കൊച്ചി: “മധുബൻ മേ രാധിക നാച്ചേരെ ഗിരിധർ കി മുരളിയാ ബാജേ രേ...” നൗഷാദിന്റെ ഹമീർ രാഗസ്പർശമുള്ള ഈണവും മുഹമ്മദ് റഫിയുടെ ആലാപനവും ചേർന്നു സ്വപ്നംപോലൊരു മധുരഗാനം.... കൊച്ചി നാവികസേനാ താവളത്തിലെ ഗാനമേളയിൽ ഇബ്രാഹിം ആ ഗാനം പാടിത്തീരുമ്പോഴാണ് ചിത്രത്തിലെ നായകനായ ദിലീപ് കുമാർ സദസ്സിലേക്കു വരുന്നത്. നിറഞ്ഞ കൈയടികളോടെ സംഗീതപ്രേമികൾ ‘മധുബൻ’ ഗാനം ആലപിച്ച ഗായകന്‌ അഭിനന്ദനങ്ങളുടെ പൂക്കൾ സമ്മാനിക്കുമ്പോൾ അയാളുടെ കണ്ണുകൾ പക്ഷേ, ദിലീപ് കുമാറിന്റെ മുഖത്തായിരുന്നു. ആ മുഖം കണ്ട ധൈര്യത്തിൽ തന്നെയാണ് സംഘാടകരോടു പോലും ചോദിക്കാതെ അയാൾ മൈക്കിലൂടെ അനൗൺസ്‌മെന്റ് നടത്തിയത്. “ദിലീപ് സാബിനു വേണ്ടി ഞാൻ മധുബൻ ഗാനം ഒരിക്കൽ കൂടി പാടുന്നു. മധുബൻ മേ രാധിക... ഇബ്രാഹിം ഒരിക്കൽ കൂടി പാടി മുഴുമിച്ചപ്പോൾ ആദ്യം ഉയർന്നത് ദിലീപ് കുമാറിന്റെ കൈയടികളായിരുന്നു. ഗാനമേള തീർന്ന സമയത്ത് വേദിയിലേക്കു ചെന്ന്‌ ഇബ്രാഹിമിന്റെ കൈകൾ പിടിച്ച് ദിലീപ് പറഞ്ഞു, “അതിമനോഹരമായി നിങ്ങൾ പാടിയിരിക്കുന്നു. പോരുന്നോ നിങ്ങൾ ബോംബെയിലേക്ക്.” ആ ചോദ്യത്തിന്റെ ഉത്തരമായി ഇബ്രാഹിം മുംബൈയിലെത്തിയപ്പോൾ മലയാളത്തിന് സ്വന്തമായത് ഒരു ചരിത്രമായിരുന്നു. യേശുദാസിനു ശേഷം ഹിന്ദി സിനിമയിൽ പാടിയ മലയാളിയായി കൊച്ചിക്കാരൻ ഇബ്രാഹിം.

പാട്ടിനെ ഏറെ പ്രണയിച്ചിട്ടും ജീവിതത്തിൽ അധികമൊന്നും നേടാനാകാതെ ഇന്നും വാടകവീട്ടിൽ കഴിയുന്നു ഇബ്രാഹിം.

മുംെബെയിലെത്തിയപ്പോഴാണ്‌ ‘ആത്മരക്ഷ’ എന്ന സിനിമയിൽ പാടാൻ എനിക്ക് അദ്ദേഹം അവസരം തന്നത്. ജമീൽ അക്തറിന്റെ വരികൾക്ക്‌ ഉഷ ഖന്ന ഈണമിട്ട പാട്ട് ഞാൻ ജീവിതത്തിലെ ഏറ്റവും വലിയൊരു സമ്മാനമായിട്ടാണ് പാടിയത്. പക്ഷേ, എന്റെ നിർഭാഗ്യത്താൽ ആ സിനിമ റിലീസാകാതെ പോയി. സ്നേഹവും മര്യാദയുമുള്ള നല്ലൊരു മനുഷ്യനായിരുന്നു ദിലീപ് സാബ്. അദ്ദേഹത്തിന്റെ ബംഗ്ലാവിലേക്ക്‌ എന്നെപ്പോലെ ഒരു സാധാരണക്കാരനെ ക്ഷണിച്ചതുതന്നെ വലിയ കാര്യമാണ്. ‘ആത്മരക്ഷ’യിലെ പാട്ടുകൾ റെക്കോഡ് ചെയ്യുന്നതിനു മുമ്പ് ബംഗ്ലാവിൽ വെച്ച്‌ അദ്ദേഹം എന്നെക്കൊണ്ടു പാടിച്ചുകേട്ടിരുന്നു. ഉച്ചാരണത്തിൽ ചില തിരുത്തലുകളും അദ്ദേഹം പറഞ്ഞു തന്നു - ഇബ്രാഹിം പറഞ്ഞു.

“ബോംബെയിൽ തന്നെ എന്നോടു നിൽക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അവിടെ നിന്നാലേ ഹിന്ദി സിനിമയിൽ കൂടുതൽ അവസരം കിട്ടുകയുള്ളൂവെന്നും ദിലീപ് സാബ് പറഞ്ഞിരുന്നു. ഹിന്ദി സിനിമാ സംഗീതരംഗത്തെ കുലപതികളായ ആർ.ഡി. ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങിയവരെയൊക്കെ ദിലീപ് സാബ് എനിക്കു പരിചയപ്പെടുത്തിത്തന്നിരുന്നു. അവരുടെയൊക്കെ അടുക്കൽ ചെന്ന് എനിക്ക് പാടാൻ പറ്റിയതും ദിലീപ് സാബ് പറഞ്ഞതുകൊണ്ടു മാത്രമായിരുന്നു. പക്ഷേ, അധികകാലം ബോംബെയിൽ നിൽക്കാൻ എനിക്ക് പറ്റിയില്ല. നിന്നിരുന്നെങ്കിൽ ഒരുപക്ഷേ.... ഇബ്രാഹിമിന്റെ വാക്കുകൾ ശ്രുതിഭംഗം പോലെ മുറിഞ്ഞുനിന്നു.

Content  Highlights: Cochin Ibrahim singer remembers Dilip Kumar, Malayalam, Musician, Athamaraksha