രു കാലത്ത് ഹിന്ദി സിനിമാലോകം ഏറെ ആഘോഷിച്ച പ്രണയജോടികളായിരുന്നു ദിലീപ് കുമാറും മധുബാലയും. 1951-ല്‍ പുറത്തിറങ്ങിയ തരാന എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏഴ് വര്‍ഷം പിന്നിട്ട് വിവാഹത്തില്‍ എത്തേണ്ടിയിരുന്ന ബന്ധം ഐതിഹാസിക ചിത്രമായ മുഗളെ അസമിന്റെ ചിത്രീകരണത്തിടെ അവസാനിക്കുകയായിരുന്നു.

മധുബാലയുടെ പിതാവ് അത്തുള്ള ഖാന്റെ ഇടപെടലുകളാണ് ആ പ്രണയത്തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ദീലീപ് കുമാര്‍ തന്റെ ആത്മകഥയില്‍ പറയുന്നു. താനുമായുള്ള വിവാഹം ഒരു കച്ചവടമാക്കി മാറ്റാനുള്ള അത്തുള്ള ഖാന്റെ നീക്കം ദിലീപ് കുമാറിനെ അസ്വസ്ഥനാക്കി. മധുബാലയുടെ വരുമാനം കൊണ്ടാണ് അത്തുള്ള ഖാനും കുടുംബവും കഴിഞ്ഞിരുന്നത്. ദിലീപുമായുള്ള വിവാഹത്തോടെ സാമ്പത്തിക സഹായങ്ങള്‍ നിലച്ചുപോകുമോയെന്നും പിതാവിന് ആശങ്കയുണ്ടായിരുന്നു. അതിനിടെയാണ് ബി.ആര്‍ ചോപ്രയുടെ നയാ ദൗര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് മധുബാലയ്ക്ക് കോടതി കയറേണ്ടി വന്നത്. 

ചിത്രത്തില്‍ ദിലീപിനെയും മധുബാലയെയുമാണ് പ്രധാന കഥാപാത്രങ്ങളായി തീരുമാനിച്ചിരുന്നത്. മധ്യപ്രദേശിലായിരുന്നു സിനിമയുടെ ലൊക്കേഷന്‍. ദൂരെയുള്ള സെറ്റിലേക്ക് മധുബാലയെ അയക്കാന്‍ അത്തുള്ള ഖാന്‍ തയ്യാറായില്ല. മകളെ ദൂരേയ്ക്ക് അയച്ചാല്‍ ദിലീപ് കുമാറുമായി കൂടുതല്‍ അടുക്കാനുള്ള സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ഭയപ്പെട്ടു.

മധുബാല ചിത്രീകരണത്തിന് എത്താത്തതിനെ തുടര്‍ന്ന് ബി.ആര്‍. ചോപ്ര വൈജയന്തിമാലയെ നായികയാക്കി. ഈ നടപടി അത്തുള്ള ഖാനില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കി, നിര്‍മാണ കമ്പനിയെ കോടതിയില്‍ കയറ്റുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. എന്നാല്‍, അത്തുള്ള ഖാന്‍ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ മധുബാലയ്‌ക്കെതിരേ നിര്‍മാതാക്കള്‍ നിയമനടപടി സ്വീകരിച്ചു. കരാര്‍ ചെയ്ത ചിത്രത്തില്‍ മധുബാല പിര്‍മാറിയതിനെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിപ്പോയെന്നും സാമ്പത്തിക ബാധ്യതയുണ്ടായെന്നും ചൂണ്ടിക്കാട്ടിയുമാണ് പരാതി നല്‍കിയത്.

കേസ് കോടതിയിലെത്തിയപ്പോള്‍ ദിലീപ് കുമാര്‍ എല്ലാവരെയും ഞെട്ടിച്ച് മധുബാലയ്‌ക്കെതിരേ മൊഴി നല്‍കി. കേസില്‍ മധുബാല തോല്‍ക്കുകയും ചെയ്തു. മധുബാല ജയിലില്‍ പോകേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോള്‍ ബി.ആര്‍. ചോപ്ര മുന്‍കൈയെടുത്ത് പരാതി പിന്‍വലിച്ചു. ഈ കോടതി വ്യവഹാരങ്ങള്‍ അത്തുള്ള ഖാനില്‍ കടുത്ത മാനസിക വിഷമങ്ങളുണ്ടാക്കി. താനുമായുള്ള വിവാഹം നടക്കണമെങ്കില്‍ തന്റെ പിതാവിനോട് മാപ്പ് പറയണമെന്ന് മധുബാല ദീലീപിനോട് ആവശ്യപ്പെട്ടു.  അദ്ദേഹം കൂട്ടാക്കിയില്ല. അതോടു കൂടി വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധം അവസാനിപ്പിച്ച് മധുബാല ദിലീപില്‍നിന്ന് അകന്നു.  മുഗളെ അസമിന്റെ ചിത്രീകരണത്തിനിടെയാണ് മധുബാലയും ദിലീപ് കുമാറും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത്. പ്രണയരംഗങ്ങളില്‍ തകര്‍ത്തഭിനയിക്കുമ്പോഴും സംവിധായകന്‍ കട്ട് പറഞ്ഞാല്‍ ഇവര്‍ പരസ്പരം മിണ്ടാത്ത സാഹചര്യത്തിലെത്തുകയും ചെയ്തു.

എന്നാല്‍, മധുബാലയുടെ സഹോദരി മധൂര്‍ ഭൂഷണ്‍ അഭിമുഖത്തില്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സഹോദരിയുടെ സുരക്ഷിതത്വത്തെ ഓര്‍ത്താണ് പിതാവ് അന്നങ്ങനെ ചെയ്തതെന്ന് അവര്‍ പറയുന്നു

Dilip Kumar Madhubala Broken Love story Dilip Kumar passed away
കിഷോര്‍ കുമാറും മധുബാലയും

വളരെ വൈകാതെ തന്നെ മധുബാല ഗായകനും നടനുമായ കിഷോര്‍ കുമാറിനെ വിവാഹം ചെയ്തു. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ സമയത്താണ് മധുബാലയുടെ വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പരസ്പരം വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചുവെങ്കിലും 1969-ല്‍  മധുബാല മരിക്കുന്നത് വരെ ഇവര്‍ ഓദ്യോഗികമായി ഭാര്യയും ഭര്‍ത്താവുമായി തുടര്‍ന്നു. 

1966-ല്‍ ദീലീപ് കുമാര്‍ നടി സൈറ ബാനുവിനെ വിവാഹം ചെയ്തു. 22 വയസ്സിന്റെ പ്രായവ്യത്യാസം ഇവര്‍ തമ്മിലുണ്ടായിരുന്നു. 1981-ല്‍ ദിലീപ് ഹൈദരാബാദ് സ്വദേശിയായ അസ്മ ഷാഹിദയെ വിവാഹം ചെയ്തു. എന്നാല്‍, ആ ബന്ധത്തിന് വെറും രണ്ടു വര്‍ഷത്തെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍,  സൈറ ബാനുവുമായുള്ള വിവാഹം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട് അദ്ദേഹത്തിന്റെ മരണംവരെ നീണ്ടുനിന്നു.

Dilip Kumar Madhubala Broken Love story Dilip Kumar passed away
സൈറ ബാനുവും ദിലീപ് കുമാറും

Content Highlights: Dilip Kumar Madhubala Broken Love story, Dilip Kumar passed away, Life, Saira Banu