ലയാളത്തിന്റെ പ്രിയപ്പെട്ട ​ഗാനരചയിതാവ് ബിച്ചു തിരുമല വിടപറഞ്ഞു. 1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരൻനായരുടെയും മൂത്തമകനായി ജനിച്ച ബി.ശിവശങ്കരൻ ബിച്ചു തിരുമലയായി മാറിയതിന് പിന്നിലൊരു കഥയുണ്ട്. അക്കഥ അദ്ദേഹം തന്നെ ഒരിക്കൽ പങ്കുവച്ചത് ഇങ്ങനെ...

"എന്റെ അമ്മ പാറുക്കുട്ടിയമ്മയുടെ അച്ഛൻ ശിവരാമപിള്ള ഇംഗ്ലീഷ് പണ്ഡിതനും നല്ല വായനക്കാരനുമായിരുന്നു. മുത്തച്ഛൻ വായിക്കാത്ത ലോകക്ലാസിക്കുകൾ കുറവായിരുന്നു. മുത്തച്ഛൻ വായിച്ച ഏതോ ഒരു നോവലിലെ സത്യസന്ധനായ ഒരു കഥാപാത്രത്തിന്റെ പേരാണ് ബിച്ചു. കുട്ടിയായിരുന്നപ്പോൾ എനിക്കത് വീട്ടിലെ വിളിപ്പേരായി. പിന്നീട് ആ പേരുതന്നെ ഞാൻ സ്വീകരിച്ചു. ഇപ്പോൾ ഔദ്യോഗിക രേഖകളിലെല്ലാം ബിച്ചു തിരുമലയാണ്. ഈ പേരിൽമാത്രമേ ഞാൻ എഴുതിയിട്ടുള്ളൂ. പേരുമായി ബന്ധപ്പെട്ട് കുറേ രസകരമായ സംഭവങ്ങളുമുണ്ടായി. ഞാൻ മുസ്ലിമാണെന്ന് ധരിച്ച പലരും ഇപ്പോഴുമുണ്ട്. ബിച്ചൂക്ക എന്നവർ സ്‌നേഹത്തോടെ വിളിക്കും. ഞാൻ തിരുത്താനൊന്നും പോവില്ല.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബി.എ. പാസായശേഷം കുറച്ചുകാലം ഒരു കമ്പനിയുടെ റപ്രസന്റേറ്റീവായി ജോലിചെയ്തിരുന്നു. പല ഭാഗത്തും കമ്പനിയുടെ ആവശ്യത്തിന് സഞ്ചരിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിലനിൽക്കുന്ന ജീവിത രീതിയും സംസ്‌കാരവും ഭാഷാവ്യത്യാസങ്ങളും മനസ്സിലാക്കാൻ ഈ യാത്രകൾ ഉപകരിച്ചു. ഒരിക്കൽ കോഴിക്കോട്ട് പോയപ്പോൾ യാത്രചെയ്തത് സൈക്കിൾറിക്ഷയിൽ. കുറേ സഞ്ചരിച്ചപ്പോൾ റിക്ഷക്കാരൻ ഒരിടത്ത് നിർത്തി കടയിൽ എന്തോ വാങ്ങാൻപോയി. തിരിച്ച് കയറുമ്പോൾ ഒരാൾ വിളിച്ചുപറയുന്നു, 'ബിച്ചൂ പോകല്ലേ, ഒരു കാര്യം പറയാനുണ്ട്' എന്ന്. ഞാൻ അദ്ഭുതപ്പെട്ടു. ഇതുവരെ വരാത്ത കോഴിക്കോട്‌നഗരത്തിൽ എന്നെ അറിയുന്ന ആളോ. അയാൾ ഓടിവന്ന് സംസാരിക്കുന്നത് റിക്ഷക്കാരനോട്. റിക്ഷക്കാരൻ മുസ്ലിമാണെന്ന് വസ്ത്രധാരണത്തിൽനിന്ന് മനസ്സിലാക്കി. ബിച്ചു എന്നത് മുസ്ലിങ്ങൾ ഇടുന്ന പേരാണെന്ന് അന്നാണെനിക്ക് മനസ്സിലായത്. യാത്രതുടർന്നപ്പോൾ ഞാൻ എന്റെ പേര് വെളിപ്പെടുത്തി. അപ്പോൾ റിക്ഷക്കാരനും ചിരിച്ചു

Content Highlights : story behind the name Bichu Thirumala Malayalam Lyricist