ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി സിനിമാ താരങ്ങളായ ശബാനാ  ആസ്മി, അജയ് ദേവ്ഗണ്‍, ആമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരും ആരാധകരും താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു.

നിരുപമമായ പ്രതിഭകൊണ്ട് തലമുറകളെ സ്വാധീനിച്ച മഹാനടന്‍ എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

1944 ല്‍ അഭിനയജീവിതം ആരംഭിച്ചു. ജ്വാര്‍ ഭാട്ടയായിരുന്നു ആദ്യ ചിത്രം. മെത്തേഡ് ആക്ടിങ് എന്താണെന്ന് ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത് ദിലീപ് കുമാറാണ്. ദേവദാസ്, നയാ ദോര്‍, മുഗളെ ആസം, ഗംഗജമുന, അന്താസ്, ബാബുല്‍, ക്രാംന്തി, ദീദാര്‍, വിധാത, സൗദാഗര്‍, കര്‍മ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. അഞ്ച് പതിറ്റാണ്ട് സിനിമയില്‍ ഉണ്ടായിരുന്നുവെങ്കിലും അഭിനയിച്ചത് വെറും 65 സിനിമകളില്‍. 

അഭിനയിച്ച സിനിമകളുടെ വിജയവും പേരും പ്രശസ്തിയും അങ്ങനെ ജീവിതത്തിന്റെ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് ദിലീപ് കുമാറിനെ വിഷാദരോഗം പിടികൂടുന്നത്. സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ പലതും മനസ്സിന്റെ പടിയിറങ്ങി പോകാത്തതായിരുന്നു ദിലീപിന്റെ പ്രശ്‌നം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ദുരന്തനായക കഥാപാത്രങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ദിലീപ് തീരുമാനിച്ചു. 1955 ല്‍ പുറത്തിറങ്ങിയ ആസാദ് എന്ന ചിത്രം ദിലീപിനെ സംബന്ധിച്ച്  ഒരു പുതിയ തുടക്കമായിരുന്നു. 

1976 ല്‍ പുറത്തിറങ്ങിയ ബൈരാഗ് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്നു ദിലീപ് കുമാര്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനോജ് കുമാറിന്റെ ക്രാന്തിയിലൂടെ മടങ്ങിയെത്തി. വലിയ താരനിര അണിനിരന്ന ക്രാന്തി ഗംഭീര വിജയമായിരുന്നു. 1991ല്‍ പുറത്തിറങ്ങിയ സൗദാഗര്‍ എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ നീണ്ട് ഇടവേള. പിന്നീട് ഉമേഷ് മെഹ്‌റയുടെ കിലയോടെ അഭിനയ ജീവിതത്തോട് എന്നന്നേക്കുമായി വിടപറഞ്ഞു ദിലീപ്.

Content Highlights: Hindi Cinema actor Dilip Kumar passed away, Movies, life