കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. തിയേറ്റര്‍ അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കി.

തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരനും തിയേറ്റര്‍ മാനേജരുമായ അനൂപാണ് ഹര്‍ജി നല്‍കിയത്.

ജനറേറ്ററിന്റെ മോട്ടോറിന് ലൈസന്‍സില്ലെന്ന കാരണം കാണിച്ചാണ് നഗരസഭ തിയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കിയത്. എന്നാല്‍, ഇങ്ങിനെയൊരു കാരണത്തിന്റെ പേരില്‍ ലൈന്‍സ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തീയേറ്ററിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് നേരത്തെ നഗരസഭ കണ്ടെത്തിയിരുന്നു.

ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തീയേറ്ററിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തിയേറ്റര്‍ അടച്ചു പൂട്ടാന്‍ നഗരസഭ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും ചേര്‍ന്ന് സംയുക്തമായാണ് ഡി സിനിമാസ് അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്തത്. 

തീയേറ്ററിന് നിര്‍മ്മാണ അനുമതി തേടി നഗരസഭയ്ക്ക് സമര്‍പ്പിച്ച പ്രധാനരേഖകള്‍ വ്യാജമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായതിന് പിന്നാലെ ദിലീപിന്റെ ഭൂമി ഇടപാടുകളെ ചുറ്റിപ്പറ്റി പലതരം ആരോപണങ്ങള്‍ ഉയരുകയും പലയിടത്തും റീസര്‍വേ നടക്കുകയും ചെയ്‌തെങ്കിലും ഇത്ര കടുത്ത നടപടിയുണ്ടാവുന്നത് ആദ്യമാണ്.