗത്ത് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷമായി ഹരിഹരന്‍ 'മാതൃഭൂമി' ജോ. മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറിനൊപ്പം കേക്ക് മുറിച്ചു. കലയെ സ്നേഹിക്കുന്ന കാണികള്‍ക്ക് മുന്നില്‍ 'മാതൃഭൂമി'യുടെ ബാനറില്‍ ഇങ്ങനെയൊരു സംഗീതനിശ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഹരിഹരന്‍ പറഞ്ഞു. പാടാന്‍ കഴിയുന്നിടത്തോളം പാടാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

'ചേതന'യില്‍ പഠിക്കുമ്പോഴാണ് ഹരിഹരനൊപ്പം ആദ്യമായി സംഗീതപരിപാടി അവതരിപ്പിക്കാന്‍ അവസരം കിട്ടിയതെന്ന കാര്യം ഓര്‍മിച്ചായിരുന്നു സ്റ്റീഫന്‍ ദേവസിയുടെ സംസാരം. 'ഹരിഹരന്റെ പ്രിയപ്പെട്ട സ്റ്റീഫന്‍' എന്ന പേരില്‍ 'മാതൃഭൂമി'യിലാണ് തന്നെക്കുറിച്ചുള്ള ആദ്യത്തെ ലേഖനം വന്നതെന്ന കാര്യവും സ്റ്റീഫന്‍ അനുസ്മരിച്ചു.

'മാതൃഭൂമി ഡോട്ട് കോം' ഒരുക്കിയ ലൈവ് ഇന്‍ കണ്‍സേര്‍ട്ടിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ ഫെഡറല്‍ ബാങ്കായിരുന്നു. പരിപാടി പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ചത് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്?പിറ്റലായിരുന്നു. ലക്ഷ്വറി പാര്‍ട്ണറായി ബി.എം.ഡബ്ല്യു. പ്ലാറ്റിനോ ക്ലാസിക് എത്തിയപ്പോള്‍ ജോയ് ആലുക്കാസ്, ബ്രാഹ്മിന്‍സ് ഫുഡ് പ്രോഡക്ട്സ്, ഫോണ്‍ 4 എന്നിവരായിരുന്നു അസോസിയേറ്റ് പാര്‍ട്ണര്‍മാര്‍. ഫോര്‍ച്യൂണ്‍ ടൂര്‍സ് ട്രാവല്‍ പാര്‍ട്ണറായപ്പോള്‍ എം.പി.എസ്. ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സും ഇന്‍ഹൗസ് പ്രോജക്ട്സും സപ്പോര്‍ട്ടിങ് പാര്‍ട്ണര്‍മാരായിരുന്നു.