ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ചു. ഈയിടെ നമ്മളെ ഞെട്ടിച്ച പീഡനവാര്‍ത്തയാണ് ഹൈദരാബാദിലേത്. അങ്ങനെ ദിവസേന ഒരു ബലാത്സംഗക്കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നമ്മുടെ നാട്ടില്‍ കാലിക പ്രസക്തിയുള്ള ഈ സാമൂഹിക വിഷയം തന്നെ ആധാരമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോല. മൂന്നേ മൂന്ന് കഥാപാത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ചിത്രം. 

ജോജു ജോര്‍ജും നിമിഷ സജയനും മികച്ച അഭിനേതാക്കളാണെന്ന് അരക്കിട്ടുറപ്പിക്കുന്നു ചോല. അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ് ചോലയുടെ ഹൈലൈറ്റ്. സാധുവായ സ്‌കൂള്‍ പെണ്‍കുട്ടിയായി നിമിഷയും നെഗറ്റീവ് റോളില്‍ ജോജുവും അവര്‍ക്കൊപ്പം അഭിനയത്തില്‍ ഒട്ടും പിന്നിലല്ലാതെ അഖില്‍ വിശ്വനാഥ് എന്ന പുതുമുഖവും. രണ്ടു മണിക്കൂര്‍ ഇവരെ മാത്രം കണ്ടിരിക്കാന്‍ പ്രേക്ഷകന് ഒട്ടുമേ മടുപ്പ് തോന്നില്ല.

നിമിഷ സജയന്‍ എന്ന നടിയ്ക്ക് എങ്ങനെ മികച്ച നടിയ്ക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചുവെന്ന് വ്യക്തമാണിതില്‍. കാമുകനൊപ്പം കറങ്ങാമെന്ന മോഹത്തില്‍ വീട്ടില്‍ നിന്നും ഒളിച്ചോടിപ്പോരുന്ന ജാനകിയെന്ന സാധു സ്‌കൂള്‍ പെണ്‍കുട്ടിയുടെ മനോവ്യപാരങ്ങളെ ഇത്ര ആഴത്തില്‍ മുഖഭാവങ്ങളിലൂടെയും ചലനങ്ങളിലും ആവിഷ്‌കരിക്കാന്‍ സാധിക്കുന്ന നടി മലയാളത്തില്‍ ഇന്നുണ്ടോ എന്നു സംശയം തോന്നാം.

കാറിലോ ജീപ്പിലോ പോകാനാഗ്രഹിക്കാത്ത, 'പ്ലാസ്റ്റിക് ബസില്‍' മാത്രം യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ജാനു. അവളോടൊപ്പം ഒരു ദിവസം ചിലവഴിക്കുന്നത് സ്വപ്‌നം കണ്ട് അവളെ കൊണ്ടുപോകാന്‍ കാത്തു നില്‍ക്കുന്ന അവളുടെ കാമുകന്‍. കാമുകന്റെ പേര് സിനിമയില്‍ നിന്ന് വ്യക്തമല്ലെങ്കിലും അഖില്‍ വിശ്വനാഥ് എന്ന പുതുമുഖ നടന്റെ കൈയില്‍ ആ കഥാപാത്രം ഭദ്രമാണ്. ഇവരെ സഹായിക്കാന്‍ ജീപ്പുമായി 'ആശാന്‍' ജോജു ജോര്‍ജും.

ഒരു പെണ്‍കുട്ടിക്ക് അന്യര്‍ക്കൊപ്പം സഞ്ചരിക്കേണ്ടി വരുമ്പോഴുണ്ടാവുന്ന അരക്ഷിതബോധം നിമിഷയുടെ കണ്ണുകളിലുടനീളം നിഴലിക്കുന്നുണ്ട്. കാമുകനൊപ്പം തനിക്കു പരിചിതമല്ലാത്ത മുഖം കണ്ട മാത്രയില്‍ ജീപ്പില്‍ കയറാന്‍ അവള്‍ ആദ്യമേ വിസ്സമ്മതിക്കുന്നു. ഒടുവില്‍ കാമുകന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ കയറുന്നു. മൂവരും ചേര്‍ന്ന് നാടുവിടുന്നു. ജാനു ജീപ്പില്‍ കയറുന്നതുമുതല്‍ കണ്ടിരിക്കുന്നവരുടെ ആധിയും വര്‍ധിക്കുകയായി. ജാനുവില്‍ വിശ്വാസം നിലനിര്‍ത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാമുകനെ പരിഹാസത്തോടെ മാത്രമേ ആശാന്‍ നോക്കുന്നുള്ളൂ. ജീപ്പിലെ യാത്രയ്ക്കിടെ അയാളൊരു സാധുവാണെന്ന് ആശാന്‍ ഉറപ്പിക്കുന്നുണ്ട്. 

പിന്നീട് ആശാന്‍ അവരുടെ അവരുടെ ജീവിതത്തിലേക്ക് കടന്നു കയറുന്നു. സിനിമ പകര്‍ന്ന് തന്ന ആകാംക്ഷ കണ്ടിറങ്ങിയ ഉടന്‍ സംവിധായകനായ സനല്‍കുമാര്‍ ശശിധരനോടു തന്നെ ചോദിച്ചു.' 96ലെ ഒരു സംഭവമാണ് അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തിയത്‌. കുറേ പേര്‍ ചേര്‍ന്ന് ഇടുക്കിയിലെ സൂര്യനെല്ലിയില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അന്നും ഒരുപാടു പേര്‍ ചോദിച്ചു. എന്തേ അവള്‍ കരഞ്ഞുകൊണ്ട് ഓടിയില്ല? രക്ഷപ്പെടാന്‍ ശ്രമിച്ചില്ല? 2019ല്‍ എത്തിനില്‍ക്കുന്നു. ഇന്നും ആളുകള്‍ ഇതേ ചോദ്യം തന്നെ ചോദിക്കുന്നു.'

വില്ലന്‌ കാമുകനേക്കാള്‍ പ്രാധാന്യം കല്പിക്കുന്ന ജാനുവിനെ കണ്ടും പ്രേക്ഷകന്‍ ഞെട്ടുന്നുണ്ട്. അനുവാദമില്ലാതെ, അല്പം പോലും സ്‌നേഹം പകരാതെ ബലമായി ശരീരത്തെ ഭോഗിക്കാന്‍ ശ്രമിക്കുന്ന പുരുഷനോട് സ്ത്രീക്ക് എങ്ങനെയാണ് കൂറു തോന്നുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിനിര്‍ത്തിയാണ് ചോല അവസാനിക്കുന്നത്. 

സംവിധായകനൊപ്പം തിരക്കഥയില്‍ കെ വി മണികണ്ഠന്‍ എന്നയാളുടെ സാന്നിധ്യവുമുണ്ടായിരുന്നു. മൂന്നു കഥാപാത്രങ്ങളില്‍ കൂടി സിനിമ കൊണ്ടു പോകേണ്ടി വരുമ്പോഴുണ്ടാകുന്ന വെല്ലുവിളികള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ചോലയിലെ ബോറടിപ്പിക്കാത്ത വിഷ്വലുകളെക്കുറിച്ചും പറയാതെ വയ്യ. അവയിലോരോന്നിലും പ്രതിഫലിച്ചത് സിനിമയുടെ സത്തയെ ഓര്‍മ്മിപ്പിക്കുന്ന ബിംബങ്ങള്‍. കെര്‍മിസിനോവ് എന്ന റഷ്യന്‍ സംഗീതജ്ഞന്റെ പിടിച്ചിരുത്തുന്ന സംഗീതവും. സിനിമയ്ക്കായി തയ്യാറാക്കിയ രണ്ടു പ്രൊമോ പാട്ടുകളും കഥയിലെ സന്ദര്‍ഭങ്ങളുമായി തുന്നിച്ചേര്‍ത്തിട്ടുണ്ട്. ദൃശ്യഭംഗിയും കാഴ്ച്ചക്കാരനെ സിനിമയിലേക്കടുപ്പിക്കുന്നതാണ്. അജിത്ത് ആചാര്യ ചലിപ്പിച്ച ക്യാമറ പച്ചക്കാടിന്റെയും കാട്ടുചോലയുടെയും ഭംഗി അതേപടി ഒപ്പിയെടുത്തു. രാജ്യത്തിനകത്തും പുറത്തും നിരവധി ചലച്ചിത്രമേളകളില്‍ കൈയടി നേടിയ ചോല മികച്ച മലയാളസിനിമകളുടെ പട്ടികയില്‍ ഇടം അര്‍ഹിക്കുന്ന ഒന്നാണെന്ന് നിസ്സംശയം പറയാം.

Content Highlights : chola movie review sanalkumar sasidharan nimisha sajayan joju george akhil viswanath