കൊച്ചി:  സിനിമരംഗത്തെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് നടന്‍ ദിലീപ്. ശക്തരായ ആള്‍ക്കാരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയനേതാക്കളേയും ഇവര്‍ സ്വാധീനിച്ചെന്നും ദിലീപ് പറയുന്നു.

ഹൈക്കോടതിയില്‍ അഭിഭാഷകനായ രാമന്‍പിള്ള മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ദിലീപ് ഈ വാദങ്ങള്‍ നിരത്തുന്നത്. പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയം പോലുമില്ല. തന്നെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് ശ്രമിച്ചത്. താന്‍ അന്വേഷണവുമായി ഇതുവരെ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും.

താന്‍ ജയിലിലായതിനാല്‍ നാലോളം സിനിമകള്‍ മുടങ്ങി. ഇതുമൂലം 50 കോടി രൂപയുടെ പ്രതിസന്ധി സിനിമ മേഖലയിലുണ്ട്. രാമലീല ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്യാനായിട്ടില്ല.

ഹൈക്കോടതി നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ ഒരുവട്ടം തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്