കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയം. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ അന്വേഷിക്കുന്നില്ലെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് അന്വേഷണം നടക്കുന്നു എന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നെന്നും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു എന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ആലുവ ദേശത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തില്‍ മിമിക്രി താരം അബിയും സാക്ഷിയായിരുന്നെന്നും അബിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, വിവാഹത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും താനതില്‍ യാതൊരുവിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും പോലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അബി മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു വിവാഹം രജിസ്റ്റര്‍ ചെയ്തതായി ദേശത്തുള്ള ചെങ്ങമനാട് സബ് രജിസ്ട്രാര്‍ ഓഫീസിലും രേഖകളില്ല.

1982 മുതലുള്ള രേഖകള്‍ തങ്ങള്‍ പരിശോധിച്ചെങ്കിലും ഇതുസംബന്ധിച്ച രേഖകളൊന്നും ലഭിച്ചില്ലെന്ന് ചെങ്ങമനാട് സബ് രജിസ്ട്രാര്‍ പ്രദീപ് കുമാര്‍ എസ് പറഞ്ഞു. മറ്റെവിടെയെങ്കിലും വെച്ച് വിവാഹം നടന്നിട്ടുണ്ടോ എന്നറിയില്ല. ഇവിടെ ഇത്തരമൊരു വിവാഹം നടന്നതിന്റെ രേഖയൊന്നുമില്ല. പോലീസ് ഇതു സംബന്ധിച്ച് ഇവിടെ ഒരു വിധത്തിലുമുള്ള അന്വേഷണവും നടത്തിയിട്ടില്ല  പ്രദീപ് കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മുമ്പും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൊച്ചിയിലെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഫോറന്‍സിക്ക് അധ്യാപകന്‍ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ എന്നാണ് പോലീസ് സംശയിക്കുന്നത്.

കേസിലെ 'മാഡ'ത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. ഇക്കാര്യങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.