മല്‍ഹാസന്റെ കഥയെ അടിസ്ഥാനമാക്കി ഭരതന്‍ സംവിധാനം ചെയ്ത 'തേവര്‍മകന്‍' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഞാന്‍ സംവിധാനം ചെയ്ത 'വിരാസത്'. തമിഴില്‍ ശിവാജി ഗണേശന്‍ ചെയ്ത റോള്‍ ഹിന്ദിയില്‍ ദിലീപ് കുമാറിനെക്കൊണ്ട് ചെയ്യിക്കാനായിരുന്നു തീരുമാനം. ജാവേദ് അക്തറെക്കൊണ്ട് തിരക്കഥ എഴുതിക്കാനായിരുന്നു ഉദ്ദേശ്യം.

കഥ പറഞ്ഞുകൊടുക്കാനായി ഞാനും ജാവേദ് സാബും കൂടി മൂന്നോ നാലോ ദിവസം ദിലീപ് കുമാറിന്റെ വീട്ടില്‍പ്പോയിട്ടുണ്ട്. ഇതിഹാസതുല്യനായ ഒരു മനുഷ്യന്റെ മുന്നിലാണ് ഇരിക്കുന്നത്. അദ്ദേഹത്തോടാണ് സംസാരിക്കുന്നത് എന്ന ബോധ്യത്തോടെയും അഭിമാനത്തോടെയുമായിരുന്നു ഞാന്‍ ആ ദിവസങ്ങളില്‍. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ദിലീപ് സാബ് എന്നെ വിളിച്ചു. താന്‍ ഏറെ നാളിനുശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നത് എന്ന്് ആമുഖമായിപ്പറഞ്ഞു. എന്നിട്ട്് തുടര്‍ന്നു: ''സിനിമയില്‍ എന്റെ കഥാപാത്രം ആദ്യപകുതിയില്‍ മാത്രമേയുള്ളൂ. മരിക്കുകയാണ്. രണ്ടാംപകുതിയില്‍ എന്റെ മകന്റെ സ്വപ്നത്തില്‍വന്ന് നിര്‍ദേശങ്ങള്‍ കൊടുക്കുന്ന രീതിയില്‍ തിരക്കഥയില്‍ മാറ്റംവരുത്താമോ.'' ഒരുതരത്തിലും അങ്ങനെയൊരു മാറ്റം ആ സിനിമയ്ക്ക് ചേരില്ലായിരുന്നു. അദ്ദേഹത്തെ മുറിവേല്‍പ്പിക്കാതെ ഞാന്‍ ആ കാര്യം പറഞ്ഞു. അദ്ദേഹത്തിനത് മനസ്സിലാവുകയും ചെയ്തു. അദ്ദേഹത്തിന്റെ റോള്‍ പിന്നീട് അമരീഷ് പുരിയാണ് ചെയ്തത്്. പിന്നീട് പല തവണ ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നുവെങ്കിലും ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചതേയില്ല.

എന്റെ അച്ഛന്‍ ദിലീപ്കുമാറിന്റെ വലിയ ആരാധകനായിരുന്നു. അതിനാല്‍ എന്റെ സഹോദരിക്ക് മധുമതി എന്നപേരിട്ടു. ഹിന്ദി സിനിമയില്‍ ദിലീപ് കുമാറിനോളം വസ്ത്രധാരണത്തെക്കുറിച്ച് അവബോധമുള്ള മറ്റൊരു നടനെയും ഞാന്‍ കണ്ടിട്ടില്ല. മോശം വസ്ത്രം ധരിച്ച് അദ്ദേഹത്തെ കാണുകയേയില്ല. വസ്ത്രംപോലെത്തന്നെ വൃത്തിയാര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ മനസ്സും.

Content Highlights: priyadarshan remembers Dilip Kumar, Thevarmagan, Virasat Movie