ഷ്യക്കാരന്‍ കോണ്‍സ്റ്റാന്റിന്‍ സ്റ്റാനിസ്ലാവ്‌സ്‌കി അഭിനയ പാരമ്പര്യത്തിന്റെ പുതിയൊരു ഏട് കുറിക്കുന്ന കാലത്ത് കഷ്ടിച്ച് പതിനാലു വയസേ പ്രായമുണ്ടായിരുന്നുള്ളൂ മുഹമ്മദ് യൂസുഫ് ഖാന്‍ എന്ന ദിലീപ് കുമാറിന്. സ്വാഭാവിക അഭിനയത്തിന്റെ പുത്തന്‍ വഴിവെട്ടി സ്റ്റാനിസ്ലാവസ്‌കി മണ്‍മറഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അഭിനയമോഹവുമായി പേഷ്‌വാറില്‍ നിന്ന് ദിലീപ് കുമാര്‍ ദേവികാ റാണിയുടെ ബോംബെ ടോക്കീസിലേയ്ക്ക് ചെന്നുകയറുന്നത്. സ്റ്റാനിസ്ലാവ്‌സ്‌കിയുടെ മെത്തേഡ് ആക്ടിങ്ങിനെ മുഖ്യധാരാ ലോകസിനിമയുടെ അഭിനയ പാരമ്പര്യവുമായി വിളക്കിച്ചേര്‍ത്തതിന്റെ ഖ്യാതി ഹോളിവുഡ് ഇതിഹാസം മെര്‍ലന്‍ ബ്രാന്‍ഡോയ്ക്കാണ് ചാര്‍ത്തിക്കിട്ടിയതെങ്കിലും ബ്രാന്‍ഡോബ്രാന്‍ഡ് ഹോളിവുഡില്‍ ചുവടുറപ്പിക്കും മുന്‍പ് തന്നെ നിശബ്ദമായി ഇതേ പാതയില്‍ സഞ്ചരിച്ച് ബോളിവുഡില്‍ സ്വന്തമായൊരു ഇടം വെട്ടിപ്പിടിച്ചയാളായിരുന്നു ദിലീപ് കുമാര്‍. ആദ്യചിത്രമായ ദി ഈഗിള്‍ ഹാസ് ടു ഹെഡ്‌സിലെ അടക്കിപ്പിടിച്ച സ്വാഭാവിക അഭിനയത്തിന് നിര്‍മാതാവ് ജാക് വില്‍സണില്‍ നിന്ന് പഴികേട്ട ചരിത്രമുണ്ട് ബ്രാന്‍ഡോയ്ക്ക്. പില്‍ക്കാലത്ത് ഇതേ സ്റ്റാനിസ്ലാവ്‌സ്‌കി ശൈലിയെ പരസ്യമായി തള്ളിപ്പറയുക കൂടി ചെയ്തു ബ്രാന്‍ഡോ.

അവസാന ചിത്രമായ ക്വിലയുടെ നിരൂപണത്തില്‍ കാലഹരണപ്പെട്ട അഭിനയശൈലിയെന്ന് ഒരു പുത്തന്‍കൂറ്റ് വിമര്‍ശകന്‍ പഴിച്ച ചരിത്രമുണ്ട് ദിലീപ്കുമാറിനും. എന്നാല്‍, താന്‍ വായിച്ചുപോലും അറിയാത്ത ഈ സ്റ്റാനിസ്ലാവ്‌സ്‌കി ശൈലി വഴി സ്വന്തമായൊരു ഇരിപ്പിടം ഒരുക്കിയെടുക്കുക മാത്രമല്ല, നസറുദ്ദീന്‍ഷായും അനുപം ഖേറും നവാസുദ്ദീന്‍ സിദ്ധിഖിയും ഇര്‍ഫന്‍ ഖാനും മനോജ് ബാജ്‌പെയിയും വരെ നീളുന്ന വലിയൊരു തലമുറയെ ഇളകിയാട്ടങ്ങളുടെ ആടയാഭരണങ്ങള്‍ അഴിച്ചുവച്ച് ഭാവതീവ്രമായ സ്വാഭാവിക അഭിനയത്തിന്റെ ഒതുക്കമുളള പാതയിലേയ്ക്ക് കൈപിടിച്ചുനയിക്കുക എന്ന വലിയൊരു ഉദ്യമം കൂടി സഫലമാക്കി ദിലീപ്കുമാര്‍. അഭിനയത്തിന്റെ കാര്യത്തില്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നു ഇന്ത്യന്‍ സിനിമ ദിലീപ്കുമാറിനോട്.

സ്വാഭാവിക അഭിനയത്തിന് മെര്‍ലന്‍ ബ്രാന്‍ഡോയുടെ പിന്‍ഗാമിപ്പട്ടം ചാര്‍ത്തിക്കിട്ടിയവര്‍ ഏറെയുണ്ട് മലയാളത്തില്‍ പോലും. എന്നാല്‍, ബ്രാന്‍ഡോയ്ക്ക് മുന്‍പേ യഥാർഥ മെത്തേഡ് ആക്ടിങ്ങിന്റെ പാതയിലേയ്ക്ക് ഇറങ്ങിയ ആളാണ് ദിലീപ്കുമാര്‍. കവി ഗുല്‍സാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ഇക്കാര്യം. ഹോളിവുഡിലെ അഭിനയകാലത്തെ ബ്രാന്‍ഡോയ്ക്ക് മുന്‍പും പിന്‍പും എന്ന് അടയാളപ്പെടുത്തണമെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസേസി. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു അഭിനയകാല വേര്‍തിരിവിന് അര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അത് ഒരുപക്ഷേ, ദിലീപ്കുമാറിന് മാത്രമായിരിക്കും. അരങ്ങിന്റെ അതിനാടകീയതയുടെ പാരമ്പര്യത്തില്‍ നിന്ന് ഇന്ത്യന്‍ അഭിനയകലയെ പുരികക്കൊടിയുടെ ചെറുചലനം പോലും ഒപ്പിയെടുക്കാവുന്ന ക്യാമറക്കാലത്തിനുവേണ്ടി പരുവപ്പെടുത്തിയെടുത്തത് ദിലീപ്കുമാറാണ്. ഗംഗ ജമുനയിലെ അഭിനയം കണ്ട് കണ്ണുമിഴിച്ചിരുന്നുപോയ അനുഭവം തുറന്നുപറഞ്ഞത് മറ്റാരുമല്ല, ബിഗ് ബിയാണ്. ഉത്തര്‍പ്രദേശുകാരനല്ലാത്ത ഒരാള്‍ അവദി ഭാഷ ഒഴുക്കോടെ പറയുന്നത് അവിശ്വസനീയമായാണ് കേട്ടിരുന്നതെന്ന് ദിലീപ്കുമാറിന്റെ എണ്‍പത്തിയൊന്‍പതാം പിറന്നാളിന് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.

ഡോ.മസാനിയെന്ന പഴയ അധ്യാപകനൊപ്പം ജോലി തേടി ബോംബെ ടാക്കീസിലെത്തി ദേവികാറാണിയമായി പ്രതിമാസം 1250 രൂപ പ്രതിഫലത്തിന് കരാര്‍ ഒപ്പിടുന്ന കാലത്ത് സ്റ്റാനിസ്ലാവ്‌സ്‌കിയുടെ 'ആന്‍ ആക്ടര്‍ പ്രിപ്പേഴ്‌സിനെ കുറിച്ച് കേട്ടറിവുപോലുമുണ്ടായിരുന്നില്ല ദിലീപ്കുമാറിന്. അഭിനയത്തിന്റെ ബാലപാഠങ്ങളെക്കുറിച്ച് അത്രപോലുമുണ്ടായിരുന്നില്ല അറിവ്.  നിത്യവൃത്തിക്ക് സാന്‍ഡ്‌വിച്ച് കട നടത്തിക്കിട്ടിയ കാശുമായി വന്ന പയ്യന് മുന്നില്‍ നടനാവാനുള്ള ഓഫര്‍ മുന്നോട്ടുവച്ച് ദേവികറാണിതന്നെ. ചെന്നുകയറിയതാവട്ടെ ഒരു അഭിനയസിംഹത്തിന്റെ മടയിലേയ്ക്കും. കുമുദ്‌ലുല്‍ ഗാംഗുലി എന്ന അശോക്കുമാറിന്റെ അടുക്കലെത്തുമ്പോള്‍ ഇത്തിരി അഭിനയവും അത്ര തന്നെ ഇംഗ്ലീഷും മാത്രമായിരുന്നു യൂസുഫ് ഖാന് വശം. ഉളളിലൊളിപ്പിച്ച അഭിനയമോഹവുമായി വന്ന പതിനെട്ടുകാരന്‍ പയ്യനോട് കണ്ടപാടെ 'അഭിനയിച്ചു'പോകുരുതെന്ന് ഒറ്റവാക്കില്‍ തിട്ടൂരം കൊടുക്കുകയാണ് ചെയ്തത് അശോക്കുമാര്‍. അന്ന് പ്രബലരായിരുന്ന പാര്‍സി തിയ്യേറ്ററിന്റെ സ്വാധീനമുള്ള അമിതാഭിനയത്തെ പടിക്ക് പുറത്തുനിര്‍ത്തി സ്വാഭാവിക അഭിനയത്തിന്റെ മേലങ്കയണിയാന്‍ ആവശ്യപ്പെടുകയായിരുന്നു ദാദാമൊനി.

dilip kumar
ദിലീപ് കുമാർ രാജ്കപൂർ, ദേവ് ആനന്ദ് എന്നിവർക്കൊപ്പം

1940 ല്‍ പുറത്തിറങ്ങിയ ജ്വാല്‍ ഭാട്ട മുതല്‍ 98ല്‍ വെളിച്ചംകണ്ട ക്വില വരെ ഗുരുവിന്റെ ഉപദേശം അക്ഷരംപ്രതി അനുസരിച്ചു, ദേവികാ റാണി വെള്ളിത്തിരയില്‍ ദിലീപ്കുമാറായി ജ്ഞാനസ്‌നാനം ചെയ്ത മുഹമ്മദ് യൂസുഫ് ഖാന്‍ എന്ന ചെറുപ്പക്കാരന്‍. നടനല്ല, കഥാപാത്രമാണ്, അയാളുടെ മനോവ്യാപാരങ്ങളാണ് മുഖ്യം എന്ന മെത്തേഡ് ആക്ടിങ്ങിന്റെ ആദ്യപാഠത്തില്‍ നിന്ന് തെല്ലിട മാറിനടന്നില്ല അവസാനഷോട്ട് വരെ ദിലീപ്കുമാര്‍. പിന്തുടര്‍ന്നെത്തിയ തലമുറകള്‍ വള്ളിപുള്ളി തെറ്റാതെ പകര്‍ത്തിവച്ച ഈ അഭിനയശൈലിയുടെ ഗുട്ടന്‍സ് ആരാഞ്ഞ ഷാരൂഖ് ഖാനോട് ഒരിക്കല്‍ സ്‌നേഹത്തോടെ കൈകള്‍ ചേര്‍ത്തുപിടിച്ച് പറഞ്ഞു, ബോളിവുഡിന്റെ 'ആദ്യ ഖാന്‍': 'താന്‍ പകര്‍ത്തിവയ്ക്കുന്ന കഥാപാത്രത്തേക്കാള്‍ വലുതാവാന്‍ ഒരു നടനും കഴിയില്ല.'

ബാല്യകാല സുഹൃത്തും അയല്‍വാസിയുമായ രാജ്കപൂറും ദേവ് ആനന്ദും കിരീടംവച്ച് വിലസുന്ന കാലത്ത് ബോളിവുഡില്‍ വേരറ്റ് വീഴാതെ പിടിച്ചുനില്‍ക്കാന്‍ ദിലീപ്കുമാറിന് ബലമേകിയത് ഇയൊരു മൂലമന്ത്രം തന്നെയാണ്. ഇതിന്റെ ചുവടുപിടിച്ച് പിന്തുടര്‍ന്ന് വേറിട്ടശൈലിയാണ്. ആദ്യചിത്രത്തിലെ അഭിനയത്തിന് വിളറിവെളുത്ത നായകനെന്ന പരിഹാസം ചൊരിഞ്ഞവര്‍ തന്നെ തൊട്ടടുത്ത പടത്തില്‍ പ്രശംസ വാരിക്കോരിച്ചൊരിഞ്ഞതിന്റെ കാരണം മറ്റൊന്നല്ല. തന്നെ തേടിവന്ന കഥാപാത്രങ്ങളിലേയ്ക്ക് അക്ഷരാര്‍ഥത്തില്‍ തന്നെ ഇറങ്ങിച്ചെന്നു ദിലീപ്. അടിമുടി കഥാപാത്രമായി മാറി. ഡാഗിലെ ശങ്കറായി ലഹരിയില്‍ മുങ്ങിക്കുളിച്ചു. ദേവദാസ് ആകാന്‍ ഒരുപോലെ മദ്യവും വ്യസനവും മോന്തിക്കുടിച്ചു. കോഹിനൂറിലെ നൗഷാദിന്റെ മധുബന്‍ മേയ്ന്‍ രാധികയ്ക്കായി ഒരുവര്‍ഷത്തോളം സിത്താര്‍ പഠിച്ചു. ഗംഗ ജമുനയില്‍ ബോജ്പുരിയും അവദിയും സംസാരിക്കാന്‍ സ്വന്തം തോട്ടക്കാരന്റെ കൂടെ ജോലി ചെയ്തു. ഗംഗ ജമുനയിലെ അന്ത്യരംഗത്തിനുവേണ്ടി സ്റ്റുഡിയോയ്ക്ക് ചുറ്റും ഓടിത്തളര്‍ന്നു. ബച്ചനൊപ്പംാദ്യമായി ഒന്നിച്ച ശക്തിയിലെ ശോകരംഗം കൊഴുപ്പിക്കാന്‍ സഹോദരന്റെ മരണകാലത്തിലേയ്ക്ക് മുങ്ങാങ്കുഴിയിട്ടു. ദീദറില്‍ അന്ധനാവാന്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ അന്ധനായ ഭിക്ഷക്കാരന്റെ പിറകെ അലഞ്ഞു. ദേവദാസിലും ദീദറിലും അര്‍സൂവിലും മഷാലിലും സങ്കടവേഷങ്ങള്‍ ആടിയാടി ഒടുവില്‍ കടുത്ത വിഷാദത്തിന്റെ കയത്തിലാവുക വരെ ചെയ്തു. മനഃശാസ്ത്രഞ്ജന്റെ ഉപദേശം വേണ്ടിവന്നു മറ്റു വേഷങ്ങളിലേയ്ക്ക് കൂടുമാറി ജീവിതത്തിലേയ്ക്ക് കരകയറാന്‍. കുടിച്ചുജീവിതം തുലച്ച ഡാഗിലെ ശങ്കര്‍ ആദ്യ ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തു.

ചാര്‍ളി ചാപ്ലിന്റെ പാതിയില്‍ സഞ്ചരിക്കുന്ന രാജ്കപൂറും ഗ്രിഗറി പെക്കിനെ പോലുള്ളവരുടെ പോളിഷ്ഡ് സ്‌റ്റൈല്‍ മുഖമുദ്രയാക്കിയ ദേവ് ആനന്ദും വിലസുന്ന കാലത്ത് അത്രകണ്ട് പരിചിതമായിരുന്നില്ല ഇന്ത്യന്‍ സിനിമയ്ക്ക് ദിലീപ് കുമാറിന്റെ സ്വാഭാവികശൈലി. അത്രപോലും പരിചിതമായിരുന്നില്ല അതിനുവേണ്ടിയുള്ള കഠിനമായ ഗൃഹപാഠവും മുന്നൊരുക്കങ്ങളും. രാജ്കപൂറും ദേവ് ആനന്ദും ശൈലിീവല്ലഭന്മാരായി മാറിയപ്പോള്‍ അതില്‍ നിന്നു കുതറിമാറി നടക്കാന്‍ ദിലീപ് കുമാറിന് കഴിഞ്ഞതിന്റെ പൊരുള്‍ മറ്റൊന്നല്ല. ശോകവേഷങ്ങളില്‍ നിന്ന് കോമഡിയിലേയ്ക്ക് വരെ മാറാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല ദിലീപ്കുമാറിന്. മെത്തേഡ് ആക്ടിങ്ങിന്റെ അപോസ്തലനെന്ന് ലോകംവാഴ്ത്തുന്ന മെര്‍ലന്‍ ബ്രാന്‍ഡോ ഹോങ്‌കോങ്ങും എ റിഫ്‌ളക്ഷന്‍സ് ഇന്‍ ഗോള്‍ഡന്‍ ഐയും കാന്‍ഡിയും പോലുള്ള ഫ്‌ളോപ്പുകളമായി മല്ലിട്ട് തളരുന്ന കാലമായിരുന്നു ഇത്. ഒടുവില്‍ ഒരു ഗോഡ്ഫാദര്‍ വേണ്ടിവന്നു ബ്രാന്‍ഡോയ്ക്ക് തിരിച്ചുവരാന്‍. അപ്പൊഴേയ്ക്കും പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറിക്കൊടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചുതുടങ്ങിയിരുന്നു ദിലീപ്കുമാര്‍.

പിറകെ വന്ന അഭിനേതാക്കള്‍ക്ക് മാത്രമല്ല, നവസിനിമയുടെ പാതയിലേയ്ക്ക് ചുവടുവച്ച സംവിധായകര്‍ക്കും ദിലീപ് കുമാര്‍ എന്ന സ്വാഭാവിക നടന്‍ ഒരു വലിയ ആത്മവിശ്വാസമായിരുന്നു. പരീക്ഷണങ്ങള്‍ക്കുള്ള വലിയ ഊര്‍ജമായിരുന്നു. ബ്രാന്‍ഡോ അല്‍ പാച്ചിനോയ്ക്കും റോബര്‍ട്ട് ഡി നീറോയ്ക്കും വഴിയൊരുക്കിയതുപോലെ നസിറുദ്ദീന്‍ ഷായും ഇര്‍ഫന്‍ ഖാനും പോലുള്ള നടന്മാര്‍ക്കും ബിമല്‍ റോയിയെ പോലുള്ള സംവിധായകര്‍ക്കും വഴിയില്‍ വിളക്കുകാലായിരുന്നു ദിലീപ്കുമാര്‍.

dilip kumar
ദിലീപ് കുമാറും സൈറ ബാനുവും

എണ്ണമറ്റ മികച്ച വേഷങ്ങള്‍ അനശ്വരമാക്കിയ ചരിത്രം മാത്രമല്ല, ദിലീപ്കുമാറിനുള്ളത്. ഒരുപക്ഷേ, അതിലും ശ്രദ്ധേയമായ വേഷങ്ങള്‍ തിരസ്‌കരിച്ച വിചിത്രമായ ചരിത്രം കൂടിയുണ്ട് ബോളിവുഡിന്റെ എക്കാലത്തെയും മികച്ച വിഷാദനായകന്. ഹോളിവുഡ് സംവിധാനത്തില്‍ താനൊരു അന്യനായിരിക്കുമെന്ന ന്യായം പറഞ്ഞ് ദിലീപ് കുമാര്‍ ഡേവിഡ് ലീനിന്റെ ലോറന്‍സ് ഓഫ് അറേബ്യയിലെ അലി രാജകുമാരന്റെ വേഷം നിരസിച്ചത് ഇന്ന് അവിശ്വസനീയമാണ്. പകരമെത്തിയ ഒമര്‍ ഷെരീഫ്  ഈയൊരൊറ്റ വേഷത്തോടെ ആഗോള സൂപ്പര്‍സ്റ്റാറായി മാറിയതും ലോ സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നായി അലി രാജകുമാരന്റെ എന്‍ട്രി തിരഞ്ഞെടുക്കപ്പെട്ടതുമെല്ലാം നഷ്ടചരിത്രങ്ങള്‍. ലീന്‍ തന്നെ താജ്മഹല്‍ എന്ന ചിത്രത്തില്‍ എലിസബത്ത് ടെയ്‌ലറുടെ നായകനാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ചിത്രം പലകാരണങ്ങള്‍ കൊണ്ടും തുടങ്ങാനായില്ല. ദേവദാസിലെ നായകന്റെ തുടര്‍ച്ചയാണെന്ന് തോന്നലുണ്ടാക്കും എന്നായിരുന്നു ഗുരുദത്തിന്റെ പ്യാസയിലെ വേഷം നിരസിച്ചത്.

ഇതൊക്കെ വ്യക്തിപരമായി വലിയ നഷ്ടങ്ങളായി ഇന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അതൊരമൊരു നഷ്ടബോധം ഒരിക്കലും ദിലീപ്കുമാറിനെ വേട്ടയാടിയിട്ടില്ല. താന്‍ അഭിനയിക്കുമായിരുന്നതിനേക്കാള്‍ എത്രയോ ഗംഭീരമായാണ് ഒമര്‍ ഷെരീഫ് ലോറന്‍സ് ഓഫ് അറേബ്യയില്‍ അഭിനയിച്ചതെന്നാണ് ദി സബ്‌സ്റ്റന്‍സ് ആന്‍ഡ് ദി ഷാഡോ എന്ന തന്റെ ആത്മകഥയില്‍ ദിലീപ്കുമാര്‍ കുറിച്ചത്. കഥാപാത്രമാണ് സബസ്റ്റന്‍സ് എന്നും നടന്‍ വെറും ഷാഡോയാണെന്നും പുതിയ കാലത്ത് എത്ര നായകര്‍ അംഗീകരിക്കുമെന്ന് വ്യക്തമല്ല. വലിയ നഷ്ടങ്ങള്‍ സഹിച്ചും ദിലീപ്കുമാര്‍ ആ നിലപാട് മുറുക്കെപിടിച്ചു. അഭിനയത്തില്‍ മാത്രമല്ല, ജീവിതത്തിലും ഇത്തരം ചില മെത്തേഡുകള്‍, ചില രീതികള്‍ മുറുക്കെപിടിച്ചിരുന്നു ദിലീപ്കുമാര്‍. പുതിയ കാല അഭിനേതാക്കള്‍ കണ്ടുപഠിക്കേണ്ട ഇത്തരം രീതികള്‍ കൂടിയാണ് ദിലീപ്കുമാര്‍ ബാക്കിവയ്ക്കുന്നത്.

Content Highlights: Actor Dilip Kumar Bollywood Method Acting