നല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചോല എന്ന ചിത്രം ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്തുകയാണ്. ചോലയിലെ അഭിനയത്തിനാണ് മികച്ച നടിയ്ക്കുള്ള സംസ്ഥാന സിനിമാ പുരസ്‌കാരം നിമിഷ സജയനെ തേടി വന്നത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷക്ക് എന്നാണ് തന്റെ സിനിമയില്‍ കേന്ദ്രകഥാപാത്രമായ നിമിഷയെക്കുറിച്ചുള്ള സംവിധായകന്റെ വാക്കുകള്‍. നാളെയുടെ ഫിലിം മേക്കറാണ് അവരെന്നും സെക്‌സി ദുര്‍ഗ തിയേറ്ററില്‍ നിന്നും കണ്ട ഏക മലയാള ചലച്ചിത്ര പ്രവര്‍ത്തക അവരായിരിക്കുമെന്നും സനല്‍കുമാര്‍ പറയുന്നു.

സംവിധായകന്റെ വാക്കുകള്‍

നിമിഷ സജയന്‍ നാളെയുടെ ഫിലിം മേക്കറാണ്. അവരുടെ വരകളിലും വരികളിലും അത് പ്രകടമാണ്. അപാരമായ ഫ്രെയിംമിംഗ് സെന്‍സുള്ള സ്ത്രീ. ചോലയില്‍ അവര്‍ ശ്രദ്ധയില്‍ പെടുത്തിയ ഒരു ഷോട്ടുണ്ട്. സൂക്ഷ്മതയെ ഒപ്പിയെടുക്കാനുള്ള അഭിനിവേശം ആ ചൂണ്ടിക്കാട്ടലിലുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷക്ക്. സെക്‌സി ദുര്‍ഗ തിയേറ്ററില്‍ നിന്നും കണ്ട ഏക മലയാള ചലച്ചിത്ര പ്രവര്‍ത്തക അവരായിരിക്കും. ഏറെമുന്‍പ് എഴുതി നടന്ന് തളര്‍ന്നുപേക്ഷിച്ച ഒരു സ്‌ക്രിപ്ടിനെക്കുറിച്ച് വീണ്ടും ഓര്‍ക്കുന്നതു തന്നെ സെക്‌സി ദുര്‍ഗയുടെ പ്രദര്‍ശനം എറണാകുളത്തെ ഒരു തിയേറ്ററില്‍ നടക്കുമ്പോള്‍ അവിടെ വെച്ച് അവരെ കാണുമ്പോഴാണ്. ഈടയും തൊണ്ടിമുതലും കണ്ടിഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അവരെ ഉള്‍പെടുത്തി ഒരു സിനിമ ചെയ്യണമെന്നൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. പക്ഷെ സെക്‌സി ദുര്‍ഗ തിയേറ്ററില്‍ നിന്നു കാണണമെന്ന് അവര്‍ക്ക് തോന്നി എന്നത് ഇവരോടൊപ്പം സിനിമ ചെയ്യണമല്ലോ എന്ന ഒരാഗ്രഹമുണ്ടാക്കി. അങ്ങനെയാണ് ചോലക്ക് ജീവന്‍ വെക്കുന്നത്. നിമിഷക്ക് ചോലയില്‍ അങ്ങനെയൊരു റോളുണ്ടായിരുന്നെന്ന് നിമിഷക്കറിയില്ല ഇതുവരെ. ജനങ്ങള്‍ കാണും മുന്‍പേ തന്നെ ചോല, നിമിഷ സജയന്‍ എന്ന നടിയെ എക്കാലത്തേക്കും അടയാളപ്പെടുത്തി എന്നതില്‍ വലിയ സന്തോഷമുണ്ട്. ഡിസംബര്‍ 6 ന് അവര്‍ കാണികളുടെ ഹൃദയം കീഴടക്കും.

സിനിമയിലെത്തുന്ന ജോജു ജോര്‍ജിനെക്കുറിച്ചും സനല്‍കുമാര്‍ പറയുന്നുണ്ട്. ജോജു അടിയുറച്ച ഒരു സിനിമാപ്രേമിയാണെന്നും ചോലയുടെ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിച്ചതിനു ശേഷം സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനിടയില്‍ തന്റെ ശരീരം ഇങ്ങനെയാണെന്നും കഥാപാത്രത്തിനു ചേരുമോയെന്നും ചോദിച്ചതായും സംവിധായകന്‍ ഓര്‍ത്തെടുക്കുന്നു.

Content Highlights:  chola movie sanalkumar sasidharan about joju george and nimisha sajayan release