മ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധര്‍വന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പിഷാരടിയും മമ്മൂട്ടിയും ചേര്‍ന്ന് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. മമ്മൂട്ടി ആദ്യമായാണ് ലൈവില്‍ പ്രത്യക്ഷപ്പെടുന്നത്. 'ആരെങ്കിലും ചീത്ത വിളിക്കുമോ' എന്നെല്ലാം പിഷാരടിയോട് കുസൃതിയായി ചോദിച്ചുകൊണ്ടാണ് ലൈവ് ആരംഭിച്ചത്.

ആരാധകരുമായുള്ള തത്സമയ സംഭാഷണത്തിനിടെ രസകരമായ ഒരു സംഭവമുണ്ടായി. 'ഇക്ക നിങ്ങളെ കണ്ടാല്‍ ദുല്‍ഖറിന്റെ അനിയനാണെന്നേ തോന്നൂ'വെന്ന് ആരാധകരിലൊരാള്‍ കമന്റ്‌ബോക്‌സിലെഴുതി. അതുവായിച്ചുകേള്‍പ്പിച്ചത് പിഷാരടിയായിരുന്നു. ദുല്‍ഖര്‍ കേള്‍ക്കേണ്ടെന്ന് ഉടന്‍ വന്നു മമ്മൂട്ടിയുടെ കമന്റ്. ചെറുചിരിയോടെ താരം പറഞ്ഞ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

മമ്മൂക്ക ഒരു ഹൈപ്പര്‍മാര്‍ക്കറ്റാണെന്ന് മറ്റൊരു വിരുതന്‍ കമന്റ് ചെയ്തു. ആദ്യമായാണ് ഇങ്ങനെയൊരു വിശേഷണമെന്നും വേണമെങ്കില്‍ ഉപയോഗിച്ചുകൊള്ളൂവെന്നും തമാശയായി പിഷാരടിയോട് മമ്മൂട്ടി. അതിനിടയില്‍ 'പിഷാരടിച്ചേട്ടാ.. യൂ ആര്‍ ഹാന്‍സം' എന്ന് ഒരു ആരാധകന്‍ തുറന്നു പറഞ്ഞതുകണ്ട് സന്തോഷത്തോടെ പിഷാരടി മമ്മൂട്ടിയോട് പറഞ്ഞു-'മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും, കല്ലിനുമുണ്ടാമൊരു സൗരഭ്യം'.

ഗാനഗന്ധര്‍വനില്‍ പഴയകാലഗാനങ്ങളുടെ പുതിയ വേര്‍ഷനുകളുണ്ടോ എന്നാണ് ചിലര്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിച്ചത്. പഴയതും പുതിയതുമായ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു താരവും സംവിധായകനും ഒരേസ്വരത്തില്‍ മറുപടി നല്‍കി. മമ്മൂട്ടി സിനിമയില്‍ പാടുന്നുണ്ടെന്നും പിഷാരടി വെളിപ്പെടുത്തി. പിഷാരടിയും മമ്മൂട്ടിയെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടിയപ്പോള്‍ 'തള്ളി തളളി ഫോണ്‍ താഴെ വീഴ്‌ത്തേണ്ടെ'ന്ന് മമ്മൂട്ടിയുടെ കമന്റ്. മുമ്പിലിരുത്തിക്കൊണ്ട് പുകഴ്ത്തുന്നത് കേട്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് മുമ്പു പലയിടത്തും താരം പറഞ്ഞതും പിഷാരടി ആരാധകരെ ഓര്‍മ്മിപ്പിച്ചു. മുമ്പ് 'രാക്കുയിലിന്‍ രാജസദസ്സില്‍' എന്ന ചിത്രത്തില്‍ ഗായകനായാണ് മമ്മൂട്ടിയെത്തിയതെന്നും സരോവരത്തില്‍ സംഗീത സംവിധായകനായി അഭിനയിച്ചിരുന്നുവെന്നുമുള്ള ഓർമകളും ഇരുവരും പങ്കുവെച്ചു. ഒരു ഗാനമേളപാട്ടുകാരന്റെ സാധാരണ ജീവിതവും ചില സാമൂഹിക വിഷയങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും പിഷാരടി പറഞ്ഞു.

Content Highlights : Ramesh Pisharody Mammooty facebook live Ganagandharvan movie