'ഉയിരേ... ഉയിരേ...
വന്ത് എന്നോട് കലന്തി വിട്...
നിനവേ... നിനവേ...
എന്തെന്‍ നെഞ്ചോട് കലന്തി വിട്'
'നിലവേ... നിലവേ...
ഇന്ത വിണ്ണോടു കലന്തിവിട്...'

കേട്ടവര്‍ കേട്ടവര്‍ ഹൃദയത്തോടു ചേര്‍ത്ത ശബ്ദമാന്ത്രികന്‍ ഹരിഹരന്റെ ഗാനം... പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്ലാതെ പ്രണയവും വിരഹവും ഇടകലര്‍ന്ന ആ മാന്ത്രികസ്വരത്തില്‍ അദ്ദേഹം പാടി...  മനോഹരമായ തണുത്ത കാറ്റുപോലെ അദ്ദേഹത്തില്‍ നിന്നൊഴുകിയെത്തിയ ഗാനം അദ്ദേഹത്തിന്റെ സംഗീതപ്രതിഭ വിളിച്ചുപറയുകയായിരുന്നു. അപ്പോഴും സംഗീത ലോകം ആരാധനയോടെ ഹൃദയത്തിലേറ്റിയ ഹരിഹരന്റെ വാക്കുകളിലും ശാരീരിക ഭാഷയിലും വിനയം തുളുമ്പിനിന്നു.

സംഗീതത്തിലേക്ക്... 

സംഗീതകുടുംബത്തില്‍ ജനിച്ച എനിക്ക് സംഗീതം ദിനചര്യയായിരുന്നു. പഠിക്കണം... കളിക്കണം... പാടണം... ചെറുപ്പം മുതലേ അതങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. വളരുന്നതിനനുസരിച്ച് സംഗീതത്തിന്റെ ആഴവും പരപ്പും ഞാനറിഞ്ഞു. അറിയുക മാത്രമല്ല, അറിഞ്ഞവ ഹൃദയത്തിലേറ്റി തന്റേതായ ശൈലിയില്‍ പാടി... പാടിക്കൊണ്ടേയിരിക്കുന്നു.

സംഗീതത്തിന് മാറ്റമുണ്ടോ...?

സമൂഹത്തിന്റെ മാറ്റം സംഗീതത്തിലും പ്രതിഫലിക്കും. 40 വര്‍ഷത്തോളം സംഗീതലോകത്ത് ഞാനുണ്ട്. ഓരോ പത്തുവര്‍ഷം കൂടുമ്പോഴും തലമുറയ്ക്ക് മാറ്റം സംഭവിക്കുന്നുണ്ട്. അത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുകയാണ് നല്ലത്. മാറ്റങ്ങളെ ഉള്‍ക്കൊള്ളുംതോറും സംഗീതലോകം കൂടുതല്‍ വിശാലമാവുകയാണ്.''

സംഗീതം

എല്ലാ സംഗീതവും മികച്ചതാണ്. ഒന്നും ഒന്നിനേക്കാള്‍ മികച്ചതല്ല. ബോംബെയിലാണ് ഞാന്‍ വളര്‍ന്നതും പഠിച്ചതും. വിവിധ സംസ്‌കാരങ്ങളുടെ സമന്വയമാണവിടെ, അവിടെ വളര്‍ന്നതാ കൊണ്ടാവാം, വ്യത്യസ്ത സംസ്‌കാരങ്ങളിലെ സംഗീതവും ഭാഷയും എളുപ്പത്തില്‍ എനിക്ക് ഉള്‍ക്കൊള്ളാനും പാടാനും സാധിക്കുന്നു

ശബ്ദമാന്ത്രികതയുടെ രഹസ്യം 

ചെറുപ്പം മുതലേ സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഓരോ പാട്ടും ഉള്‍ക്കൊണ്ടാണ് പാടുന്നത്. അതിനുവേണ്ടി പ്രത്യേകം തയ്യാറെടുപ്പുകളൊന്നും ബോധപൂര്‍വം നടത്താറില്ല. എന്നാല്‍, അബോധ മനസ്സില്‍ അത്തരമൊരു തയ്യാറെടുപ്പ് നടക്കുന്നുണ്ടാവും. അതാണ് ഓരോ ഗാനത്തിനനുസരിച്ച് സ്വരം മാറിമറിയുന്നത്.

ഇഷ്ട മലയാളി ഗായകന്‍ 

യേശുദാസിന്റെ ഗാനങ്ങള്‍ കേള്‍ക്കാനിഷ്ടമാണ്. ആ സ്വരത്തിന്റെ ഗന്ധര്‍വനാദം  ആസ്വദിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

മലയാളി ആരാധകരോട്

എന്നെ ഇത്രയധികം നിങ്ങള്‍ സ്‌നേഹിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. എന്നും നിങ്ങളുടെ പിന്തുണയും സ്‌നേഹവും എനിക്കു വേണം. അതെന്റെ ശക്തിയാണ്.