ജൂലായ് 20ന് ഹരിഹരന്‍ കൊച്ചിയില്‍ പാടുന്നു എന്നു കേട്ടപ്പോള്‍ കൊച്ചുകുട്ടിയുടെ ആഹ്ലാദത്തോടെ വൈക്കം വിജയലക്ഷ്മി ചോദിച്ചു 'എന്റെ പൊന്നേ, ഹരിഹരന്‍ കൊച്ചിയില്‍ പാടാന്‍ വരുന്നുണ്ടോ!'
 
വിജയലക്ഷ്മിയുടെ കാഴ്ചയില്‍ ഹരിഹരന്‍ അപാര ജ്ഞാനസ്ഥനാണ്; സ്വീറ്റ്, കള്‍ച്ചേഡ് വോയ്‌സാണ് അദ്ദേഹത്തിന്റേത്. അങ്ങനെയുള്ള ഹരിഹരന്റെ പാട്ടുകളില്‍ നിന്ന് വിജയലക്ഷ്മിക്ക് ഏറെ ഇഷ്ടപ്പെട്ട അഞ്ച് പാട്ടുകളെക്കുറിച്ച് കേള്‍ക്കാം. 

1. ഓ ദില്‍റുബാ
    'അഴകിയ രാവണന്‍' എന്ന ചിത്രത്തിലെ ഈ പാട്ടിലെ മെലഡി തന്നെയാണ് അതിന്റെ പ്രത്യേകത. കല്യാണവസന്തം രാഗത്തിലുള്ള പാട്ടാണിത്. അത് ഹരിഹരന്‍ പാടിയിരിക്കുന്നത് കേള്‍ക്കാന്‍ എന്തു രസമാണ്.

2. തും ജോ 
    'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലെ ഈ പാട്ടിന്റെ പ്രത്യേകത അതിലെ സംഗതികളാണ്. നമുക്ക് ചിന്തിക്കാന്‍ പറ്റാത്ത വഴികളിലൂടെ പോകുന്ന സംഗതികളാണ്. പല രാഗങ്ങള്‍ സമന്വയിപ്പിച്ചിട്ടുള്ള ഈ പാട്ടില്‍, സ്വരസ്ഥാനങ്ങളില്‍ 12 നോട്ട്‌സും വന്നിട്ടുണ്ട്. സിന്ദുഭൈരവിയുടെ എല്ലാ പ്രയോഗങ്ങളും, ഇതുവരെ കേള്‍ക്കാത്ത പ്രയോഗങ്ങളും ഈ പാട്ടിലുണ്ട്.

3. മഴയേ മഴയേ 
    'ജൂലൈ ആറ്' എന്ന തമിഴ് സിനിമയിലെ ഈ പാട്ട് കേള്‍ക്കുമ്പോള്‍ത്തന്നെ മഴയുടെ ഒരു ഫീലാണ്. കാപ്പിരാഗത്തിലാണ് ഈ പാട്ട്. രണ്ട് നിഷാദവും രണ്ട് ഗാന്ധാരവുമൊക്കെയായി കാപ്പിരാഗത്തിന്റെ അനവദ്യങ്ങളായ പ്രയോഗങ്ങള്‍ ഇതിലുണ്ട്. മഴ പോലെ ഒഴുകിയൊഴുകിപ്പോകുന്ന ഒരു പാട്ടാണിത്. 

4. ആജ് ഭി ഹേ മേരേ 
    ഈ ഹിന്ദി ഗസല്‍ നിറയെ ഭയങ്കര സംഗതികളാണ്. ചക്രവാകം എന്നൊരു രാഗത്തിലാണീ ഗസല്‍. വല്ലാത്ത ശോകം ഫീല്‍ ചെയ്യിക്കുന്ന രാഗമാണിത്. അതിലൊരു അന്യസ്വരപ്രയോഗമുണ്ട്. അതു നല്ല രസമാണ്. അല്ലെങ്കിലും ഗസലിലും സിനിമാപ്പാട്ടിലും അന്യസ്വരങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അതിനൊരു പ്രത്യേക ഭംഗിയുണ്ട്. 

5. ഉയിരേ
    മനോഹരമായ ഒരു പ്രണയഗാനമല്ലേ അത്. 'ബോംബെ'യിലെ മിക്‌സഡ് രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ മെലോഡിയസായ  ഈ പാട്ട് ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കുക?

തമിഴ് ചിത്രമായ 'തെറി'യില്‍ ഹരിഹരനോടൊപ്പം വിജയലക്ഷ്മി പാടിയിട്ടുണ്ട്. 'എന്‍ ജീവന്‍ എന്ന പാട്ടിലെ സംസ്‌കൃത ശ്ലോകമാണ് ഞാന്‍ പാടിയത്. ചെന്നൈയിലായിരുന്നു റെക്കോര്‍ഡിംഗ്. പക്ഷേ എനിക്ക് ഹരിഹരനെ കാണാന്‍ പറ്റിയില്ല. എന്റെ ഭാഗം പാടിക്കഴിഞ്ഞ് ഞാന്‍ തിരികെപ്പോന്നതിനു ശേഷമാണ് അദ്ദേഹം വന്നത്.' 

നേരില്‍ കണ്ടിട്ടില്ലെങ്കിലും ഹരിഹരനോട് ഫോണില്‍ സംസാരിച്ചിട്ടുണ്ട് വിജയലക്ഷ്മി. 'അപ്പോള്‍, എന്റെ പാട്ടുകള്‍ കേട്ടിട്ടുണ്ടെന്നും 'വീര ശിവജി'യിലെ 'സ്വപ്‌നസുന്ദരി' യുട്യൂബില്‍ കണ്ടിട്ടുണ്ടെന്നും പാട്ടുകള്‍ ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞിരുന്നു.' ആ വാക്കുകളെ ആദരപൂര്‍വം ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട് വൈക്കം വിജയലക്ഷ്മി.