''ഒരു മുറിച്ചുരിക കൊണ്ട്, ആനയെ മയക്കിയ അരിങ്ങോടരെ വീഴ്ത്തിയ ആരോമലുണ്ട് അവരുടെ മനസ്സില്‍. രണ്ടിലൊന്നറിഞ്ഞിട്ടേ അവര്‍ പോകൂ.. അതാണാ ചോരത്തിളപ്പിന്റെ പാരമ്പര്യം'' 
ആരോമലിനെ കൊന്ന തന്നോട്, വര്‍ഷങ്ങള്‍ക്കു ശേഷം പകരം വീട്ടാനെത്തിയ ഇളമുറക്കാരെ കുറിച്ച് ചന്തു പറയുന്ന വാക്കുകളാണിത്. അരിങ്ങോടരെ കുറിച്ച് മാലോകര്‍ക്കുള്ള കേട്ടറിവുകള്‍ ഇതില്‍ നിന്നു തന്നെ വായിച്ചെടുക്കാം. ആനയെ മയക്കിയ അഭ്യാസി, കള്ളക്കോലില്‍ കേമന്‍, നിയമങ്ങള്‍ തെറ്റിച്ച് നേടിയ ജയങ്ങള്‍ അലങ്കാരമാക്കിയവന്‍... പാണന്റെ പാട്ടില്‍ ഇങ്ങനെ പലതുമുണ്ട്. വടക്കന്‍പാട്ടുകള്‍ സിനിമയാക്കിയപ്പോഴും അരിങ്ങോടര്‍ കള്ളക്കോലില്‍ കേമന്‍ തന്നെയായിരുന്നു- 1988 ല്‍ വടക്കന്‍ വീരഗാഥ പുറത്തിറങ്ങും വരെ.

പ്രേക്ഷകമനസ്സിലെ ചന്തുവിന്റെയും ഉണ്ണിയാര്‍ച്ചയുടേയും പ്രതിച്ഛായകളെ മാറ്റിയെഴുതിയ ചിത്രം എന്നൊരു വിശേഷണമുണ്ട് വടക്കന്‍ വീരഗാഥയ്ക്ക്. പക്ഷെ ഒരു പേരുകൂടിയുണ്ട് അതില്‍ ചേര്‍ക്കാന്‍-അരിങ്ങോടരുടെ. ക്യാപ്റ്റന്‍ രാജുവിന്റെ സിനിമാജീവിതത്തില്‍ ഏറ്റവും സ്മരണീയമായ വേഷമായിരുന്നു, മലയാളത്തിലെ ക്ലാസ്സിക് എന്നു വിശേഷിപ്പിക്കാവുന്ന ആ ചിത്രത്തിലെ അരിങ്ങോടര്‍.   
ആനയെ മയക്കിയ അഭ്യാസിയെന്നാണ് അരിങ്ങോടര്‍ പുകഴ്പെറ്റിരിക്കുന്നത്. അതിനൊത്ത നടന്‍ വേണം ആ വേഷം കെട്ടാന്‍. ആറടിയിലധികം പൊക്കമുള്ള, ഉറച്ച ശരീരമുള്ള പഴയ ക്യാപ്റ്റന് രൂപം കൊണ്ട് അത് എളുപ്പം വഴങ്ങി. പക്ഷെ എം.ടി. എഴുതിയ അരിങ്ങോടര്‍ക്ക് ആ രൂപം മാത്രം പോരാ, മനുഷ്യന്റെ എല്ലാ വികാരവിചാരങ്ങളുമുള്ളവരാണ് ചേകവന്മാര്‍- കൊല്ലലും ചാവലും അവന്റെ തൊഴിലാണെങ്കിലും. ആ മട്ടിലാണ് എം.ടി. വീരഗാഥയിലെ കഥാപാത്രങ്ങളെ എഴുതിയിരിക്കുന്നത്. അവിടെ അരിങ്ങോടരും അങ്ങനെ തന്നെ. 

കളരിയില്‍ പുതിയ അടവുകള്‍ പഠിക്കാനായിട്ടാണ് ചന്തു അരിങ്ങോടരുടെ മുറ്റത്തെത്തുന്നത്. കുറേ ശിഷ്യന്മാര്‍ മുറകള്‍ പരിശീലിക്കുന്നുണ്ടായിരുന്നു അവിടെ. അതും നോക്കി അടുത്തുതന്നെയുണ്ട് അരിങ്ങോടര്‍. അമ്മാവനായ പുത്തൂരം വീട്ടിലെ വലിയ കണ്ണപ്പച്ചേകവരില്‍ നിന്നും പഠിച്ച അടവുകളുണ്ടായിരുന്നു ചന്തുവിന്റെ കയ്യില്‍. അതു പോരാ... അരിങ്ങോടരില്‍ നിന്നും പഠിയ്ക്കാനുണ്ട് ഇനിയും പലതും. 
''വാര്‍ത്തുവാളും പകര്‍ത്തുവാളുമുണ്ടെന്ന് കേട്ടിട്ടുണ്ടെ''ന്ന് ചന്തു.
''അത് അരിങ്ങോടരുടെ കള്ളക്കോലാണെന്ന് പറഞ്ഞു നടക്കുന്നുണ്ടല്ലോ നിന്റെ അമ്മാവന്‍''.
- അരിങ്ങോടരുടെ ആ മറുപടിയില്‍ സ്വരം കടുത്തിരുന്നു. പക്ഷെ, പിന്നീട് പ്രിയശിഷ്യനായി മാറുന്നു അയാള്‍ക്ക് ചന്തു. 

അങ്കച്ചേകവന് ചോറ് വാള്‍ത്തലയിലാണെന്ന് അയാള്‍ വേദനയോടെ ഇടയ്ക്കൊക്കെ ചന്തുവിനെ ഓര്‍മ്മിപ്പിച്ചു. മൂപ്പിളമത്തര്‍ക്കം തീര്‍ക്കാന്‍ തൊട്ട് വരിക്കപ്ലാവിന്റെ ചക്കയുടെ അവകാശം പറഞ്ഞു വരെ പ്രമാണികള്‍ അങ്കം കുറിയ്ക്കും. അവര്‍ക്കുവേണ്ടി വെട്ടിച്ചാവണം- അതാണ് ചേകവന്റെ ദുര്യോഗം. അയാള്‍ ആത്മനിന്ദയോടെയാണത് പറയുന്നത്. അരിങ്ങോടര്‍ കരുതിയപോലെ തന്നെ സംഭവിക്കുന്നുമുണ്ട് അവസാനം. രണ്ടു നാടുവാഴികള്‍ തമ്മില്‍ തര്‍ക്കം. മധ്യസ്ഥം പറഞ്ഞവരൊക്കെ മടുത്തു. ഇനി അങ്കം വെട്ടി നിശ്ചയിക്കണം. തര്‍ക്കം വേറൊന്നുമല്ല. മൂപ്പിളമ തന്നെ. വയറ്റാട്ടി പറഞ്ഞ കണക്ക് ഒന്ന്, മറ്റുള്ളവര്‍ പറയുന്നത് വേറൊന്ന്. അപ്പോള്‍ അങ്കം വെട്ടിത്തന്നെ നിശ്ചയിക്കാം. ഒരു ചേകവന്റെ ജീവന്‍ പിടഞ്ഞുതീരും. അത്രേ ഉള്ളൂ. 
  
രണ്ടു 'നാടുവാഴി വേന്ദ്രന്മാര്‍' തമ്മില്‍ കുറിച്ച ആ  അങ്കത്തിന് നിശ്ചയിക്കപ്പെട്ട ഒരാളാണ് ഞാന്‍-അയാള്‍ അത് പറയുമ്പോള്‍  വേദനയും രോഷവുമെല്ലാം ഉള്ളിലുണ്ടായിരുന്നു. ആരോമലുമായാണ് അങ്കം വെട്ടേണ്ടത്. അങ്കമല്ല അയാളെ ഉത്കണ്ഠപ്പെടുത്തുന്നത്. അങ്കത്തട്ടില്‍ എന്നെങ്കിലുമൊരിക്കല്‍ ചത്തുവീഴാനുള്ളതാണ് തന്റെ ജീവന്‍. അതിനു മുമ്പ് മക്കളെ ആരുടെയെങ്കിലും കയ്യില്‍ ഏല്‍പ്പിക്കണമെന്ന മോഹമേ ഉള്ളൂ.  മകള്‍ കുഞ്ഞിയ്ക്ക് ചന്തുവിനെ വരനായി കണ്ടുവെയ്ക്കുന്നുമുണ്ട് അയാള്‍. അക്കാര്യം കുഞ്ഞി (ഗീത) ചന്തുവിനോട് സൂചിപ്പിക്കുകയും ചെയ്യുന്നു. ആ മനസ്സ് ഇനിയും അറിഞ്ഞില്ലേ എന്നാണ് ചന്തുവിനോട് അവളുടെ ചോദ്യം. ''ആരോടും ഒന്നും ആവശ്യപ്പെടില്ല അച്ഛന്‍''- -അരിങ്ങോടരുടെ പ്രകൃതം മകളുടെ വാക്കില്‍ നിന്നു തന്നെ വ്യക്തം. 

ആരോമലുമായുള്ള അങ്കമടുത്തു. അമ്മാവന്റെ നിര്‍ബന്ധവും അതിനൊപ്പം ഉണ്ണിയാര്‍ച്ചയുടെ വാക്കും കേട്ട് ആരോമലിനു അങ്കത്തുണ പോകാന്‍ ചന്തു നിശ്ചയിച്ചു. ഈ കളം മാറ്റം അരിങ്ങോടരെ വേദനിപ്പിക്കുണ്ട്. പക്ഷെ ഒന്നും പുറത്തുകാട്ടാത്ത പ്രകൃതമാണ് അയാളുടേത്.   അരിങ്ങോടരില്‍ നിന്ന് അടവെല്ലാം പഠിച്ച് അരിങ്ങോടരുടെ എതിരാളിയുടെ മാറ്റങ്കച്ചേകവനാകുക- ചതി തന്നെ എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ അരിങ്ങോടര്‍ മാത്രം അതൊന്നു ചോദിച്ചില്ല. അമ്മാവനോടുള്ള വാക്കോ ഗുരുക്കളോടുള്ള കടപ്പാടോ എതാണ് മുഖ്യമെന്ന് തിരിച്ചറിയാനാവാത്ത ചന്തുവിനെ അയാള്‍ വാക്കു കൊണ്ട് ഒന്നു പരീക്ഷിച്ച് ചിരിയ്ക്കുന്നതേ ഉള്ളൂ. അപ്പോഴും പെണ്‍മക്കളുടെ കാര്യമാണ് ആശങ്കയായി അയാള്‍ ചന്തുവിനോട് പറഞ്ഞത്. 
 
ആരോമലുമായുള്ള അരിങ്ങോടരുടെ ആ അങ്കം എല്ലാ ജീവിതങ്ങളെയും കുടഞ്ഞെറിയുന്നതാണ് പിന്നീടുള്ള കഥ. മുറിഞ്ഞുപോയ ചുരികയ്ക്ക് പകരം മാറ്റച്ചുരികയെടുക്കാന്‍ സമയം നല്‍കാതെ അരോമലിനെ അരിങ്ങോടര്‍ വെട്ടാനൊരുങ്ങി. വീണ്ടും കള്ളക്കോല്‍. പക്ഷെ, കയ്യിലിരുന്ന മുറിച്ചുരിക എറിഞ്ഞ് ആരോമല്‍ അരിങ്ങോടരെ കൊല്ലുന്നു. എല്ലാവരും നിയമം തെറ്റിച്ച ആ അങ്കത്തിനൊടുവില്‍, തളര്‍ച്ചയോടെ വിശ്രമിക്കുകയയായിരുന്നു ആരോമല്‍. മുളയാണി വെച്ച് ചുരിക വിളക്കാന്‍ കൊല്ലനെ ചട്ടം കെട്ടുകയും അങ്കത്തട്ടില്‍ മാറ്റച്ചുരിക ചോദിച്ചപ്പോള്‍ മറന്നുപോയെന്നു കളവു പറയുകയും ചെയ്ത ചന്തുവിനോട്, ആ അങ്കത്തളര്‍ച്ചയിലും അയാള്‍ കണക്കു തീര്‍ക്കാന്‍ മുതിര്‍ന്നു. അതിനിടെ, കുത്തുവിളക്കിന്റെ തണ്ട്  കഴുത്തിലേക്ക് കുത്തിക്കയറി അയാള്‍ മരിച്ചു. പക്ഷെ പ്രചരിച്ചതോ, മടിയില്‍ അങ്കത്തളര്‍ച്ചയോടെ കിടക്കുന്ന ആരോമലിന്റെ മടിയില്‍ ചന്തു കുത്തുവിളക്കിന്റെ തണ്ട് കുത്തിയിറക്കിയെന്ന്. ഈ ചതികളുടെയെല്ലാം ഭാരവും ശാപവും പേറിയായി പിന്നീട് ചന്തുവിന്റെ ജീവിതവും. ഇങ്ങനെ ദുരന്തമായി മാറുകയാണ് വീരഗാഥയിലെ ഓരോ ജീവിതവും.. 

വെറും ആനയെ മയക്കുന്ന അഭ്യാസിയെയല്ല, സംഘര്‍ഷങ്ങള്‍ നീറ്റുന്ന ഒരു മനസ്സും പേറി ജീവിക്കുന്ന ഒരു ചേകവനെയാണ് ക്യാപ്റ്റന്‍ രാജു വടക്കന്‍ വീരഗാഥയില്‍ അനശ്വരമാക്കിയത്. മക്കളുടെ വിവാഹം നടന്നുകാണാന്‍ ആഗ്രഹിക്കുന്ന അച്ഛന്‍. പക്ഷെ അങ്കത്തട്ടില്‍ എപ്പോള്‍ വേണമെങ്കിലും വെട്ടേറ്റു മുറിയാവുന്ന  ജീവന്‍. ആ നീറ്റലില്‍  വീണു പൊള്ളുന്നതായിരുന്നു അയാളുടെ ഓരോ വാക്കും. ക്യാപ്റ്റന്‍ രാജു അത് മിഴവുറ്റതാക്കുകയും ചെയ്തു. 

ക്രൂരത ചെയ്തുകൂട്ടുന്ന കുറെ കഥാപാത്രങ്ങളെയാണ് ക്യാപ്റ്റന്‍ രാജും ആദ്യ കാലത്ത് അവതരിപ്പിച്ചത്. അതിനിടയിലാണ് 1987 ല്‍ നാടോടിക്കാറ്റ് വരുന്നത്.  മല്‍പ്പിടുത്തത്തിനിടെ, ദാസനും വിജയനും കൂടി, കെട്ടിടത്തില്‍ നിന്നും തള്ളിത്താഴെയിട്ട് പവനായിയെന്ന 'ആ അലവലാതി' യെ ശവമാക്കുന്നു.  ക്യാപ്റ്റന് ബ്രേക്കായി മാറിയ ഈ ചിത്രത്തിന്റെ തിളക്കത്തിനിടയിലായിരുന്നു 1989 ല്‍ വടക്കന്‍ വീരഗാഥ ഇറങ്ങുന്നത്. വടക്കന്‍ പാട്ടു സിനിമകളുടെ മുന്‍ശീലങ്ങളെ പൊളിച്ചെഴുതിയ  എം.ടി- ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന വീരഗാഥയാവട്ടെ ക്യാപ്റ്റന്‍ രാജുവിന്റെ അഭിനയജീവിതത്തില്‍ ഉജ്വലമായ ഒരു അധ്യായം കൂടിയായി മാറി. 
  

captain raju in vadakkan veeragadha aringodar M.T Vasudevan nair Mammootty geetha madhavi captain raju demise