നായകന്‍  വില്ലന്‍മാരെ തല്ലിതോല്‍പ്പിക്കുന്ന കാലമായിരുന്നു അത്,സംഘട്ടനങ്ങളില്ലാത്ത സിനിമയെകുറിച്ച് സംവിധായകര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത സമയം.അക്കാലത്ത് അടിയേറ്റുവീണും,വെടിയേറ്റ് മരിച്ചുമാണ് വെള്ളിത്തിരയില്‍ ക്യാപ്റ്റന്‍ കരുത്തനായത്.ആകാരത്തിലും പ്രകടനത്തിലും വേറിട്ടുനിന്ന പ്രതിനായകനായിരുന്നു അന്ന് ക്യാപ്റ്റന്‍രാജു, കൈക്കരുത്തിനപ്പുറം കഥയില്‍ നോട്ടംകൊണ്ടും സംഭാഷണംകൊണ്ടും അദ്ദഹം നായകനെ വെല്ലുവിളിച്ചു.വില്ലന്‍വേഷങ്ങളില്‍ പേരെടുത്തുകുതിക്കുമ്പോള്‍തന്നെ സ്വഭാവനടനായും ഹാസ്യതാരമായും പ്രേക്ഷകപ്രീതിനേടി. 
ആനയെ മയക്കുന്ന അരിങ്ങോടരും, മലപ്പുറം കത്തി പരിചയപ്പെടുത്തിയ പവനായിയും ക്യാപ്റ്റന്റെ ആവനാഴിയിലെ ശക്തമായ കഥാപാത്രങ്ങളാണ്.നിക്കോളാസ്(ആഗസ്ത്1),സത്യരാജ്(ആവനാഴി),ഭദ്രന്‍(രാജശില്‍പ്പി),മാടശ്ശേരിതമ്പി(പുതുക്കോട്ടയിലെ പുതുമണവാളന്‍),ചന്തക്കവലകരുണന്‍ (സി.ഐ.ഡി.മൂസ)... എന്നിങ്ങനെ മുപ്പത്തിയാറുവര്‍ഷത്തെ അഭിനയജീവിതത്തില്‍ പ്രേക്ഷകര്‍ ഓര്‍ത്തുവക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കാന്‍ കഴിഞ്ഞു.

ബാല്യംമുതല്‍ക്കേ അഭിനയത്തോടുണ്ടായിരുന്ന താല്‍പ്പര്യമാണ് പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും എത്തിക്കുന്നത്.വീട്ടുകാരറിയാതെ തൊടിയിലെ കുരുമുളക് എടുത്തുവിറ്റ് സിനിമകണ്ട കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ സൗഹൃദസദ്ദസുകളില്‍ പലതവണ പറഞ്ഞിട്ടുണ്ട്.പ്രതിഭാതീയേറ്റേഴിസിന്റെ ഈശ്വരന്‍ അറസ്റ്റില്‍-എന്ന നാടകത്തിലൂടെയാണ് മുഖത്ത് ഛായം തേക്കുന്നത്.നാടകത്തില്‍ ചെകുത്താന്റെ വേഷമായിരുന്നു അദ്ദേഹത്തിന്.
ജോഷിയുടെ രക്തം-എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചതെന്ന് പരക്കെ അറിയപ്പെടുന്നുണ്ടെങ്കിലും, പൊക്കവും ഘനഗംഭീരമാര്‍ന്ന ശബ്ദവുമുള്ള യുവാവിനെതേടി ആദ്യമെത്തിയത് ഹിന്ദിസിനിമയായിരുന്നു.പട്ടാളം വിട്ട് മുബൈയില്‍ ജോലിചെയ്യുന്നകാലത്തായിരുന്നു അത്,ഹം സബ് അകേലെ ഹെ- എന്നായിരുന്നു ചിത്രത്തിന്റെ പേര്.പൂര്‍ത്തിയാകാത്ത ആസിനിമക്കു വേണ്ടിയാണ് ക്യാപ്റ്റന്‍ ആദ്യമായി ക്യാമറക്കുമുന്നില്‍ നിന്നത്. 
നിര്‍മ്മാതാവ് വഴിയാണ് രക്തമെന്ന ജോഷിചിത്രത്തിലേക്ക് അവരം തേടിയത്,ആദ്യകാഴ്ച്ചയില്‍ തന്നെ ജോഷി സമ്മതം മൂളി.നസീര്‍,മധു,സോമന്‍,ബാലന്‍.കെ.നായര്‍,ശ്രീവിദ്യ തുടങ്ങി വലിയൊരുതാരനിരക്കൊപ്പമായിരുന്നു അരങ്ങേറ്റം. ആദ്യസിനിമയുടെ സെറ്റില്‍ വച്ചുതന്നെ രണ്ടാമത്തെ ചിത്രവും കരാറായി.മധു നിര്‍മ്മിച്ച് ചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന രതിലയമായിരുന്നു അത്.

വില്ലന്‍വേഷങ്ങള്‍ ഒന്നിനുപുറകെ ഒന്നായി എത്തുമ്പോഴും അത്തരം കഥാപാത്രങ്ങളില്‍നിന്നൊരു മാറ്റമദ്ദേഹം പ്രതീക്ഷിച്ചിരുന്നു.ഐ.വി.ശശിയുടെ അതിരാത്രത്തിലെ പോലീസ് ഓഫീസര്‍ സ്വഭാവനടനിലേക്കുള്ള വിലയമാറ്റമായിട്ടാണ് സ്വയം കണ്ടിരുന്നത്.എന്നാല്‍, പിന്നീടുവന്ന ആവനാഴി,അടിമകള്‍ ഉടമകള്‍ തുടങ്ങിയചിത്രങ്ങളിലൂടെ ഐ.വി ശശിതന്നെ പരുക്കന്‍ പ്രതിനായകകാഴ്ച്ചകളില്‍ ക്യാപ്റ്റനെ അരക്കിട്ടുറപ്പിച്ചു.

വില്ലനായ ക്യാപ്റ്റന്റെ കയ്യില്‍ ചിരിത്തോക്ക് നല്‍കുന്നത് സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമാണ്.ക്രൂരകഥാപാത്രങ്ങളെ അവതരിപ്പിച്ച് പേരെടുത്തൊരാളെ തമാശക്കാരനായി ചിത്രീകരിക്കുകയെന്ന അവരുടെ തന്ത്രം വിജയം കണ്ടു.പവനായി ശവമായി എന്ന ഡയലോഗ് കാലങ്ങള്‍ക്കിപ്പുറവും ആസ്വാദരിലുണ്ട് .നാടോടിക്കാറ്റ് കേരളക്കരയില്‍ വീശിയടിച്ചെങ്കിലും ക്യാപ്റ്റനെതേടി കോമഡികഥാപാത്രങ്ങളുടെ കുത്തൊഴുക്കൊന്നുമുണ്ടായില്ല.
എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരുവടക്കന്‍ വീരഗാഥയിലെ അരിങ്ങോടരാണ് അഭിനയിച്ച കഥാപാത്രങ്ങളില്‍ രാജുവിനേറ്റവും പ്രിയപ്പെട്ടത്.ഭാരതപ്പുഴയുടെ മണല്‍ത്തിട്ടയില്‍ പൊരിവെയിലില്‍ അരങ്ങോടര്‍ക്കായി വിയര്‍പ്പൊഴിക്കിയ കഥപറയുമ്പോഴെല്ലാം അദ്ദേഹത്തിലാവേശം നിറയുമായിരുന്നു.ഡ്യൂപ്പില്ലാതെ പറന്നുവെട്ടിയതും,ആയുധംതട്ടി ശരീരംമുറിഞ്ഞതും,നീരുവന്നുവീര്‍ത്തകാലുമായി അഭിനയംതുടര്‍ന്നതുമെല്ലാം വീരഗാഥയിലെ നിറം മങ്ങാത്ത ഓര്‍മ്മകളായിരുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ തിരക്കുള്ളനടനായിരുന്നു ക്യാപ്റ്റന്‍ അന്നത്തെ ഒട്ടുമിക്ക വിജയചിത്രങ്ങളിലും  അദ്ദേഹത്തിന്റെ സാനിധ്യമുണ്ടായിരുന്നു. സാമ്രാജ്യം,അപ്പു,അര്‍ഹത,കടത്തനാടന്‍ അമ്പാടി,നമ്മുടെ നാട്,വ്യൂഹം...എന്നിങ്ങനെ ഒരുവര്‍ഷം പത്ത്ചിത്രങ്ങള്‍വരെ പുറത്തുവന്നിട്ടുണ്ട്
 തൊണ്ണൂറുകളുടെ അവസാനത്തിലാണ് തമാശകഥാപാത്രങ്ങള്‍ കൂട്ടത്തോടെ അദ്ദേഹത്തെ തേടിയെത്തുന്നത്, മാട്ടുപ്പെട്ടിമച്ചാനും,ഉദയപുരം സുല്‍ത്താനും,മൈഡിയര്‍ കരടിയും,കല്ല്യാണസൗഗന്ധികത്തിലുമെല്ലാം ഹാസ്യത്തിന്റെ മേമ്പൊടിയിലാണ് മുന്നോട്ടുപോയത്.
തമാശയിലേക്ക ചേക്കേറി കയ്യടിനേടിപോകുമ്പോള്‍തന്നെ ടെലിവിഷന്‍ സീരിയല്‍ രംഗത്തും അദ്ദേഹംസജ്ജീവമായി,ദൂരദര്‍ശനില്‍ സംപ്രക്ഷണം ചെയ്ത പാലിയത്തച്ഛന്‍ ഇതില്‍ ശ്രദ്ധേയമായിരുന്നു.സിനിമാസീരിയല്‍ നടന്റെ റോളുകള്‍ക്കുപുറമെ സംവിധാനത്തിലും ക്യാപ്റ്റന്‍ കൈവച്ചു.മതസൗഹാര്‍ദ്ദം മുഖ്യപ്രമേയമായി  ഇതാഒരു സ്നേഹഗാഥ-എന്നചിത്രവും സംവിധാനം ചെയ്തു.പ്രദര്‍ശനത്തിനെത്താത്ത മിസ്റ്റര്‍ പവനായി 99.99 ആണ് സംവിധാനം നിര്‍വഹിച്ച രണ്ടാമത്തെ സിനിമ.തൃശ്ശൂര്‍ കുതിരാനില്‍ വച്ചുണ്ടായ വാഹനാപകടം ശീരീരകമായ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു എങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാത്ത പട്ടാളക്കാരന്റെ ഊര്‍ജ്ജത്തോടെ അദ്ദേഹം വീണ്ടും സിനിമക്കൊപ്പം സഞ്ചരിക്കുകയായിരുന്നു.

ContentHighlights:CaptianRaju passes away, Captian raju and his characters, captain raju