തിരുവനന്തപുരം: നാലേ നാലുചോദ്യങ്ങള്‍. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കണിശമായ ചോദ്യങ്ങള്‍ക്കുമുന്നില്‍ ദിലീപ് പതറി. നാലാംചോദ്യത്തിന് ഉത്തരംപറയാന്‍ കഴിയാതായപ്പോഴേക്കും ദിലീപിനെ അറസ്റ്റുചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച്‌ െഎ.ജി. ദിനേന്ദ്ര കശ്യപിന് ബെഹ്‌റ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ബെഹ്‌റയുടെ ചോദ്യങ്ങള്‍. നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍.
 
മൂന്നുചോദ്യങ്ങളില്‍ത്തന്നെ മൊഴികളിലെ വൈരുധ്യം പ്രകടമായി പുറത്തുകൊണ്ടുവരാന്‍ ബെഹ്‌റയ്ക്കായി. അറസ്റ്റിനുമുമ്പുള്ള അവസാന സ്ഥിരീകരണം മാത്രമായിരുന്നു ഇത്. എന്‍.ഐ.എ.യില്‍ ഓപ്പറേഷന്‍ വിഭാഗം ഐ.ജി.യായിരിക്കെ മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്കയിലെത്തി ചോദ്യംചെയ്തിട്ടുള്ള ബെഹ്‌റയ്ക്കുമുന്നില്‍ ദിലീപിന് പിടിച്ചുനില്‍ക്കാനായില്ല. ദിലീപിന്റെ അറസ്റ്റ് അനിവാര്യമായ സാഹചര്യത്തില്‍ ഞായറാഴ്ച ഐ.ജി. ദിനേന്ദ്ര കശ്യപിനെ തിരുവനന്തപുരത്തേക്ക് പോലീസ് മേധാവി വിളിച്ചുവരുത്തിയിരുന്നു. പോലീസ് ആസ്ഥാനത്തുനിന്നുമാറി വിജിലന്‍സ് ആസ്ഥാനത്തെ തന്റെ ഓഫീസ് മുറിയിലിരുന്ന് 910 പേജുകളുള്ള മൊഴികള്‍ അദ്ദേഹം പരിശോധിച്ചു. തിങ്കളാഴ്ച നടനെ അറസ്റ്റുചെയ്യേണ്ടിവരുമെന്ന് ഞായറാഴ്ചതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ബെഹ്‌റ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാതാക്കുന്നതിന് പ്രതികളൊരുക്കിയ കുരുക്കുകള്‍ അഴിക്കുന്നതിന് ശാസ്ത്രീയമാര്‍ഗങ്ങളാണ് അന്വേഷണസംഘം ആശ്രയിച്ചത്. സമൂഹത്തിലെ ഉന്നതരെന്നനിലയില്‍ പ്രതികളെ പരിധിവിട്ട് ചോദ്യംചെയ്യുന്നതിന് പരിമിതികളുമുണ്ടായിരുന്നു. സി.ബി.ഐ.യില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുപരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ അനുഭവസമ്പത്തും ഇക്കാര്യത്തില്‍ പ്രയോജനംചെയ്തു.
 
കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി സഹതടവുകാരോട് സംഭവത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അന്വേഷണസംഘം ഒരു പോലീസുകാരനെത്തന്നെ തടവുകാരനെന്ന നിലയില്‍ കാക്കനാട് ജയിലില്‍ താമസിപ്പിച്ചതായും സൂചനയുണ്ട്. സുനിയെ രഹസ്യമായി നിരീക്ഷിക്കുന്നതിനായിരുന്നു ഈ നീക്കം. കഴിഞ്ഞ ചൊവ്വാഴ്ചതന്നെ ദിലീപിനെ അറസ്റ്റുചെയ്യാന്‍ അന്വേഷണസംഘം ധാരണയിലെത്തി. ചൊവ്വാഴ്ചയ്ക്കുശേഷമുള്ള അന്വേഷണവിവരങ്ങള്‍ ഒരു കാരണവശാലും ചോരരുതെന്ന് ബെഹ്‌റ കര്‍ശനമായി നിര്‍ദേശിച്ചു. ഫാക്‌സ് സന്ദേശമായി മാത്രം വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതോടെ അന്വേഷണവിവരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ദിലീപിനെതിരെ തെളിവില്ലെന്ന മട്ടില്‍ കഥകള്‍ പ്രചരിച്ചു. ഇതും പോലീസിന്റെ തന്ത്രമായിരുന്നു.
 
കേസന്വേഷണം മന്ദഗതിയിലായി എന്ന ധാരണ പരത്തുകയായിരുന്നു പോലീസ്. പൊതുസമൂഹത്തില്‍നിന്നുള്ള സമ്മര്‍ദമൊഴിവാക്കി അന്വേഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയായിരുന്നു പോലീസ്. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ മൊഴിയും മാനേജര്‍ അപ്പുണ്ണി നല്‍കിയ മൊഴിയും യോജിക്കാതെനിന്ന സാഹചര്യത്തെളിവുകള്‍ കൂട്ടിക്കെട്ടാന്‍ സഹായകമായി. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് കൈമാറും. ഇക്കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ബെഹ്‌റ പറഞ്ഞു. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായും ബെഹ്‌റ പറഞ്ഞു.