കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് നടന്‍ സിദ്ധിഖ്. കേസില്‍ സിദ്ധിഖിനെ ചോദ്യം ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.

'ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. വാര്‍ത്തകള്‍ കൊടുക്കുക എന്നുള്ളത് മാധ്യമങ്ങളുടെ പണിയാണ്. അതങ്ങനെ നടക്കട്ടെ. ഇതൊക്കെയാണ് വാര്‍ത്തകളുടെ സത്യാവസ്ഥയെന്ന് മനസിലാകുന്നത് ഇങ്ങനെയാണ്. അതേക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് കരുതുന്നില്ല. ആരെയെങ്കിലും ബോധിപ്പിക്കേണ്ട ബാധ്യതയുമില്ല'-സിദ്ധിഖ് പറഞ്ഞു.

കേസില്‍ അസ്റ്റിലായ നടന്‍ ദിലീപുമായി അടുപ്പമുള്ളയാള്‍ എന്ന നിലയില്‍ സിദ്ധിഖിനെ ചോദ്യം ചെയ്തു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബിലേയ്ക്ക് വിളിച്ചുവരുത്തിയപ്പോള്‍ അവിടെ സിദ്ധിഖും വന്നിരുന്നു. ഇതിന് പുറമെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായ സ്റ്റേജ് ഷോയില്‍ സിദ്ധിഖും പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കാനായി 'അമ്മ'യുടെ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിനെ പോലീസ് ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, തന്നെ ഇത്തരത്തില്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് സിദ്ധിഖ് പറഞ്ഞിരുന്നു.

അതേസമയം, തെളിവുകളും മൊഴികളും ഉറപ്പിക്കുന്നതിനായി ശേഖരിക്കുന്നതിനായി അന്വേഷണസംഘം സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി പേരില്‍ നിന്നും വിവരങ്ങള്‍ തേടുന്നുണ്ട്. ഗായിക റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നടി ശ്രിത തുടങ്ങിയവരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.