നടന്‍ ക്യാപ്റ്റന്‍ രാജുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍കാല നടി ഭാഗ്യശ്രീ. രാജു ചേട്ടന്‍ മരിത്തു പോയി എന്ന സത്യം അംഗീകരിക്കാനാകുന്നില്ല എന്നും അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്ത ആര്‍ക്കും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഭാഗ്യശ്രീ പറഞ്ഞു.   കപടതയില്ലാത്ത മനുഷ്യനായിരുന്നു രാജുച്ചേട്ടനെന്നും അദ്ദേഹത്തെ പൂര്‍ണ്ണമായും വിശ്വസിക്കാമായിരുന്നു എന്നും ഭാഗ്യശ്രീ പറഞ്ഞു.

ഭാഗ്യശ്രീയുടെ വാക്കുകള്‍: 

'രാജു ചേട്ടന്‍ മരിച്ചു പോയി എന്ന സത്യം അംഗീകരിക്കാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. കാരണം അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്ത ആര്‍ക്കും ഒരിക്കലും അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല. എന്‍.ശങ്കരന്‍ നായര്‍ സാര്‍ സംവിധാനം ചെയ്ത 'ഈ നൂറ്റാണ്ടിലെ മഹാരോഗം' എന്ന സിനിമയില്‍ ജയമാലിനി ആന്റിയുടെയും രാജു ചേട്ടന്റെയും മകളായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചിരുന്നത്. ഭാഗ്യമോളെ എന്നായിരുന്നു എന്നെ എപ്പോഴും വിളിക്കുക. ഞാന്‍ തെലുങ്ക് സിനിമകളില്‍ നായികയായി അഭിനയിക്കുമ്പോഴും വേറെ ചിത്രങ്ങളുടെ ചിത്രീകരണത്തിനായി വരുന്ന രാജുച്ചേട്ടനെ കണ്ടുമുട്ടാറുണ്ടായിരുന്നു. 

കപടതയില്ലാത്ത മനുഷ്യനായിരുന്നു രാജുച്ചേട്ടന്‍. അദ്ദേഹത്തെ നമുക്ക് പൂര്‍ണ്ണമായും വിശ്വസിക്കാമായിരുന്നു. പലപ്പോഴും അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ കാണുമ്പോള്‍ പാവം രാജുച്ചേട്ടനെ ആണല്ലോ ഇത്രയും ക്രൂരനായി കാണിക്കുന്നത് എന്ന് തോന്നിപ്പോവും. ഞാന്‍ മദിരാശിയിലെ കെ.കെ നഗറില്‍ വീടെടുത്തപ്പോഴും അദ്ദേഹം അതിനടുത്തുതന്നെ ആയിരുന്നു താമസം. പല നല്ല ഉപദേശങ്ങളും
അദ്ദേഹം നല്‍കുമായിരുന്നു. കൃത്യനിഷ്ഠ അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഇന്നും കെ.കെ.നഗറിലെ നീല്‍ഗിരിസ് ഷോപ്പിനടുത്തുള്ള വീട് കാണുമ്പോള്‍ രാജുച്ചേട്ടനെ ഓര്‍മ്മവരും. വര്‍ഷങ്ങള്‍ക്ക് ശേഷം 2016-ഇല്‍ ഞാന്‍ രാജുച്ചേട്ടന്റെ നമ്പര്‍ സംഘടിപ്പിച്ചു കേരളത്തിലേക്ക് വിളിച്ചു. 

'ഭാഗ്യ വളരെ സന്തോഷം' എന്ന് പറഞ്ഞു കുറെ തമാശകളും ഉപദേശങ്ങളും എല്ലാം പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് കാണാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം എന്നെ വല്ലാതെ അലട്ടുന്നു. രാജു ചേട്ടനെ പോലെ നല്ല ഒരു സഹപ്രവര്‍ത്തകനെ ഇനി കണ്ടുമുട്ടാന്‍ വളരെ പ്രയാസമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു' ഭാഗ്യശ്രീ പറഞ്ഞു.

captain raju demise southindian actress bagyasree remembers captain raju