പ്രിയപ്പെട്ട ദിലീപിന് യാത്രാമൊഴി

``മേരി കഹാനി ഭൂൽനെവാലേ തേരാ ജഹാം ആബാദ് രഹേ...''  ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോകുന്ന  ഏതു  സാധാരണ മനുഷ്യന്റെയും  ഉള്ളിലെ വ്യഥയും വ്യർത്ഥതാ ബോധവും പ്രതിഫലിക്കുന്ന ഗാനം. എന്നെ മറന്നാലും നിങ്ങളുടെ ജീവിതം സന്തോഷഭരിതമാകട്ടെ  എന്ന് വേദനയോടെ ആശംസിക്കുകയാണ് കവിയായ  ശക്കീൽ ബദായുനി. നൗഷാദിന്റെ ഈണവും  മുഹമ്മദ് റഫിയുടെ  വിഷാദമധുരമായ ആലാപനവും കൂടി ചേരുമ്പോൾ അതൊരു അനശ്വര ഗാനശിൽപ്പമാകുന്നു. 

ആറര പതിറ്റാണ്ട്  മുൻപ് ``ദീദാർ'' (1951) എന്ന സിനിമയിൽ  ഈ ഗാനത്തിനൊത്ത് ചുണ്ടനക്കിയത് ഇന്ത്യൻ സിനിമ കണ്ട മഹാനടന്മാരിൽ ഒരാളായ   ദിലീപ് കുമാർ. അന്നൊന്നും അദ്ദേഹം സ്വപ്നത്തിൽ പോലും ചിന്തിച്ചിരിക്കില്ല  പാടി അഭിനയിച്ച പാട്ടിന്റെ  വരികൾക്ക്   അറം പറ്റുമെന്ന്. വെള്ളിത്തിരയിൽ വലിയൊരു വിജയഗാഥയുടെ ആരംഭബിന്ദുവിലായിരുന്നു അക്കാലത്ത് ദിലീപ്. അഭിനയിച്ച പടങ്ങളെല്ലാം ബോക്സോഫീസ് വിജയങ്ങൾ. പാടി അഭിനയിച്ച  പാട്ടുകളെല്ലാം സൂപ്പർഹിറ്റ്. ചെല്ലുന്നിടത്തെല്ലാം  ആരാധകർ. സർവോപരി ട്രാജഡി കിംഗ്  എന്ന വിശേഷണം. എല്ലാം കൊണ്ടും തിളക്കമാർന്ന ഒരു കാലം.  പക്ഷേ ആ തിളക്കം ഏറെ നീണ്ടുനിന്നില്ല. പതുക്കെ, വളരെ പതുക്കെ താൻ ചെന്നുപെട്ടിരിക്കുന്ന ``കെണി''യെ  കുറിച്ച് ഞെട്ടലോടെ മനസ്സിലാക്കി തുടങ്ങുന്നു ദിലീപ്. ആൾക്കൂട്ടത്തിൽ നിന്ന് ഒളിച്ചോടാനുള്ള വ്യഗ്രത, ഉറക്കമില്ലായ്മ, ഉദാസീനത, തൊഴിലിൽ താൽപര്യമില്ലായ്മ..... ലക്ഷണങ്ങൾ എല്ലാം വിരൽ ചൂണ്ടിയത് ഒരേയൊരു അവസ്ഥയിലേക്കാണ്: വിഷാദരോഗം. ``ദീദാറി''ൽ റഫി ആത്മവേദനയിൽ ചാലിച്ച് പാടിയ പോലെ ആ നാളുകളിൽ ദിലീപ് സ്വയം ചോദിച്ചിരിക്കണം: ``മേരെ ഗീത് സുനേ ദുനിയാ നേ, മഗർ മേരാ ദർദ് കോയി നാ ജാൻ സകാ..'' (എന്റെ ഗാനം ആസ്വദിക്കുന്ന ലോകത്തിന് എന്റെ വേദന മനസ്സിലാക്കാനാകാത്തത് എന്തുകൊണ്ടാണാവോ?)


ആദ്യ സൂപ്പർ ഹിറ്റുകളിലൊന്നായ മേള (1948) മുതലിങ്ങോട്ട് ദിലീപ് അഭിനയിച്ച ചിത്രങ്ങൾ അധികവും  ദുരന്ത പരിവേഷമുള്ള കാൽപ്പനിക  കഥകളായിരുന്നു. അന്ദാസും (1949) ദാഗും (1952) ദേവദാസും (1955) കണ്ട് തിയേറ്ററിലിരുന്ന് കണ്ണീരൊപ്പാത്തവർ   വിരളം. ഈ വിഷാദഭാവം തന്നെയായിരുന്നു അദ്ദേഹം അഭിനയിച്ചു അനശ്വരമാക്കിയ ഗാനരംഗങ്ങളുടെയും  മുഖമുദ്ര. ഗായേജാ ഗീത് മിലൻ (മേള), ഏ ദിൽ മുജേ ഐസി ജഗാ  ലേ  ചൽ  (ആർസൂ), മേരി കഹാനി ഭൂൽനെവാലേ, ഹുവേ ഹം ജിൻകേ ലിയേ ബർബാദ്  (ദീദാർ), ഹം ദർദ് കെ മാരോം കാ (ദാഗ്), കിസ് കോ ഖബർ ഥി, മിത് വാ ലാഗി യേ (ദേവദാസ്) ആശാ കെ ജബ് ദീപ് ബുജേ (ഇൻസാനിയത്ത്)... എല്ലാം വിഷാദാർദ്രമായ പാട്ടുകൾ. ``ഫുട്പാത്തി''ലെ പ്രശസ്തമായ ``ശാം എ ഗം കെ കസം'' (തലത്ത് മഹമൂദ്) എന്ന സുന്ദര പ്രണയഗാനത്തിൽ   പോലുമുണ്ടായിരുന്നു വിരഹവേദനയുടെ  ലാഞ്ഛന.  ഹൃദയം പകുത്തു നൽകിയ  കഥാപാത്രങ്ങളും പാടി അനശ്വരമാക്കിയ  പാട്ടുകളും നിത്യജീവിതത്തിലും തന്നെ വിടാതെ പിന്തുടരുമെന്ന് പാവം ദിലീപുണ്ടോ അറിഞ്ഞു? ``ആ കഥാപാത്രങ്ങളെ സെറ്റിൽ ഉപേക്ഷിക്കാതെ  വീട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് എനിക്ക് പറ്റിയ തെറ്റ്.''-- പിൽക്കാലത്ത് ദിലീപ് പറഞ്ഞു.


സിനിമയോട് തന്നെ എന്നെന്നേക്കുമായി വിടവാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചുപോയ ആ സന്ദിഗ്ധ ഘട്ടത്തിൽ നിന്ന്   ദിലീപ് കുമാർ  പുറത്തുവന്നതെങ്ങനെ  എന്നത്  മറ്റൊരു കൗതുകകരമായ കഥ.  ``ദി സബ്സ്റ്റൻസ് ആൻഡ് ദി ഷാഡോ'' എന്ന പേരിൽ പത്രപ്രവർത്തക ഉദയതാര നായരുടെ സഹായത്തോടെ എഴുതിയ ആത്മകഥയിൽ ദിലീപ് തന്നെ ആ `രക്ഷപ്പെടൽ' അനുഭവം വിവരിക്കുന്നുണ്ട്.  ലണ്ടനിൽ വെച്ച് പരിചയപ്പെട്ട നാടക പ്രവർത്തകരായ മാർഗരറ്റ് റുഥർഫോഡ്, സിബിൽ തോൺഡികെ എന്നിവർ വഴി പ്രഗത്ഭനായ ഒരു മനഃശാസ്ത്ര വിദഗ്ദ്ധനെ പരിചയപ്പെടുന്നു അദ്ദേഹം -- ഡോക്ടർ ഡബ്ലിയു ഡി നിക്കോൾസ്. വിഷാദരോഗത്തിൽ നിന്ന് തന്നെ കരകയറ്റാൻ പരിചയസമ്പന്നനായ ഒരു സൈക്കിയാട്രിസ്റ്റിന്  മാത്രമേ കഴിയൂ എന്ന് ബോധ്യമായിരിക്കണം ദിലീപിന്. ഒരു മണിക്കൂറോളം നിക്കോൾസിനൊപ്പം ചെലവഴിച്ചു അദ്ദേഹം. ഉള്ളിലെ  ആശങ്കകളും ആകാംക്ഷകളും ഡോക്ടറുമായി പങ്കുവെച്ചു. ``ഇത്തരം പ്രശ്‍നങ്ങളുമായി എന്നെ  കാണാനെത്തുന്ന ആദ്യത്തെ സെലിബ്രിറ്റി അല്ല നിങ്ങൾ.''-- നിക്കോൾസ് പറഞ്ഞു. ``നിങ്ങളുടെ പ്രശ്നം ഇരട്ട വ്യക്തിത്വമാണ്. സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വ്യക്തിത്വം നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വവുമായി നിങ്ങളറിയാതെ തന്നെ കൂടിക്കുഴഞ്ഞു പോകുന്നു. അതി തീവ്രമായി ആ കഥാപാത്രങ്ങളിൽ അലിഞ്ഞുചേരുന്നത് കൊണ്ട്, ഷൂട്ടിംഗ് കഴിഞ്ഞാലും  സ്വന്തം മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും അവയെ വേർപെടുത്താൻ കഴിയുന്നില്ല നിങ്ങൾക്ക്. സ്വാഭാവികമായും കഥാപാത്രങ്ങളുടെ ദുഃഖഭാവം നിങ്ങളുടെ സ്ഥായിയായ ഭാവമായി മാറുന്നു...''

ഒരൊറ്റ  പോംവഴിയേ നിർദേശിക്കാനുണ്ടായിരുന്നുള്ളൂ ഡോ. നിക്കോൾസിന്. പതിവായി അഭിനയിക്കുന്ന നെഗറ്റീവ് റോളുകളിൽ നിന്ന് അകന്നുനിൽക്കുക.  ജീവിതത്തെ പ്രസാദാത്മകമായി സമീപിക്കുന്ന റോളുകളിലേക്ക് എത്രയും വേഗം മാറുക. കഴിയുന്നത്ര ഏകാന്തതയിൽ അഭിരമിക്കാതിരിക്കുക. കൂട്ടുകാർക്കൊപ്പം ചേർന്ന് ജീവിതം ആഘോഷമാക്കുക. ഒരു കാര്യം കൂടി പറഞ്ഞു ഡോക്ടർ. ``ഇത് നിങ്ങൾ മാത്രം നേരിടുന്ന പ്രതിസന്ധിയല്ല. പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുന്ന എത്രയോ പേർ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും. നിങ്ങൾ ചെറുപ്പമല്ലേ? താങ്ങാനാകാത്ത കഥാപാത്രങ്ങളെ ചുമന്നു നടക്കേണ്ട കാര്യമില്ല. കൂടുതൽ വൈവിധ്യമുള്ള റോളുകളിലേക്ക് മാറുക; പാട്ടുകളിലേക്കും..'' തന്നിലെ പ്രൊഫഷണൽ അഭിനേതാവിന്റെ  കണ്ണ് തുറപ്പിച്ച ഉപദേശമായിരുന്നു അതെന്ന് ദിലീപ്. 

``ജോൺ ഗിൽഗുഡിനെ പോലെയുള്ള വിശ്വോത്തര നടന്മാർ  പോലും വിഷാദ പ്രധാനമായ റോളുകളിലേക്ക് മാറിയത് മധ്യവയസ്സിലെത്തിയ ശേഷമാണ്. ഞാനാകട്ടെ കഷ്ടിച്ച് ഇരുപത് വയസ്സ് പിന്നിട്ടപ്പോഴേക്കും ട്രാജിക്ക് കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയിരുന്നു.   കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അതോടെ  മാനസികമായി വല്ലാതെ അകലുകയും ചെയ്തു.'' നഷ്ടപ്പെട്ട  സന്തോഷവും സംതൃപ്തിയും എന്തു വിലകൊടുത്തും തിരിച്ചുപിടിക്കണം എന്ന് മനസ്സിലുറച്ചുകൊണ്ടാണ് അന്ന് ദിലീപ് മനഃശാസ്ത്രജ്ഞനോട് വിടവാങ്ങിയത്.

നാട്ടിലെത്തിയയുടൻ ഹിന്ദിയിലെ മുൻനിര നിർമ്മാതാക്കളായ മെഹബൂബ് ഖാനെയും ശശധർ മുഖർജിയെയും കെ ആസിഫിനെയും  ചെന്നു കാണുന്നു ദിലീപ്. മനഃശാസ്ത്ര വിദഗ്ധനെ സന്ദർശിച്ച  കഥ പ്രിയനായകനിൽ നിന്ന് കേട്ടറിഞ്ഞപ്പോൾ അമ്പരന്നു പോയി മൂവരും.  എങ്കിലും ദുരന്ത നായകന്റെ സ്ക്രീൻ ഇമേജ്  ഉപേക്ഷിക്കാനുള്ള  ദിലീപിന്റെ തീരുമാനത്തോട് യോജിക്കാൻ കഴിഞ്ഞില്ല അവർക്ക്.  സന്തോഷം പകരുന്ന കഥാപാത്രങ്ങളെയേ ഇനി സ്വീകരിക്കൂ  എന്ന് ദിലീപ് പ്രഖ്യാപിച്ചപ്പോൾ ``എങ്കിൽ അതൊന്ന് ചെയ്തു കാണിക്കൂ'' എന്നായിരുന്നു  തെല്ലൊരു പരിഹാസം കലർത്തി   ആസിഫിന്റെ പ്രതികരണം. ആ വെല്ലുവിളി ദിലീപ് ഏറ്റെടുക്കുക തന്നെ ചെയ്തു. തമിഴ് സംവിധായകൻ ശ്രീരാമുലു നായിഡു തന്റെ ``മലൈക്കള്ളൻ'' എന്ന ഹിറ്റ് ചിത്രം ഹിന്ദിയിൽ നിർമ്മിക്കുന്നു.   എം ജി ആറും ഭാനുമതിയുമാണ് തമിഴ് പതിപ്പിലെ  മുഖ്യ താരങ്ങൾ.  ഹിന്ദിയിൽ നായകനായി ദിലീപ് വേണമെന്ന് നായിഡുവിന് മോഹം. പടം ദിലീപിന് ഇഷ്ടമായി. നല്ലൊരു എന്റർടെയ്നറാണ്. തന്റെ ദുഃഖ നായക ഇമേജ് മാറ്റിയെടുക്കാൻ ഇതൊരു  സുവർണാവസരമായിരിക്കുമെന്ന് ആരോ മനസ്സിലിരുന്നു പറയും പോലെ. പിന്നെ സംശയിച്ചില്ല. അഭിനയിക്കാമെന്ന് നായിഡുവിന് വാക്കുകൊടുക്കുന്നു ദിലീപ്. മീനാകുമാരിയെ ദിലീപിന്റെ നായികയാക്കി  ``ആസാദ്'' (1955) എന്ന പേരിൽ നായിഡു ഹിന്ദിയിൽ റീമേക്ക് ചെയ്ത ആ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. സി രാമചന്ദ്ര ചിട്ടപ്പെടുത്തിയ അതിലെ പാട്ടുകളും: ``കിത്നാ ഹസീ ഹേ മൗസം (രാമചന്ദ്ര, ലത), അപ്ലം ചപ്ലം  (ലത, ഉഷ മങ്കേഷ്‌കർ), ജാ രി ജാ രി (ലത)....

ദിലീപിന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു തുടക്കമായിരുന്നു  ``ആസാദ്''. തുടർന്ന് നയാ ദൗർ, മധുമതി, കോഹിനൂർ, ലീഡർ, മുഗൾ എ അസം, ഗംഗാ ജംനാ, രാം ഔർ ശ്യാം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ. വ്യത്യസ്തമായ  ഇതിവൃത്തങ്ങൾ കൈകാര്യം ചെയ്ത ആ ചിത്രങ്ങളിൽ എല്ലാം ദിലീപിലെ  അഭിനയ പ്രതിഭയുടെ അസാധാരണമായ റേഞ്ച്  കണ്ടു വിസ്മയിച്ചിരുന്നു  സിനിമാപ്രേമികൾ. മനോഹരമായ  ഗാനങ്ങൾ കൊണ്ട് കൂടി സമ്പുഷ്ടമായിരുന്നു ഈ ചിത്രങ്ങളെല്ലാം.  മാംഗ്‌ കെ സാഥ് തുമാരാ, ഉഡേ ജബ് ജബ്  (നയാ ദൗർ), മധുബൻ മേ രാധികാ, ദോ സിതാരോം കോ  (കോഹിനൂർ), സുഹാനാ സഫർ ഔർ യെ മൗസം ഹസീ (മധുമതി), യേ മേരാ ദീവാനാപൻ (യഹൂദി), തെരെ ഹുസ്ൻ കി ക്യാ താരീഫ് കരൂം (ലീഡർ), നൈനാ ലഡ്‌ ജയ്യെ (ഗംഗാ ജംനാ).......ഇന്ത്യ ഹൃദയപൂർവം ഏറ്റുപാടിയ ആ പാട്ടുകളുടെ  ചിറകിലേറി ജീവിതം വീണ്ടെടുക്കുകയായിരുന്നു പഴയ ട്രാജഡി കിംഗ്. വിഷാദരോഗത്തിലേക്ക് പിന്നീടൊരിക്കലും തിരിച്ചു പോയില്ല ദിലീപ്. അഭിനയിച്ച കഥാപാത്രങ്ങളെ  ശരീരത്തിൽ ആവേശിക്കാൻ അനുവദിച്ചുമില്ല. അഭിനയം എന്നത് ഒരു തൊഴിലാണെന്നും ഷൂട്ടിംഗ് കഴിഞ്ഞാൽ കഥാപാത്രങ്ങളെ സെറ്റിൽ തന്നെ ഉപേക്ഷിക്കണമെന്നും സ്വയം ബോധ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു അദ്ദേഹം. 

ബാന്ദ്രയിലെ പാലി ഹില്ലിലുള്ള കൂറ്റൻ ബംഗ്ലാവിൽ പ്രായാധിക്യത്തിന്റെ  അവശതകളും മറവിരോഗവുമായി മല്ലടിച്ച്  സ്വന്തം മുറിയുടെ ഏകാന്തതയിൽ കഴിയുമ്പോഴും ഹിന്ദി സിനിമയിലെ പഴയ മെലഡികൾ തന്നെയായിരുന്നു  95 കാരൻ ദിലീപ് കുമാറിന്  കൂട്ട്. റഫി സാഹിബും  ലതാജിയും തലത്തും മുകേഷുമെല്ലാം ഇടതടവില്ലാതെ പാടിക്കൊണ്ടിരുന്നു  ആ കാതുകളിൽ. നിത്യസുന്ദരമായ ആ ഗാനങ്ങളിൽ മുഴുകി  മയങ്ങിക്കിടക്കുന്നു അദ്ദേഹം. പാട്ടുകളുടെ ചിറകിലേറി, പോയി മറഞ്ഞ ഒരു  വസന്തകാലത്തേക്ക് സഞ്ചരിക്കുകയാവുമോ ആ  മനസ്സ്. ആർക്കറിയാം? എന്തായാലും അതൊരു വിഷാദകാലമാവില്ല. തീർച്ച.

Content Highlights: Legendary actor Dilip Kumar passed away Bollywood Cinema movies life