ദിലീപ് കുമാറിനൊപ്പം സൈറ ബാനുവില്ലാതെ ഒരു കാഴ്ച മുംബൈയ്ക്ക് അന്യമാണ്. എല്ലാ വൈകുന്നേരവും ലാൻഡ്‌സ് എൻഡിലെ താജ്‌ഹോട്ടലിലെ വിശാലമായ പ്രവേശനഹാളിലെ ഒരു മേശയ്ക്ക് ഇരുവശത്തുമായി ഇരുന്ന് ചായയോ ജ്യൂസോ കഴിക്കുന്നുണ്ടാവും ഇരുവരും.

രോഗബാധിതനായതോടെയാണ് ദിലീപ് കുമാർ വീട്ടിനുള്ളിലും ആശുപത്രികളിലുമായി മാറിയത്. അപ്പോഴും കൂടെ സൈറ ബാനു അനുഗമിച്ചു. ദിലീപ് കുമാറിന്റെ സുഖത്തിലും ദുഃഖത്തിലും സൈറ ബാനു കൂടെ നിന്നു. അമ്പത്തിയഞ്ച് വർഷത്തെ സൈറ ബാനുവുമൊത്തുള്ള ജീവിതം ഉപേക്ഷിച്ചാണ് ദിലീപ് കുമാർ യാത്രയായത്. അവർ തമ്മിൽ 22 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഒരൊറ്റ മനസ്സായി അരനൂറ്റാണ്ടിലേറെ ജീവിച്ചു.

മുൻകാല നടിയായ നസീമ ബാബുവിന്റെ മകളായ സൈറയ്ക്ക് 12 വയസ്സു മുതൽ ദിലീപ്കുമാറിനോട് പ്രണയമായിരുന്നു. അന്ന് ദിലീപ് കുമാറിന് 34 വയസ്സായിരുന്നു. പിന്നീട് സൈറ ബാനു ദിലീപ് കുമാറിന്റെ നായികയായി. സൈറയോട് പ്രണയം തോന്നിയ സന്ദർഭം ദിലീപ്കുമാർ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. അത് സൈറ ബാനുവിന്റെ വീട്ടിൽപ്പോയ സന്ദർഭത്തിലായിരുന്നു. പിന്നീട് 1966- ൽ ഇവർ വിവാഹിതരായി. 1972- ൽ എട്ടാം മാസം ഗർഭിണിയായിരിക്കെ കുഞ്ഞ് നഷ്ടപ്പെട്ടതോടെ ഇനിയൊരു കുഞ്ഞ് നമ്മുടെ ജീവിതത്തിൽ വേണ്ട എന്ന് ഇരുവരും തീരുമാനിച്ചു. ഇതുവരെ സൈറ ബാനു ദിലീപിന്റെ മറുപാതിയായി ജീവിച്ചു. ഇനി ദിലീപ് കുമാറില്ല. ദിലീപ് കുമാർ നൽകിയ സ്വപ്‌നങ്ങളും ഓർമകളുമായി പാലിഹില്ലിലെ വീട്ടിൽ സൈറ ബാനു തനിച്ചാവും.

Content Highlights: Dilip Kumar Saira Banu Love story,