ഹിന്ദി ഇതിഹാസ താരം ദിലീപ് കുമാറിന്റെ വിയോഗം നല്‍കിയ ആഘാതത്തിലാണ് സിനിമാലോകവും ആരാധകരും. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദിലീപ്കുമാറിനെ അവസാനമായി കാണാനും ആദരമര്‍പ്പിക്കാനും ബോളിവുഡിലെ വന്‍ താരനിര എത്തിയിരുന്നു. ഹിന്ദുജ ആശുപത്രിയില്‍നിന്ന് മൃതദേഹം ബാന്ദ്ര പാലിഹില്ലിലെ വസതിയില്‍ എത്തിച്ച അവസരത്തില്‍ ദിലീപ് കുമാറിന് അന്ത്യചുംബനം നല്‍കുന്ന ഭാര്യ സൈറ ബാനുവിന്റെ ചിത്രം ആരാധകരുടെ ഹൃദയത്തില്‍ വിങ്ങലാകുന്നു. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട ദാമ്പത്യജീവിതത്തിനാണ് കഴിഞ്ഞ ദിവസം തിരശ്ശീല വീണത്.

ധര്‍മ്മേന്ദ്ര, ശബ്ന അസ്മി, വിദ്യാബാലന്‍, സിദ്ധാര്‍ഥ് റോയ് കപുര്‍ എന്നിവരാണ് ആദ്യം വീട്ടിലെത്തിയത്. ഞാന്‍ ഏറെ ദുഖിതനാണ്. എനിക്ക് എന്റെ സഹോദരനെയാണ് നഷ്ടമായതെന്ന് ധര്‍മ്മേന്ദ്ര പറഞ്ഞു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദിലീപ്കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

അമിതാഭ് ബച്ചന്‍, ഗായിക ലതാമങ്കേഷ്‌കര്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി. യൂസഫ് ഭായി രോഗാതുരനായ ഓരോ ഘട്ടത്തിലും രാവും പകലും സൈറാ ബാബി കൂടെനിന്ന് പരിചരിച്ചു. ഞാന്‍ അവരുടെ മുന്നില്‍ തലകുനിക്കുന്നു. യൂസഫ് ഭായിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നതായും ലതാമങ്കേഷ്‌കര്‍ തന്റെ അനുശോചന സന്ദശേത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് ദിലീപ് കുമാര്‍ നല്‍കിയ സംഭാവന വരും തലമുറ ഓര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തന്റെ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. ദിലീപ് കുമാറിന്റെ അഭിമാനബോധത്തിനും സാമൂഹ്യപ്രതിബദ്ധതയ്ക്കും മുന്നില്‍ തലകുനിക്കുന്നുവെന്ന് ശബ്ന അസ്മി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

സുഭാഷ് ഗയ്, ഷാരൂഖ്ഖാന്‍, സല്‍മാന്‍ഖാന്‍ എന്നിവരും പാലിഹില്ലിലെ വസതിയില്‍ എത്തി. അക്ഷയ്കുമാര്‍, അജയ്ദേവ്ഗന്‍, മനോജ് ബാജ്പേയ് എന്നിവരും അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധിഘട്ടത്തില്‍ ഒരു നേതാവിനെപ്പോലെ പെരുമാറുകയും അഭിനയത്തില്‍ എല്ലാ സാദ്ധ്യതയും ഉപയോഗപ്പെടുത്തിയ നടനായിരുന്നു ദിലീപ് കുമാറെന്ന് ശര്‍മിളാ ടാഗോര്‍ പറഞ്ഞു.

Content Highlights: Saira Babu embraces Dilip Kumar's mortal