കാലത്തില്‍ പൊലിഞ്ഞു പോയ ചിത്രനക്ഷത്രം ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തിന്റ അനുഭവങ്ങള്‍ പങ്കുവെച്ച് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണിമുകുന്ദന്‍ ക്ലിന്റിന്റെ അനുഭവങ്ങളെ കുറിച്ച് പറയുന്നത്ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്ലിന്റിന്റെ അച്ഛന്‍ എം.ടി ജോസഫായാണ് ഉണ്ണിമുകുന്ദന്‍ എത്തുന്നത്‌. മാസ്റ്റര്‍ അലോകാണ് ക്ലിന്റായി അഭിനയിക്കുന്നത്. ക്ലിന്റിന്റെ അമ്മ ചിന്നമ്മയുടെ വേഷത്തിലെത്തുന്നത് റിമ കല്ലിങ്കലാണ്. 

ഉണ്ണിമുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

''ക്ലിന്റിന്റെ ഭാഗമായിട്ട് ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. ക്ലിന്റിന്റെ ജീവിതം തൊട്ടടുത്ത് നിന്ന് മനസ്സിലാക്കാന്‍ തുടങ്ങിയ ഒരാഴ്ച്ച. അവന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 41 വയസ്സാകുമായിരുന്നു. ക്ലിന്റിന്റെ കഴിവിനെക്കുറിച്ച് ഒരുപാട് കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. ക്ലിന്റ് ഒരു വിസ്മയമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അവന്റെ അതിശയകരമായ ജീവിതത്തെ നോക്കി കാണുന്നതിനുള്ള ഒരു ജാലകമാണ്‌ എനിക്കീ ചിത്രം. കാറ്റും മഴയും എന്ന ചിത്രത്തിന് ശേഷം ക്ലിന്റില്‍ അഭിനയിക്കാനും ഹരികുമാര്‍ എന്നെ തെരഞ്ഞെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്. ക്ലിന്റിന്റെ മരണത്തെ വിശ്വസിക്കുക എന്നത് തന്നെ പ്രയാസമുള്ള കാര്യമാണ്. ഈ എഫ്.ബി പോസ്റ്റിലൂടെ ക്ലിന്റിന്റിന്റെ ജീവിതത്തെ വരച്ചിടാന്‍ കഴിയില്ല.പക്ഷേ ഈ സിനിമ ക്ലിന്റിന്റെ ജീവിതത്തിനോട് നീതി പുലര്‍ത്തുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ക്ലിന്റിനുള്ള ആദരമായിരിക്കും ഈ ചിത്രം. നിങ്ങള്‍ എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയുമുണ്ടാകുമെന്ന പ്രതീക്ഷയോടെ....''