ന്യൂല്‍ഹി: അന്തരിച്ച ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന്റെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചലച്ചിത്ര ഇതിഹാസം എന്ന നിലയിലാണ് ദിലീപ് കുമാര്‍ ഓര്‍മിക്കപ്പെടുകയെന്നും അദ്ദേഹത്തിന്റെ മരണം സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ചലച്ചിത്ര ഇതിഹാസം എന്ന നിലയിലാണ് ദീലീപ് കുമാര്‍ ഓര്‍മിക്കപ്പെടുക.  അദ്ദേഹത്തിന്റെ വേര്‍പാട്‌ നമ്മുടെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അസംഖ്യം ആരാധകര്‍ക്കും ആരാധകര്‍ക്കും അനുശോചനം അര്‍പ്പിക്കുന്നു. - മോദി ട്വിറ്ററില്‍ കുറിച്ചു. 

ദിലീപ് കുമാറിന്റെ വിടവാങ്ങലോടെ ഒരു യുഗം അവസാനിച്ചു എന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചത്. ദിലീപ് കുമാറിന്റെ വശ്യത അതിര്‍ത്തികളെ മറികടന്നുവെന്നും ഉപഭൂഖണ്ഡത്തിലാകെ അദ്ദേഹം സ്‌നേഹിക്കപ്പെട്ടുവെന്നും രാഷ്ട്രപതി പറഞ്ഞു. അദ്ദേഹം എക്കാലവും ഇന്ത്യയുടെ ഹൃദയത്തില്‍ ജീവിക്കുമെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേര്‍ത്തു. 

മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു ദീലീപ് കുമാറിന്റെ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

Content Highlights: ‘Blessed with unparalleled brilliance’; PM Modi condoles Dilip Kumar’s death