കാതില്‍ ക്യാപ്റ്റന്‍ രാജുവിന്റെ സൗമ്യസുന്ദരമായ ശബ്ദം. ഫോണിലൂടെ മതിമറന്നു പാടുകയാണ് അദ്ദേഹം: ``കരുണാമയീ ജഗദീശ്വരീ അടിമലരിണയില്‍ അഭയം തരൂ...'' വെള്ളിത്തിരയില്‍ കണ്ണില്‍ ചോരയില്ലാത്ത വില്ലനായും പൊട്ടിച്ചിരിപ്പിക്കുന്ന കൊമേഡിയനായുമൊക്കെ  തിളങ്ങിയ രാജുവിന്റെ ഉള്ളിലെ  ഗായകനെ ആദ്യമായി  തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ``നന്നായി പാടി. സത്യത്തില്‍ ഈ പാട്ട് രാജുവേട്ടന് തന്നെ പാടി റെക്കോര്‍ഡ് ചെയ്യാമായിരുന്നില്ലേ?''-- ചോദിച്ചുപോയി. നിലക്കാത്ത പൊട്ടിച്ചിരിയായിരുന്നു മറുപടി. ``ശ്രുതിയും താളവുമില്ലാത്ത ഞാന്‍  എന്തിന് ജോണ്‍സന്റെ മനോഹരമായ ട്യൂണ്‍ പാടി വൃത്തികേടാക്കണം? മാത്രവുമല്ല, ദാസേട്ടന്റെ ശബ്ദത്തില്‍ സിനിമയില്‍ ഒരു പാട്ട് പാടുക എന്ന എന്റെ സ്വപ്നം അതോടെ തകര്‍ന്നു തരിപ്പണമാവില്ലേ?''

ആദ്യമായി സംവിധാനം ചെയ്യുന്ന ``ഇതാ ഒരു സ്‌നേഹഗാഥ'' (1997) എന്ന ചിത്രത്തിന്റെ ഓഡിയോ ആല്‍ബം എത്തിച്ചുതന്ന ശേഷം വിളിച്ചതായിരുന്നു ക്യാപ്റ്റന്‍ രാജു. കലാകൗമുദി പ്രസിദ്ധീകരണമായ വെള്ളിനക്ഷത്രത്തില്‍ അന്നെനിക്ക് ഒരു ഗാനവിശകലന പംക്തി ഉണ്ട്. ആ കോളത്തില്‍ സ്‌നേഹഗാഥയിലെ പാട്ടുകളെ നന്നായി ഒന്നു പരിചയപ്പെടുത്തണം. അതാണ് ക്യാപ്റ്റന്റെ ആവശ്യം. ``അനിയാ, ഒരു സത്യം കൂടി ഞാന്‍ പറയാം. ഈ സിനിമ ഞാന്‍ സംവിധാനം ചെയ്യുന്നതിന് പിന്നില്‍ ഒരു കാരണം കൂടി  ഉണ്ട്. ദാസേട്ടന്‍ പാടിയ മനോഹരമായ ഒരു സോളോ ഗാനം  എനിക്ക് സ്‌ക്രീനില്‍ അവതരിപ്പിക്കണം. എന്റെ എത്രയോ കാലമായുള്ള ഒരു മോഹമാണ്. ഞാന്‍ പതിവായി അഭിനയിക്കുന്ന റോളുകള്‍ വെച്ചുനോക്കിയാല്‍ ഈ ജന്മം അതിനൊരു അവസരം ലഭിക്കാന്‍ സാധ്യതയില്ല. വില്ലന്മാര്‍ പൊതുവെ പാടാറില്ലല്ലോ. പക്ഷേ ഈ സിനിമയില്‍ രണ്ടു മെലഡികള്‍ക്ക് ഞാന്‍ ലിപ്പ് കൊടുക്കുന്നു. ഈ പാട്ടിനു പുറമെ  താരകങ്ങള്‍ താഴെ വന്നു പാടും മംഗളം എന്ന പാട്ടിനും. രണ്ടും പാടുന്നത് യേശുദാസ്. നമ്മള്‍ ഇത്രകാലം സിനിമയില്‍ അഭിനയിച്ചിട്ട് യേശുദാസിന്റെ ഒരു പാട്ട് പാടിയില്ലെങ്കില്‍ പിന്നെന്ത് കാര്യം.'' ഉള്ളിലെ ആവേശം തെല്ലും മറച്ചുവെക്കാതെ രാജുവേട്ടന്‍ പറയുന്നത് കൗതുകത്തോടെ കേട്ടുനിന്നു ഞാന്‍.  കൊച്ചുകുഞ്ഞിന്റെ നിഷ്‌ക്കളങ്കത തുടിച്ചുനിന്നിരുന്നു ആ വാക്കുകളില്‍.

മലയാള സിനിമയിലെ അനശ്വരമായ മെലഡികളുടെ വലിയൊരു ആരാധകനാണ് രാജു എന്നറിഞ്ഞതും അന്നു തന്നെ. ``ഇപ്പോള്‍ വരുന്ന പാട്ടുകളെ കുറിച്ചൊന്നും  എനിക്കത്ര മതിപ്പില്ല. അര്‍ഥമൊന്നും ഇല്ലാത്ത ബഹളമയമായ പാട്ടുകളാണ് അധികവും. എന്റെ സിനിമയില്‍ നല്ല വരികളും മെലോഡിയസ് ആയ ഈണങ്ങളും ഉണ്ടാവണം എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് കൈതപ്രത്തിനേയും  ജോണ്‍സനേയും ആ ചുമതല ഏല്‍പിച്ചത്. കരുണാമയീ എന്ന പാട്ട് റെക്കോര്‍ഡ് ചെയ്ത ശേഷം ദാസേട്ടന്‍ വളരെ ഇമോഷണല്‍ ആയി. അതുപോലെ ഫീല്‍ ഉള്ള ഒരു പാട്ട് കുറെ കാലം കൂടിയാണത്രെ അദ്ദേഹം പാടുന്നത്. സീനില്‍ അത് അഭിനയിച്ചു മോശമാക്കിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അനിയന്‍ ഒന്ന് കണ്ടുനോക്കണം ...'' തുടക്കക്കാരനായ ഒരു നടന്റെ, സംവിധായകന്റെ  ആകാംക്ഷയും ആവേശവും ആ വാക്കുകളില്‍ കേട്ടു ഞാന്‍.

ആദ്യമായും അവസാനമായും ക്യാപ്റ്റന്‍ രാജുവുമായി സംസാരിച്ച നിമിഷങ്ങള്‍. ഓര്‍മകളില്‍ ആ ശബ്ദവും ആ ഗാനവും വീണ്ടും വന്നു നിറയുന്നു.  

Content Highlights: captain raju movie Itha Oru Snehagatha songs yesudas song Johnson master