ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. കപടതകളില്ലാത്ത ഒരു വ്യക്തിയായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നും അതുകൊണ്ടു തന്നെ ഒരുപാട് പേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

'പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജു. എന്തും വെട്ടിത്തുറന്നുപറയും. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവയ്ക്കില്ല. അതു അഭിനയത്തിന്റെ കാര്യമാണെങ്കില്‍ പോലും. അതുകൊണ്ട് ഒരുപാട് പേര്‍ അദ്ദേഹത്തെ ദ്രോഹിച്ചു. അതൊക്കെ എല്ലാവര്‍ക്കും അറിയാം. 

എന്തായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ എന്ന് എനിക്കറിയില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തോളം ഫോണില്‍ കൂടിയായിരുന്നു ബന്ധം. കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുവാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം ആരോഗ്യസ്ഥിതി വീണ്ടെടുത്ത് സുഖം പ്രാപിച്ചുവരുകയായിരുന്നു.

എന്റെ സിനിമാജീവിതം തുടങ്ങുന്ന നാളുകളില്‍ തന്നെ എനിക്ക് അദ്ദേഹത്തെ അറിയാം. അന്ന് കൂടെ അഭിനയിച്ചിട്ടില്ലെങ്കിലും യാത്രകളില്‍ പരസ്പരം കാണാറുണ്ടായിരുന്നു. മമ്മൂട്ടിയുടെ നിന്നെ കാണാന്‍ ആയിരം കണ്ണുകള്‍, മോഹന്‍ലാലിന്റെ കൂടെ രാജാവിന്റെ മകന്‍ എന്നീ സിനിമകള്‍ ചെയ്യുമ്പോഴാണ് നേരിട്ട് പരിചയപ്പെടുന്നത്. അന്നുമുതല്‍ വളരെ ശക്തമായ മാനസികബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.

സംഘടനയുടെ കാര്യങ്ങളില്‍ രാജുവേട്ടന് അദ്ദേഹത്തിന്റേതായ വഴി ഉണ്ടായിരുന്നു. എനിക്ക് എന്റേതായ വഴിയും. അതൊരിക്കലും ഞങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല. ഇടയ്ക്കിടയ്ക്ക് എന്നെ ഫോണില്‍ വിളിക്കും. ഭക്ഷണം ഉണ്ടാക്കിവെയ്ക്കാം നീ വാ എന്നു പറയും.

ഇങ്ങനെ ഓരോരുത്തരായി കൊഴിഞ്ഞുപോകുമ്പോള്‍ വേദനയുണ്ട്. എന്‍.എഫ്. വര്‍ഗീസ് തുടങ്ങി നരേന്ദ്രപ്രസാദ്, രാജന്‍.പി. ദേവ് അങ്ങനെയുള്ള ഓരോ വ്യക്തിയും പോകുന്ന കൂട്ടത്തില്‍ വേദന ഒരാഘാതം പോലെ പിടിച്ചുകയറുന്ന മരണമാണ് രാജുച്ചായന്റേതും' -സുരേഷ് ഗോപി പറഞ്ഞു.