ചെയ്യുന്ന സിനിമകളില്‍ പലതിന്റെയും കഥയില്‍ സാരമായ മാറ്റങ്ങളുണ്ടാകാറില്ലെന്നും താന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ജോലിയിലാണ് മാറ്റം വരാറുള്ളതെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടെന്ന് രമേഷ് പിഷാരടി. ഗാനഗന്ധര്‍വന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയായിരുന്നു മമ്മൂട്ടിയും സംവിധായകന്‍ രമേഷ് പിഷാരടിയും. മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായതിനാല്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ജോലിയും പശ്ചാത്തലവും അടങ്ങുന്ന കഥയുമായി താന്‍ മമ്മൂട്ടിയെ സമീപിക്കുകയായിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു.

'ചിലര്‍ വന്നു കഥ പറയുമ്പോള്‍ ഞാന്‍ ചെയ്തിട്ടില്ലാത്ത ഒരു ജോലി പറയും. ഒരു ശവപ്പെട്ടിക്കച്ചവടക്കാരന്റെ റോളില്‍ അഭിനയിച്ചിട്ടില്ല. റോക്കറ്റ് പറപ്പിക്കുന്ന ആളായി സിനിമയിലെത്തിയിട്ടില്ല.. എന്നൊക്കെ പറയും പോലെ. ഇവ രണ്ടിലും വ്യത്യസ്തത കൊണ്ടു വരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് ഈ സിനിമയിലൂടെ.' രമേഷ് പിഷാരടി പറഞ്ഞു.

'യഥാര്‍ഥ ജീവിതത്തിലെ ഗാനഗന്ധര്‍വന്‍ യേശുദാസുമായി ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. ഗാനഗന്ധര്‍വന്‍ എന്നുളളത് ചെല്ലപ്പേരല്ല. കലാസദനം ഉല്ലാസിന്റെ വിളിപ്പേരാണ്. വളരെക്കാലങ്ങളായി ഗാനമേളകളില്‍ പാടുന്ന ഗായകന്‍. അയാള്‍ ഉയരങ്ങളിലെവിടെയും എത്തുന്നില്ല. ഈ ഗാനമേളകളില്‍ നിന്നും കിട്ടുന്ന പണവും കൊണ്ട് തന്റെ ചെറിയ കുടുംബം പോറ്റുന്നയാള്‍. അയാളുടെ വ്യക്തിജീവിതത്തില്‍ സംഭവിക്കുന്നതാണ്. സമൂഹത്തില്‍ കണ്ടിട്ടുള്ള ഒരുപാട് ഗാനഗന്ധര്‍വന്‍മാരുടെ കഥയാണ് ഈ സിനിമ.'

'ട്രെയിലറിലെ ബുള്‍സൈ ആസ്വദിച്ചു കഴിക്കുന്ന രംഗങ്ങളെടുക്കുമ്പോള്‍ തനിക്കു ടെന്‍ഷനുണ്ടായെന്നും രമേഷ് പിഷാരടി പറഞ്ഞു. മുട്ടയിലെ മഞ്ഞക്കരു വായിലേക്കിടുന്ന ഷോട്ട് എടുക്കുമ്പോള്‍ രണ്ടോ മൂന്നോ മുട്ടയുടെ മഞ്ഞയൊക്കെ കഴിക്കേണ്ടി വരുമെന്ന് താന്‍ പറഞ്ഞപ്പോള്‍ ഉടനെ മമ്മൂക്ക പറഞ്ഞുവത്രേ-' ആരാണിതൊക്കെ പറഞ്ഞു പരത്തുന്നത്. ഞാന്‍ മുട്ടയുടെ മഞ്ഞ കഴിക്കാത്തയാളൊന്നുമല്ല. ഇതൊക്കെ എല്ലാവരും കഴിക്കുന്നതല്ലേ?' 

ഗാനഗന്ധര്‍വനില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി .പി  നായരും  ചേര്‍ന്ന് കഥയും തിരക്കഥയും  സംഭാഷണവും ഒരുക്കിയിരിക്കുന്നു. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം  കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ്  കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ  തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഴകപ്പനാണ് ഛായാഗ്രഹണം.

Content Highlights : mammooty club fm interview with Ramesh Pisharody ganagandharvan movie