'സങ്കീര്‍ത്തനം... നിന്റെ സങ്കീര്‍ത്തനം
ഓരോ ഈണങ്ങളില്‍ പാടുവാന്‍
നീ തീര്‍ത്ത മണ്‍വീണ ഞാന്‍...'

ഒരു പിയോനോയുടെ ഓരത്തിരുന്നുള്ള ധ്യാനമാണ് സംഗീതമെന്ന് പറഞ്ഞവനെയാണ് ആ രാവില്‍ ഓര്‍ത്തുപോയത്. അയാളുടെ മനസ്സില്‍ എന്നും എപ്പോഴും സംഗീതം പോലെ സങ്കീര്‍ത്തനമുണ്ടായിരുന്നു... പുതിയ വാക്കുകള്‍ക്കും ഈണങ്ങള്‍ക്കുമായി അയാള്‍ എന്നും കാത്തിരുന്നു... പ്രാര്‍ത്ഥനയോടെ. ശരീരത്തിന്റെ ചട്ടക്കൂട്ടില്‍ അമര്‍ന്നു നില്‍ക്കാത്ത മനസ്സ് കേള്‍പ്പിക്കുന്ന ശബ്ദങ്ങളും ഗീതങ്ങളും എത്രയോ മനോഹരമാണെന്ന് അയാള്‍ പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു. പട്ടുപോലൊരു അനുഭവമായി അയാളുടെ സ്വരം അവരുടെ കാതോരം ഒഴുകിയെത്തുമ്പോള്‍ മനസ്സുതൊട്ട് അവരെല്ലാം പറഞ്ഞതും ആ വാചകമായിരുന്നിരിക്കണം: 'സില്‍ക്കി വോയ്സ്... പട്ടു പോലൊരു ശബ്ദം... ഇതാ ഈ രാവില്‍...' 

 മഴയുടെ സംഗീതം പെയ്ത പട്ടുപോലൊരു രാവില്‍ ഹരിഹരന്‍ എന്ന സംഗീതപ്രതിഭയുടെ സ്വരം കാതോരം ഒഴുകിയെത്തുന്നു. ഒപ്പം ദൈവം തൊട്ട വിരലുകളുമായി സ്റ്റീഫന്‍ ദേവസ്സി സമ്മാനിച്ച സംഗീതത്തിന്റെ മനോഹരാനുഭവവും. മധുരവും മധുരത്തിനു മേല്‍ മധുരവുമായി, അവര്‍ ഒന്നായി ഒഴുക്കിയ അനുഭവം മനസ്സിനെ സ്പര്‍ശിക്കുമ്പോള്‍ ലെ മെറിഡിയനിലെ ആ സദസ്സ് ഒരേ സ്വരത്തില്‍ പറഞ്ഞുപോയി: 'ദൈവമേ ഈ സംഗീതരാവ് എത്രയോ മനോഹരം... നിലാവുപോല്‍ മധുരമായ ഈ രാവ് അവസാനിക്കാതിരുന്നെങ്കില്‍...'

നിലാവും മുറ്റത്തെ മുല്ലയും

'വാക്കിങ് ഇന്‍ ദ മൂണ്‍ലൈറ്റ് ഐ ആം തിങ്കിങ് ഓഫ് യു... മലയാളം പ്രണയപൂര്‍വം നെഞ്ചേറ്റിയ ആ പാട്ടിന്റെ ഓര്‍മകളില്‍ നിലാവുപോലെ ഹരിഹരന്‍... മലയാളത്തിന് മുറ്റത്തെ മുല്ലയായ വേഗവിരല്‍ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സി...' അവതാരകന്റെ വിശേഷണങ്ങള്‍ കാണികള്‍ തീര്‍ത്ത കൈയടികളുടെ കടലില്‍ അലിഞ്ഞുപോകുമ്പോള്‍, ആ രാവിന് തിരശ്ശീല ഉയര്‍ന്നുകഴിഞ്ഞിരുന്നു. ദീപങ്ങളെല്ലാം അണഞ്ഞ് ഇരുട്ട് മാത്രം പശ്ചാത്തലമായ വേദിയിലേക്ക് അവരെത്തുന്നതും കാത്തിരുന്ന കാണികള്‍ക്കു മുന്നിലേക്ക് നിലാവുപോലെ ഒരു ദീപം മാത്രം തെളിഞ്ഞു... 

കാണികള്‍ക്കിടയിലേക്ക് ആ ദീപം ആരെയോ തേടുന്നതുപോലെ സഞ്ചാരം തുടങ്ങിയപ്പോള്‍ എല്ലാവരും ആകാംക്ഷയിലായി, 'കാണികള്‍ക്കിടയില്‍ നിന്ന് അയാള്‍ വരുന്ന നിമിഷം ഏതായിരിക്കും...?' ഉത്തരമായി അല്‍പ്പനേരത്തിനകം ആ രംഗം തെളിഞ്ഞു... ഹൃദയത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കഴിയാത്തതുപോലെ നെഞ്ചോടുചേര്‍ത്ത ഇലക്ട്രിക് കീ ബോര്‍ഡുമായി സ്റ്റീഫന്‍ ദേവസ്സി കാണികള്‍ക്കിടയില്‍ നിന്ന് അതാ കടന്നുവരുന്നു... കൈയടികളുടെ വലിയ കടല്‍ തീര്‍ത്ത തിരമാലകളില്‍ സ്റ്റീഫന്‍ ദേവസ്സി വേദിയിലേക്ക് കടന്നുവരുമ്പോഴും പുറത്ത് ദൈവം തീര്‍ത്ത സംഗീതം പോലെ മഴ ചാറുന്നുണ്ടായിരുന്നു.

പൈങ്കിളിയും കുട്ടനാടന്‍ പുഞ്ചയും

വേഗവിരല്‍ മാന്ത്രികന്റെ സംഗീതാനുഭവത്തിന് കാതോര്‍ത്തിരുന്നവര്‍ക്ക് മുന്നിലേക്ക് അതാ ആ മഴ പെയ്തുതുടങ്ങുകയായി... നോക്കെത്താദൂരത്ത് ആയിരം കണ്ണുമായി കാത്തിരുന്ന പൈങ്കിളി മുതല്‍ കുട്ടനാടന്‍ പുഞ്ചയിലെ പെണ്ണാള്‍ വരെ സംഗീതമായി ആ വേഗവിരലില്‍ പുനര്‍ജനിച്ചപ്പോള്‍ താളത്തിന്റെ തിരമാലകളിലായിരുന്നു കാണികളെല്ലാം. ഓരോ പാട്ടിന്റെയും പശ്ചാത്തല സംഗീതം കീ ബോര്‍ഡില്‍ വായിച്ച് സ്റ്റീഫന്‍ ദേവസ്സി ഒരുനിമിഷം കാണികള്‍ക്കു മുന്നില്‍ കാതോര്‍ക്കും... പശ്ചാത്തല സംഗീതം തുടങ്ങുമ്പോഴേക്കും പാട്ട് തിരിച്ചറിഞ്ഞ് കാണികള്‍ പാടിത്തുടങ്ങുന്നതോടെ സ്റ്റീഫന്റെ വേഗവിരലുകള്‍ക്ക് ആവേശത്തിന്റെ പെരുക്കമായി. മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും ഒരുപാട് സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ കീ ബോര്‍ഡില്‍ വായിച്ച് സ്റ്റീഫന്‍ ഒരു പുഴയായി ഒഴുകുമ്പോള്‍ ആവേശത്തിന്റെ വലിയ കടലായിരുന്നു ലെ മെറിഡിയനിലെ ആ രാവ്്.

നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ

വേഗവിരല്‍ മാന്ത്രികന്റെ സംഗീതമഴയില്‍ നനഞ്ഞു നിന്നവരുടെ മുന്നിലേക്ക് 'നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ'യുമായാണ് അയാള്‍ അവതരിച്ചത്. പറഞ്ഞുതീരാത്ത വിശേഷണങ്ങള്‍ ചാര്‍ത്തിയ അലങ്കാരങ്ങള്‍ക്കിടയിലൂടെ അതാ ഹരിഹരന്‍ കടന്നുവരുന്നു... നിലയ്ക്കാത്ത കൈയടികള്‍ക്കു നേരെ കൈകൂപ്പി ഹരിഹരന്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ ആ വാചകം വീണ്ടും ഓര്‍ത്തുപോയി: 'സില്‍ക്കി വോയ്സ്... പട്ടു പോലൊരു ശബ്ദം...' 

''എല്ലാവര്‍ക്കും സുഖമല്ലേ...'' എന്ന് മലയാളത്തില്‍ കാണികളോട് കുശലം ചൊല്ലി, ഹരിഹരന്‍ പുഞ്ചിരി തൂകുമ്പോഴും കൈയടികളുടെ കടലിലെ തിരമാലകള്‍ അവസാനിച്ചിരുന്നില്ല. അടുത്തനിമിഷം ആരവങ്ങളുടെ ആവേശക്കടലിനെ സാക്ഷിയാക്കി ഹരിഹരന്‍ പാടിത്തുടങ്ങുകയായി: 'നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ... ഓ ശാന്തി... ഓ ശാന്തി...'

പാട്ടിന്റെ മധുരശബ്ദവും കാണികളുടെ ആവേശത്തിന്റെ തിരമാലകളും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ക്കാണ് പിന്നെ ആ രാവ് സാക്ഷ്യം വഹിച്ചത്.

'നെഞ്ചുക്കുള്‍ മാമഴൈ'ക്കുശേഷം 'മഞ്ചള്‍ വെയിലു'മായി ഹരിഹരന്‍ എത്തിയതോടെ വേഗവിരല്‍ സ്പര്‍ശവുമായി സ്റ്റീഫനും കൂട്ടരും തകര്‍ത്തുതുടങ്ങി. 'മലര്‍കളേ...', 'സുട്ടും വിഴി...', 'പൊയ്സൊല്ല കൂടാത്...', 'കൃഷ്ണാ നീ ബേഗേന...', 'ഉയിരേ ഉയിരേ...', 'ഓ ദില്‍റുബ...', 'അമൃതമായ് അഭയമായ്...', 'വാക്കിങ് ഇന്‍ ദ മൂണ്‍ലൈറ്റ്...', 'ബാഹോം കി ധര്‍മിയ...', 'ഹയ് രാമ...' തുടങ്ങിയ ഗാനങ്ങളും പിന്നാലെ പെയ്തിറങ്ങിയതോടെ കാണികള്‍ ആവേശത്തിന്റെ വലിയ കടലില്‍ ഉടല്‍ മുഴുവന്‍ നനച്ചിരുന്നു. 

പാദം തൊട്ട്, പതുക്കെ ഉടല്‍ മുഴുവന്‍ മൂടുന്ന കടലിന്റെ സ്പര്‍ശം അറിഞ്ഞതുപോലെ ഓരോ കാണിയും ആ സംഗീതക്കടലില്‍ മുങ്ങിക്കൊണ്ടേയിരുന്നു...