ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരുടെ മൊഴിയെടുത്തു. അന്വേഷണ സംഘം ഇന്ന് ദിലീപിന്റെ ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടുണ്ട്. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയായിരുന്നു ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.

രാവിലെ 11.40 ഓടെയാണ് ശേഷമാണ് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ് ഉള്‍പ്പെടെ മൂന്നു പേര്‍ പോലീസ് ക്ലബ്ബിലേക്ക് എത്തിയത്. ദിലീപിന്റെ പേരിലുള്ള KL-7 BF 2007 നമ്പറിലുള്ള കാറിലാണ് ഇവര്‍ എത്തിയത്.

സിനിമയുമായി ബന്ധമുള്ളയാളാണ് സൂരജ്. ഈ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം 'ജോര്‍ജേട്ടന്‍സ് പൂര'ത്തിന്റെ സഹനിര്‍മാതാവായിരുന്നു സൂരജ്. മകളുടെ പേരിലായിരുന്നു ചിത്രം നിര്‍മിച്ചത്. അതേസമയം, സൂരജിനൊപ്പം എത്തിയ മറ്റു രണ്ടുപേര്‍ ദിലീപിന്റെ ബന്ധുക്കളാണെന്ന് സൂചനയുണ്ടെിങ്കിലും അവർ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇവരെ 2.10 ഓടെ വിട്ടയച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യര്‍ മൊഴി കൊടുക്കാന്‍ എത്തിയത്. 

കേസില്‍ ഒളിവിലായിരുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. വര്‍ഷങ്ങളായി ദിലീപിന്റെ സന്തത സഹചാരിയായിരുന്ന അപ്പുണ്ണിയില്‍ നിന്നും പല നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പരിചയമുണ്ടായിരുന്നെന്ന് അപ്പുണ്ണി പോലീസിനോട് സമ്മതിച്ചിരുന്നു. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട്, ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യരെ പോലീസ് ചോദ്യം ചെയ്തുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് ഉണ്ടായത്.

മഞ്ജുവും ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇത് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് വഴിവച്ചതെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍, തനിക്ക് ദിലീപുമായി യാതൊരുവിധ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമില്ലെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ പ്രസ്താവനയിലൂടെ വിശദീകരിച്ചു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളല്ല, വ്യക്തി വിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസിനും വിശദീകരിച്ചിരുന്നു.