വിറപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയില്‍ സകല വില്ലന്മാരുടെയും വരവ്. നാടോടിക്കാറ്റിലെ ക്യാപ്റ്റന്‍ രാജുവിന്റെ പവനായിയുടെ വരവും ഞെട്ടിച്ചുകൊണ്ടുതന്നെയായിരുന്നു. കോട്ടും സൂട്ടും അത്യാധുനിക ആയുധങ്ങളുമെല്ലാമായി നല്ല ഒന്നാന്തരം ഹോളിവുഡ് സ്‌റ്റൈല്‍. ദാസാ.. ഏതാണീ അലവലാതി എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് ശ്രീനിവാസന്‍ ഉടച്ചകളഞ്ഞത് ഉഗ്രമൂര്‍ത്തിയായ പവനായി എന്ന ഈ പ്രൊഫഷണല്‍ കില്ലറെയായിരുന്നു. മിസ്റ്റര്‍ ഞാന്‍ അലവലാതിയല്ല, എന്ന ഡയലോഗോടെ കില്ലര്‍ പവനായി തനി പി.വി. നാരായണനായി. ക്യാപ്റ്റന്‍ രാജു ഇന്നോളം കാണാത്ത ചിരിപ്പിക്കുന്ന വില്ലനായി. പതുക്കെ ഒരു കിടിലന്‍ ഹാസ്യനടനുമായി.

പവനായിയായി നടന്‍ മമ്മൂട്ടിക്ക് വെള്ളിത്തിരയില്‍ എത്താന്‍ ആഗ്രഹമുണ്ടായിരുന്നു. സംവിധായകനും നടനുമായ ലാല്‍ ആണ് ഇക്കാര്യം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ നാടോടിക്കാറ്റിന്റെ സ്റ്റോറി ഐഡിയ സിദ്ദിഖ് ലാലിന്റേതായിരുന്നു. 'കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. കഥ മുഴുവന്‍ കേട്ട മമ്മൂക്കയ്ക്ക് ഏറെ സ്ട്രൈക്ക് ചെയ്തത് പവനായിയുടെ കാരക്ടറായിരുന്നു. ആ കാലത്ത് മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്. കഥ ഇഷ്ടപ്പെട്ടതിനാല്‍ അദ്ദേഹം തന്നെ ഇടപെട്ട് ഞങ്ങള്‍ക്ക് പലരോടും കഥ പറയാന്‍ അവസരം കിട്ടി.

പിന്നെ ആ ആഗ്രഹം തുറന്നുപറഞ്ഞു. മമ്മൂക്കയ്ക്ക് പവനായിയെ അവതരിപ്പിക്കാന്‍ താല്‍പര്യം ഉണ്ടെന്ന്. ശരിക്കും കൗതുകമുള്ള കാര്യമാണ്. കാരണം നായകനമായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ചെറിയൊരു വേഷം ചെയ്യാമെന്ന് പറയുന്നത്. ആ കഥാപാത്രത്തിന് എന്തോ ഒരു ആകര്‍ഷണം ഉണ്ടെന്ന് മമ്മൂക്കയ്ക്ക് അന്നു തന്നെ തോന്നിയിരുന്നു. പിന്നീട് ക്യാപ്റ്റര്‍ രാജുവിനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത് സത്യന്‍ അന്തിക്കാടാണ്'-ലാല്‍ പറഞ്ഞു.

പവനായി അങ്ങനെ എക്കാലത്തെയും മികച്ച ഹിറ്റ് കഥാപാത്രമായി മാറി. കാഴ്ചയില്‍ ഭീകരനായ ഒരാള്‍, കാണിക്കുന്ന ഓരോ കാര്യങ്ങളും കോമഡി. അദ്ദേഹം ആ കഥാപാത്രത്തെ ഭയങ്കര വഴക്കത്തോടെയാണ് അവതരിപ്പിച്ചത്- ലാല്‍ കൂട്ടിച്ചേര്‍ത്തു.