''സര്‍, അന്നത്തെ ആ ഷോട്ടിനു ശേഷം അങ്ങ് വന്ന് എന്റെ പുറത്തൊരു തട്ടുതട്ടിയിരുന്നു. അതിന് ഒസ്‌കാറിനെക്കാള്‍ വിലയുണ്ടായിരുന്നു. എനിക്കന്ന് രോമാഞ്ചം വന്നു.'' വടക്കന്‍ വീരഗാഥ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ ക്യാപ്റ്റന്‍ രാജു എന്നോടു പറഞ്ഞു. സത്യത്തില്‍ ഏതാണ് സന്ദര്‍ഭമെന്ന് എനിക്കുപോലും നിശ്ചയമുണ്ടായിരുന്നില്ല. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ക്യാപ്റ്റന് എല്ലാം ഓര്‍മയുണ്ടായിരുന്നു.  ഓരോ ഷോട്ടും ഒരോ സന്ദര്‍ഭവും. വന്നവഴി മറക്കാത്ത അപൂര്‍വം ചിലരില്‍ ഒരാള്‍. നിര്‍മല ഹൃദയന്‍. 

മനസ്സില്‍ കഥാപാത്രത്തിന്റെ  രൂപവും ആകാരവും സങ്കല്പിച്ചാണ് ഞാന്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കാറ്. അഭിനയം പിന്നയേ നോക്കുകയുള്ളൂ. അഭിനയം പഠിപ്പിക്കുന്ന ജോലി സംവിധായകന്റേതാണെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.  ക്യാപ്റ്റന്‍ രാജു മുമ്പുതന്നെ എന്റെ ഒന്നു രണ്ടു സിനിമകളില്‍ മുഖം കാണിച്ചിരുന്നു. മിക്കവാറും വില്ലന്‍ വേഷങ്ങള്‍. ''സര്‍, എനിക്കൊരു മോചനം തരണം'' എന്ന അപേക്ഷയുമായി വന്ന രാജുവിനെ എനിക്ക് ഓര്‍മയുണ്ട്. 

വടക്കന്‍ വീരഗാഥ ഉരുവം കൊള്ളുന്ന സമയം. ചന്തുവായി മമ്മൂട്ടിയും ആരോമല്‍ ചേകവരായി സുരേഷ് ഗോപിയും. ആരോമലിനോടും ചന്തുവിനോടും കിടപിടിക്കുന്ന ആളാവണം  നൂറ്റൊന്ന് കളരികള്‍ക്കധിപനായ അരിങ്ങോടര്‍. ആനയെ മയക്കുന്ന വീരനാണെന്നാണ് ചൊല്ല്.  ആകാരവടിവും ഗരിമയുമുള്ള  ഒത്ത അഭ്യാസിയായി തോന്നുന്ന ആളാവണം.  മനസ്സില്‍ രൂപങ്ങളെ  തിരഞ്ഞു. മോചനം വേണമെന്ന അപേക്ഷയുമായി വന്ന രാജുവിന്റെ മുഖം ഓര്‍മയിലെത്തി. മനസ്സില്‍  കളഭം ചാര്‍ത്തി വിരാളിപ്പട്ടു ചുറ്റി മാമ്പുള്ളിച്ചുണങ്ങുള്ള  തലമൂത്തചേകവനായി രാജു തലയുയര്‍ത്തി  വന്നുനിന്നു. ഇതാ എന്റെ സങ്കല്പത്തിലുള്ള അരിങ്ങോടര്‍. എം.ടി.ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.

മേക്കപ്പുകളും വിഗ്ഗുകളും പരീക്ഷിച്ചൊടുവില്‍ രാജു  ഇറങ്ങി വന്നപ്പോള്‍ സാക്ഷാല്‍ അരിങ്ങോടരുടെ വടിവും തികവും ഗാംഭീര്യവും. മലയാളികളുടെ മനസ്സില്‍  അരിങ്ങോടര്‍ അങ്ങനെ പിറന്നുവീണു. അതി ആഹ്ലാദവാനായിരുന്നു ക്യാപ്റ്റന്‍. കാലൊക്കെ തൊട്ടുതൊഴുതു. പരീശീലനത്തിനായി കളരിയില്‍ നിത്യം വന്ന് ആഭ്യസിച്ചു. വാളു പിടിക്കുന്ന വിധവും അടിയും തടയും വടിവും  മനസ്സിലാക്കി.  എം.ടി.യുടെ കാച്ചിക്കുറുക്കിയ സംഭാഷണങ്ങള്‍ തന്‍മയത്വത്തോടെ  പറഞ്ഞു പഠിച്ചു. നന്ദി പല തവണ പറഞ്ഞ് കുഴങ്ങിയ രാജുവിനോട് എല്ലാം ആകസ്മികതകളാണ് എന്നു പറയാനായിരുന്നു എനിക്കിഷ്ടം.

ഈയിടെ എന്റെ മകളുടെ കല്യാണം ഗുരുവായൂരില്‍ വെച്ചു നടന്നപ്പോള്‍ ഞാന്‍ രാജുവിനെ വിളിച്ചു. സുഖമില്ലാത്ത അവസ്ഥയിലായിരുന്ന രാജു. നീ ബുദ്ധിമുട്ടി വരണമെന്നില്ല. വിവരം അറിയിക്കാന്‍ വിളിച്ചതാണ് എന്നാണ് പറഞ്ഞതുപോലും. നടക്കാന്‍ പോലും ബുദ്ധിമുട്ടായിട്ടും  രാജു, പക്ഷേ, കല്യാണത്തിനെത്തി. അതായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു ആത്മബന്ധം. ഡോ. ബാലകൃഷ്ണന്റെ മകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഹീറോയാകാന്‍ വന്ന നീളമുള്ള സുഭഗനായ ഒരു ചെറുപ്പക്കാരനെ ആദ്യം കണ്ട കാര്യം ഞാന്‍ ഓര്‍ത്തുപോയി.  ആകാരം കൊണ്ട് ആജാനുബാഹുവെങ്കിലും കുട്ടികളുടെ ഹൃദയനൈര്‍മല്യമുള്ള മനുഷ്യന്‍. രാജുവിന് ഹൃദയവേദനയോടെ വിട.

ContentHighlights: Director hariharan about captain raju, oru vadakakn veera gadhaa, aringodar,