താരത്തിളക്കത്തില്‍ നില്ക്കുമ്പോഴും പച്ചയായ നാട്ടിന്‍പുറത്തുകാരന്റെ മനസ്സായിരുന്നു ക്യാപ്റ്റന്‍ രാജുവിന്. എവിടെവെച്ച് മരിച്ചാലും എന്നെ പുത്തന്‍പീടിക പള്ളി സെമിത്തേരിയില്‍ തന്നെ അടക്കണം. എപ്പോഴും അദ്ദേഹം പറഞ്ഞിരുന്ന വാക്കാണിതെന്ന് പിതൃസഹോദരപുത്രന്‍ രാജു ജോര്‍ജ് ഓര്‍ക്കുന്നു. കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് ക്യാപ്റ്റന്‍ രാജു സ്വന്തം നാടായ പത്തനംതിട്ട പുത്തന്‍പീടികയില്‍ അവസാനമായി വന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അതേ നാട്ടിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ മാതാപിതാക്കളുടെ കല്ലറയോടുചേര്‍ന്ന് അദ്ദേഹത്തിനുള്ള അന്ത്യവിശ്രമമൊരുക്കുന്നതിനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

ക്യാപ്റ്റന്‍ രാജുവിന് കലാരംഗത്തേക്കുള്ള വഴി തുറന്നതും സ്വന്തം നാട്ടില്‍നിന്നാണ്. ഓമല്ലൂര്‍ സെന്റ് തോമസ് കലാസമിതിയുടെ നാടകങ്ങളിലൂടെയാണ് ആദ്യമായി അദ്ദേഹം അരങ്ങിലെത്തുന്നത്. അക്കാലത്ത് ക്യാപ്റ്റനൊപ്പം ഇതേ സമിതിയില്‍ ഇതേ നാട്ടുകാരനായ അന്തരിച്ച നടന്‍ പ്രതാപചന്ദ്രനും പ്രവര്‍ത്തിച്ചിരുന്നു. കോളേജ് പഠനത്തിന് ശേഷം പിന്നീട് സൈന്യത്തില്‍ ചേര്‍ന്ന ക്യാപ്റ്റന് അക്കാലത്ത് മുംബൈയിലെ നാടകവേദികളില്‍ സഹകരിക്കാനും അതുവഴി വെള്ളിത്തിരയില്‍ എത്താന്‍ കഴിഞ്ഞതും നാട്ടിലെ നാടകസമിതികളില്‍നിന്ന് പകര്‍ന്നുകിട്ടയ പാഠങ്ങളാണ്.

ഏത് വേദിയില്‍ പ്രസംഗിച്ചാലും സ്വന്തം നാടിനെപ്പറ്റി രണ്ടുവാക്ക് പറയാതെ അദ്ദേഹം പ്രസംഗം അവസാനിപ്പിക്കില്ലായിരുന്നു. പഴയ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു. പുത്തന്‍പീടിക കവലയിലുള്ള കുടുംബവീട് വിറ്റെങ്കിലും മാസത്തിലൊരിക്കല്‍ ക്യാപ്റ്റന്‍ ജന്മനാട്ടില്‍ വന്നുപോയിരുന്നു. ഈ സമയത്ത് പിതൃസഹോദരപുത്രന്‍ രാജു ജോര്‍ജിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.

അവസാന നാളുകളില്‍ ജന്മനാട്ടില്‍ തന്നെ സ്ഥിരമായി കൂടണമെന്ന് ആഗ്രഹത്തിലായിരുന്നു അദ്ദേഹം. നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം എത്തിക്കാനൊരു ട്രസ്റ്റെന്നത് അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു. ഇതിനുള്ള ഒരുക്കത്തിനിടെയായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ അന്ത്യം.

ContentHighlights: Actor captian raju, Captian raju's love toward native place, pathanamthitta puthanpeedika