താര ഇതിഹാസം ദിലീപ് കുമാർ വിടവാങ്ങിയതിന്റെ വേദനയിലാണ് ഇന്ത്യൻ സിനിമാ ലോകം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 

1922ൽ പാകിസ്താനിലെ പെഷാവറിൽ ജനിച്ച യൂസഫ് ഖാനാണ് പിൽക്കാലത്ത് ഇന്ത്യൻ സിനിമാ ആസ്വാദകരുടെ സ്വന്തം ദിലീപ് കുമാറായി മാറിയത്. എങ്കിലും ബോളിവുഡിന്റെ ആദ്യത്തെ ഖാൻ ആയി ആരാധകർ കാണുന്നത് ദിലീപ് കുമാറിനെയാണെന്നത് രസകരമായ വസ്തുത. നാസികില്ലെ സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിലീപ് കുമാറിന്റെ ബാല്യകാല സുഹൃത്ത് തന്നെ പിൽക്കാലത്ത് അദ്ദേഹത്തിന്റെ സഹപ്രവർത്തകനുമായി മാറി. സാക്ഷാൽ രാജ് കപൂർ. 

പഴക്കച്ചവടക്കാരനായിരുന്ന പിതാവിനെ സഹായിക്കാനായി പൂനെ ആർമി ക്ലബ്ബിൽ സാൻവിച്ച് സ്റ്റാൾ നടത്തിയിട്ടുണ്ട് ദിലീപ് കുമാർ. കുടുംബത്തെ സഹായിക്കാനായി മുംബൈയിലേക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാൽ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. മുംബൈയിൽ വച്ച് ഡോക്ടർ മസാനിയെ കണ്ടുമുട്ടുന്ന ദിലീപിനെ അദ്ദേഹം നടിയും വിഖ്യാത ഫിലിം സ്റ്റുഡിയോ ബോംബെ ടാക്കീസിന്റെ ഉടമസ്ഥയുമായ ദേവിക റാണിക്ക് പരിചയപ്പെടുത്തുന്നു. ആ കണ്ടുമുട്ടലാണ് ദിലീപ് കുമാറിന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. 

ദേവികാ റാണി ദിലീപ് കുമാറിനെ മാനേജരായി നിയമിച്ചു. പിന്നീട് അഭിനേതാവുമായി.ദേവികയുടെ ഉപദേശപ്രകാരമാണ് അദ്ദേഹം പേര് മാറ്റുന്നതും.  തൊട്ടടുത്ത വർഷമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ജ്വാർ ഭട്ട റിലീസ് ചെയ്യുന്നത്. ആദ്യ സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഇതിഹാസമാകയി അദ്ദേഹം മാറി.  വെറും റൊമാന്റിക് ഹീറോ പരിവേഷത്തിൽ ഒതുങ്ങാതെ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാർ വേറിട്ടുനിന്നു. ദേവ്ദാസ്, ആന്ദാസ്, മുഗൾ ഇ അസം തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ 'ട്രാജഡി കിംഗ്' അല്ലെങ്കിൽ 'വിഷാദ നായകൻ' എന്ന പേരും ആരാധകർ ചാർത്തിക്കൊടുത്തു.

ഉർദു, ഹിന്ദി, പഞ്ചാബി, അവാധി, ഭോജ്പുരി, മറാത്തി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിൽ അദ്ദേഹത്തിന് നൈപുണ്യമുണ്ടായിരുന്നു. ഖുറാനും ഭഗവത് ഗീതയും ഒരുപോലെ ഹൃദിസ്ഥം. 

91ൽ പത്മഭൂഷണും 2015 ൽ പത്മവിഭൂഷണും നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 94ൽ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 1998 ൽ പാകിസ്താൻ സർക്കാറിന്റെ പരമോന്നത സിവിലിയൻ അവാർഡായ നിഷാൻ-ഇ-ഇംതിയാസ് പുരസ്‌കാരം  അദ്ദേഹത്തിന് ലഭിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തൊട്ടടുത്ത വർഷം ഇരു രാജ്യങ്ങളും തമ്മിൽ കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഈ പുരസ്‌കാരം തിരികെ നൽകണമെന്ന് ശിവസേന മേധാവി ബാൽ താക്കറെ ദിലീപ് കുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ ദിലീപ് കുമാർ വിസമ്മതിക്കുകയും അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ ഈ വിഷയം ചർച്ച ചെയ്യാനായി സന്ദർശിക്കുകയും ചെയ്തു. ദിലീപ് കുമാറിന്റെ ദേശസ്നേഹത്തെക്കുറിച്ചും രാജ്യത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ചും യാതൊരു സംശയവുമില്ലെന്ന് ബാജ്‌പേയ് പിന്നീട് പ്രഖ്യാപിച്ചതോടെ ആ വിവാദങ്ങൾ കെട്ടടങ്ങിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Content Highlights : Actor Dilip Kumar life story controversy recieving Pakistan government's highest civilian award