വേര്‍പിരിയലുകളുടെ കഥകള്‍ ഏറെ കേട്ട ബോളിവുഡില്‍ ദിലീപ് കുമാര്‍-സൈറാബാനു ദമ്പതിമാര്‍ എന്തുകൊണ്ടും വിസ്മയമാണ്. അര നൂറ്റാണ്ടിലേറെയാണ് അവര്‍ ഒന്നിച്ചുജീവിച്ചത്. ജിതേന്ദ്ര-ശോഭാ കപൂര്‍ (ഏതാണ്ട് 36 വര്‍ഷം), മനോജ് കുമാര്‍-ശശി ഗോസ്വാമി (46 വര്‍ഷം) എന്നിങ്ങനെ മറ്റുദാഹരണങ്ങള്‍ പറയാമെങ്കിലും അവയെല്ലാം സമയത്തിന്റെ പരീക്ഷണങ്ങളെ നേരിട്ടവയാണ്. അവിടെയാണ് ദിലീപിന്റെയും സൈറയുടെയും പ്രണയകഥ വ്യത്യസ്തമാകുന്നത്. നിസ്സാര പ്രണയമായിരുന്നില്ല അത്.

വഴങ്ങാത്ത ദുരന്തനായകന്റെ പ്രതിച്ഛായായിരുന്നു ദിലീപിന്. സൈറയാകട്ടെ ജംഗ്ലിയിലെ ഉന്മേഷവതിയായ കശ്മീരി പെണ്‍കുട്ടിയും. മധുബാലയുമായുള്ള പ്രണയം തകര്‍ന്നശേഷമാണ് ദിലീപ് കുമാര്‍ നസീം ബാനുവിന്റെ പുത്രി സൈറാബാനുവുമായി പ്രണയത്തിലാകുന്നത്.

യുവാക്കളുടെയിടയിലെ സ്വപ്നസുന്ദരിയായിരുന്ന 22 വയസ്സുകാരി സൈറയും ജനപ്രിയസിനിമകളുടെ നായകന്‍ ദിലീപ് കുമാറും തമ്മിലുള്ള വിവാഹം 1966-ലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായിരുന്നു. 55-ാം വയസ്സിലും സല്‍മാന്‍ഖാന്‍ എങ്ങനെ ഇന്ന് ഏറ്റവും യോഗ്യനായ അവിവാഹിതനായി നില്‍ക്കുന്നുവോ അതുപോലെയായിരുന്നു ദിലീപ് കുമാര്‍ അന്ന് അദ്ദേഹത്തിന്റെ 44-ാം വയസ്സില്‍; രാജ് കപുര്‍, ധര്‍മേന്ദ്ര, സുനില്‍ ദത്ത്, മനോജ്കുമാര്‍ തുടങ്ങി അന്നത്തെ മുന്‍നിര നായകന്‍മാരെല്ലാം വിവാഹിതരായിരുന്നതുകൊണ്ട് പ്രത്യേകിച്ചും. 'ഗോപി', 'സഗീന', രമേശ് തല്‍വാറിന്റെ 'ദുനിയ' തുടങ്ങിയ ചിത്രങ്ങള്‍ മധുവിധുവിനുശേഷം അവര്‍ ഒന്നിച്ചഭിനയിച്ചവയാണ്. താരതമ്യേന വിവാദങ്ങളൊഴിഞ്ഞ വിവാഹജീവിതമായിരുന്നു അവരുടേതെങ്കിലും ദിലീപും അസ്മയുമായുള്ള ചെറിയകാല വിവാഹബന്ധം ചില ഏറ്റക്കുറച്ചിലുകള്‍ക്കിടയാക്കി.

ദിലീപ് കുമാറിന്റെ നിര്‍മാണക്കമ്പനി നിര്‍മിച്ച രണ്ടാമത്തെ സിനിമ ഭോജ്പുരി ഭാഷയിലായിരുന്നു എന്നത് അധികമാര്‍ക്കും അറിയില്ല. 'അബ് തൊ ബന്‍ ജാ സാജന്‍വാ ഹമാര്‍' എന്ന പേരില്‍ ഷാര്‍പ്പ് ഫോക്കസ് ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. അര്‍ഷദ് ഖാന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ രവി കിഷന്‍, നഗ്മ, മോഹന്‍ തിബ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുധാകര്‍ ബോകാഡേ എന്ന നിര്‍മാതാവിനുവേണ്ടി 'കലിംഗ' എന്നൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ ദിലീപ് നടത്തിയിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ലണ്ടന്‍ യൂണിവേഴ്സിറ്റി ബിരുദധാരിയായ സൈറ കുട്ടിക്കാലത്ത് ദിലീപ് സാബിനെ ഒരുനോക്കുകാണാന്‍ കൊതിച്ചിരുന്നു. ഇതേപ്പറ്റി ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞതിങ്ങനെയാണ്: ''സാബിന്റെ ഉറുദുവിലുള്ള പാണ്ഡിത്യം അറിഞ്ഞതിനുശേഷമാണ് ഉറുദു ഭാഷ ഗൗരവമായി പഠിക്കുന്നത്. തുടക്കംമുതല്‍ തന്നെ ഞാന്‍ ആ മനുഷ്യനുമായി അനുരാഗത്തിലായിരുന്നു. അദ്ദേഹമൊരു ഭാഷാപണ്ഡിതനാണ്, അദ്ദേഹത്തിനൊപ്പമുള്ള ജീവിതം എന്റെ ഭാഗ്യമാണ്. എന്റെ എല്ലാ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നിറവേറിയെന്നു മാത്രമല്ല, അവ ഏറ്റവും മനോഹരമായിത്തന്നെ സാക്ഷാത്കരിക്കാനുമായി.''

പഴയ സിനിമകള്‍ റീമേക്ക് ചെയ്യുന്നതിനോട് ദിലീപിനും സൈറയ്ക്കും യോജിപ്പില്ലായിരുന്നു. ദിലീപ് കുമാര്‍ അഭിനയിച്ച പഴയ ദേവദാസിന് ഇന്നും ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ആരാധകരുണ്ടെന്നും സൈറ പറയുന്നു.

വിവാഹശേഷം ഭാര്യയോട് സിനിമാജീവിതം അവസാനിപ്പിക്കാന്‍ കല്പിക്കുന്ന പുരുഷാധികാരപ്രയോഗം ദിലീപ് നടത്തിയില്ല എന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ഒരു സവിശേഷതയാണ്. വിവാഹശേഷം സൈറ സിനിമയില്‍ തുടര്‍ന്നു എന്നു മാത്രമല്ല, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും അവര്‍ക്ക് തടസ്സമായില്ല. എന്നാല്‍, 1970-കളുടെ മധ്യത്തോടെ സൈറ ദിലീപിന്റെ ഭാര്യാസ്ഥാനത്തേക്ക് പൂര്‍ണമായും ഒതുങ്ങി. കുട്ടികളില്ലാത്ത ദമ്പതിമാര്‍, 1980-കളില്‍ അസ്മയുമായുള്ള ദിലീപിന്റെ രഹസ്യ വിവാഹവും തരണം ചെയ്ത് മുന്നോട്ടുപോയി. ''രണ്ട് വ്യക്തികള്‍ ഒന്നിച്ച് ജീവിക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. വിവാഹമെന്ന സ്ഥാപനം അനശ്വരമാക്കിക്കൊണ്ടുപോകുക എളുപ്പവുമല്ല. എന്നിരുന്നാലും അല്ലാ താലയ്ക്ക് നന്ദി, പ്രണയം നിറച്ച് ഞങ്ങളുടെ വിവാഹത്തെ സംരക്ഷിച്ചുനിര്‍ത്തിയതിന്'' -വിവാഹജീവിതത്തെപ്പറ്റി സൈറ ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്.

Content Highlights: Saira banu Dilip kumar love story, life, marriage, remembering legend