തിരുവനന്തപുരം:  ഗാനരചയിതാക്കള്‍ക്ക് മുന്നിലുളള ഒരു പാഠപുസ്തകമാണ് ബിച്ചു തിരുമലയെന്ന് ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. ഗാനരചനയിലേക്ക് വരുമ്പോള്‍ തനിക്ക് മുന്നിലുണ്ടായിരുന്ന റോള്‍ മോഡലായിരുന്നു ബിച്ചു തിരുമലയെന്നും അദ്ദേഹം ഓര്‍മിച്ചു. ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒ.എന്‍.വിയും, ഭാസ്‌കരന്‍ മാസ്റ്ററുമൊക്കെ എഴുതിയുരുന്ന ആ കാലഘട്ടത്തില്‍ നിന്ന്, കവിതയില്‍ നിന്ന് പാട്ടുകളെല്ലാം ട്യൂണിട്ടിട്ടതിന് ശേഷം എഴുതുന്നതിലേക്കെത്തി. അക്കാലത്താണ് ബിച്ചുവേട്ടന്‍ ഈ രംഗത്തെത്തുന്നത്. മ്യൂസിക്കിന് കൂടുതല്‍ പ്രാധാന്യം വരികയും അതിനൊപ്പം വരികള്‍ എഴുതുമ്പോഴും അതുവരെ പരിചിതമല്ലാത്ത ഒരുപാട് ബിംബങ്ങള്‍ ഗാനത്തില്‍ കൊണ്ടുവന്ന ഒരു ഗാനരചയിതാവായിരുന്നു അദ്ദേഹം. ഈണങ്ങള്‍ക്ക് അക്ഷരങ്ങള്‍ കൊടുക്കുക എന്നുപറയുന്നതിനൊപ്പം തന്നെ ഒരുപാട് പ്രയോഗങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. മൈനാകം എന്ന വാക്ക് ഞാന്‍ ആദ്യം കേള്‍ക്കുന്നത് ബിച്ചുവേട്ടന്‍ എഴുതിയപ്പോഴാണ്. എന്നപ്പോലെ പലരും ആദ്യമായി കേള്‍ക്കുന്നത് അപ്പോഴായിരിക്കും. 

സാധാരണ പ്രയോഗത്തിലില്ലാത്ത വാക്കുകള്‍ പോലും ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും പാട്ടുകേള്‍ക്കുന്നവരുടെ മനസ്സിലേക്ക് കൊണ്ടുവരാനും ആരോ ഉണ്ടാക്കി വെച്ച ഈണത്തിന് മേല്‍ എഴുതാനും ബിച്ചുവേട്ടനെ കഴിഞ്ഞേ ആരുമുളളൂ, അദ്ദേഹം ഒരു ടെക്‌സ്റ്റ് ബുക്ക് തന്നെയാണ്. ഈ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളുമായിരുന്നു.' ഷിബു ചക്രവര്‍ത്തി ഓര്‍ക്കുന്നു.