രുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കമാര്‍ ശശിധരന്‍. നിലവാരമില്ലാത്ത തിരഞ്ഞെടുപ്പിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് തന്റെ സിനിമയായ ചോല മേളയില്‍നിന്ന് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചോലയുടെ റിലീസിന് മുന്നോടിയായി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മേളയിലെ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ അസംതൃപ്തി രേഖപ്പെടുത്തിയ നിരവധി സംവിധായകരും സിനിമാസ്‌നേഹികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല ഐ എഫ് എഫ് കെയുടെ ഈ വര്‍ഷത്തെ  മത്സര വിഭാഗത്തില്‍ ഇടം നേടിയില്ലെങ്കിലും കാലെഡോസ്‌കോപ് വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം സിനിമ പിന്‍വലിച്ചു. ഇത് രണ്ടാം തവണയാണ് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായകന്‍ തന്റെ സിനിമ മേളയില്‍നിന്ന് പിന്‍വലിക്കുന്നത്. ഇതിനു മുമ്പ് 2016 ല്‍ 'സെക്‌സി ദുര്‍ഗ'യും പിന്‍വലിക്കപ്പെട്ടിരിന്നു.

'ഐ എഫ് എഫ് കെയുടെ അധികാരത്തിലിരിക്കുന്നവര്‍ ആരും തന്നെ ആര്‍ട്ട് സിനിമയുടെയോ സ്വതന്ത്ര സിനിമയുടെയോ വക്താക്കള്‍ അല്ല. അവിടെ ഇരിക്കുന്ന പലരും സിനിമയുടെ വ്യാവസായികമായിട്ടുള്ള സുഖലോലുപത അനുഭവിച്ചിരിക്കാന്‍ താല്പര്യം ഉള്ളവരാണ്.  അതുകൊണ്ട് തന്നെ ഷാനവാസ് നരണിപ്പുഴയുടെ 'കരി' പോലുള്ള മികച്ച സിനിമകള്‍ വരുമ്പോള്‍ അവര്‍ അര്‍ഹതപ്പെട്ട പരിഗണന കൊടുക്കാതെ അതിനെ തരം താഴ്ത്തുന്നു.'

മുന്നോട്ടുള്ള യാത്ര സുഗമമാവാന്‍ മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ ഐ എഫ് എഫ് കെയും വൃത്തിയാക്കപ്പെടേണ്ടതുണ്ടെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

'കാലങ്ങളായി അടിഞ്ഞു കൂടി കിടക്കുന്ന പലരും ഇവിടെ ഉണ്ട്. അവരെയൊക്കെ അടിച്ചു പുറത്തുകളയണം. ഒരു കാരണവര്‍ തറവാട് നോക്കുന്നത് പോലെയാണ് അവര്‍ ഈ സ്ഥാപനം നടത്തികൊണ്ടുപോകുന്നത്. ജൂറിയുടെ സെക്ഷനിലും സിനിമയുടെ സെക്ഷനിലും പലരുടെയും വ്യക്തിപരമായ താല്പര്യങ്ങള്‍ പ്രകടമാണ്.'

ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചോല എന്ന ചിത്രം ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്താനിരിക്കുകയാണ്. നിമിഷയ്ക്ക് മികച്ച നടിയ്ക്കുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണിത്.

Content Highlights : iffk 2019 sanalkumar sasidharan withdrew his film chola nimisha sajayan joju george