ചോലയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും നായകന്‍ ജോജു ജോര്‍ജ്ജിനും ആശംസകളേകി ഹിറ്റ് മേക്കര്‍ കാര്‍ത്തിക് സുബ്ബരാജ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് കാര്‍ത്തിക്. സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികും ജോജുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച പുറത്തിറങ്ങും. 

തമിഴ് സൂപ്പര്‍ ഹിറ്റ് സിനിമകളായ പിസ, ജിഗര്‍ദണ്ഡ, പേട്ട തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കാര്‍ത്തിക് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ചോല. നിമിഷ സജയനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  

മികച്ച നിരൂപക പ്രശംസയാണ് ചോല ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നായ വെനീസ്‌ ചലച്ചിത്ര മേളയില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഏതൊരു സാധാരണക്കാരനും കണ്ടിരിക്കേണ്ട കാലികപ്രസക്തിയുള്ള സാമൂഹിക വിഷയത്തെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചോല. ഒരു സ്ത്രീയുടെ ജീവിതത്തെ മുന്‍നിര്‍ത്തി പുരുഷന്റെ വ്യത്യസ്ത തലങ്ങളെയാണ് ചോലയിലൂടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ അവതരിപ്പിക്കുന്നത്.

Content Highlights: karthik subbaraj on Chola Movie, sanalkumar Sasidharan, Joju George, Nimisha Sajayan