മാതൃഭൂമി ഓഫീസിലേക്ക് ഒരു ദിവസം ക്യാപ്റ്റന്‍ രാജു ഓടിവന്നു. ചടുലമായ വേഗത്തോടെ ഓടിക്കയറി ഓഫീസിലെത്തിയ അദ്ദേഹത്തിന്റെ കയ്യില്‍ ഒരു തോക്കുമുണ്ടായിരുന്നു. തോക്കു മേശപ്പുറത്തേക്കിട്ട് അദ്ദേഹം പറഞ്ഞത് 'എന്നെയങ്ങ് വെടിവെച്ച് കൊല്ല്..' എന്നായിരുന്നു. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ആ സംഭവമാണ്. സെറ്റുകളില്‍ ചെല്ലുമ്പോള്‍ ലഭിക്കാറുള്ള 'അനിയാ..' എന്ന വിളിയോടെയുള്ള സ്വീകരണവും മാന്യമായ പെരുമാറ്റവും സൗഹൃദഭാവവുമെല്ലാം അതോടൊപ്പം മനസില്‍ നിറയുന്നു.

സ്വതവേ ശാന്തനായ ക്യാപ്റ്റന്‍ തോക്കേന്തിയ സംഭവത്തിനു പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു. അന്ന് മാതൃഭൂമി ക്ലാസ്സിഫൈഡ് കോളത്തില്‍ 'ചിരിമരുന്ന്' എന്ന പേരില്‍ ഒരു പംക്തി ഉണ്ടായിരുന്നു. മധുമോഹന്‍ കൈകാര്യം ചെയ്യുന്ന പംക്തി. സിനിമാ ലോകത്തെ തമാശകളും സെറ്റിലെ ചിരിക്കഥകളുമൊക്കെയാണ് അതില്‍ പ്രധാനമായും വന്നിരുന്നത്. അതില്‍ ഒരിക്കല്‍ ക്യാപ്റ്റന്‍ രാജുവിന്റെ പേരിലും ഒരു കഥ വന്നു. പലരുടെയും പേരില്‍ ഓടിയതും മിമിക്‌സ് പരേഡ് എന്ന സിനിമയില്‍ കാണിച്ചതുമായ തമാശയായിരുന്നു. സെറ്റില്‍ ആരോ അത് ക്യാപ്റ്റന്റെ പേരില്‍ ചാര്‍ത്തികൊടുത്തു. 

കഥ ഇങ്ങിനെ. ക്യാപ്റ്റന്‍ ഷൂട്ടിങ് കഴിഞ്ഞ് പോവുമ്പോള്‍ മുന്നില്‍ പോവുന്ന വണ്ടിയില്‍ നിന്ന് ഒരു കെട്ട് പുറത്തേക്ക് വീഴുന്നത് കണ്ടു. അദ്ദേഹം അതെടുത്ത് തന്റെ കാറില്‍ ഇട്ടു. വീണ്ടും വീണ്ടും വണ്ടിയില്‍ നിന്ന് കെട്ടുകള്‍ വീഴുന്നു. അതെല്ലാം പെറുക്കിയെടുത്ത് നല്ല സ്പീഡില്‍ കാറുവിട്ട് മുന്നില്‍ പോയ വാനിനെ ഓവര്‍ടേക്ക് ചെയ്തു പിടിച്ചു. മേലില്‍ സാധനങ്ങള്‍ കൊണ്ടു പോവുമ്പോള്‍ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്തു. അപ്പോഴാണറിയുന്നത് അത് ഒരു പത്രവിതരണവണ്ടിയായിരുന്നു എന്ന്. 

ഇത് സിനിമക്കാര്‍ക്കിടയില്‍ പലരുടെയും പേരില്‍ പ്രചരിക്കുന്ന ഒരു തമാശയായിരുന്നു. ക്യാപ്റ്റന്റെ പേരിലാണ് 'ചിരിമരുന്നി'ല്‍ വന്നത്. ക്യാപ്റ്റനെ അത് വല്ലാതെ ചൊടിപ്പിച്ചു. ആര്‍മി ഉദ്യോഗസ്ഥനായി വിരമിച്ച്, നല്ല നടന്‍ എന്ന പേരെടുത്ത തന്റെ ഇമേജിനെ വല്ലാതെ കൊച്ചാക്കുന്ന പരിപാടിയായി പോയി അതെന്ന് അദ്ദേഹം ന്യായമായും വിശ്വസിച്ചു. എഴുതിയ മധുമോഹനനോടും അതെല്ലാം പറഞ്ഞ് കോംപ്രമൈസാക്കിയാണ് ഓഫീസിന്റെ പടിയിറങ്ങിയത്.

മധു ആ കോളത്തില്‍ വന്ന കുറിപ്പുകളെല്ലാം ചേര്‍ത്ത് ചിരിമരുന്ന് എന്ന പേരില്‍ പുസ്തകമാക്കിയപ്പോള്‍ ആമുഖകുറിപ്പില്‍ ഇത് പ്രത്യേകം എഴുതിയിരുന്നു. തമാശ പരാമര്‍ശവിഷയമാവുന്നവര്‍ക്കു കൂടി രസിക്കുമ്പോഴേ ഉദാത്തമായ ഫലിതമാവൂ എന്ന് എന്നെ പഠിപ്പിച്ച ക്യാപ്റ്റന്‍ രാജുവിന് മധു പ്രത്യേകം നന്ദി രേഖപ്പെടുത്തി. 

Content Highlights : captain raju demise remembering captain raju memories