ഞ്ച് പതിറ്റാണ്ട് നീണ്ട പാട്ടെഴുത്തുകാലം. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങി എ. ആര്‍. റഹ്‌മാന്‍ വരെയുള്ള സംഗീത പ്രതിഭകളോടൊപ്പം പ്രവര്‍ത്തിച്ച അസാമാന്യപ്രതിഭ. ആ തൂലികത്തുമ്പിലൂടെ മലയാളികള്‍ കേട്ടത് ആയിരത്തോളം സിനിമാഗാനങ്ങള്‍ ഉള്‍പ്പെടെ മൂവായിരത്തില്‍പരം ഗാനങ്ങള്‍. അദ്ദേഹത്തിന്റെ വരികളില്‍ തേനും വയമ്പും നിറഞ്ഞു, ശ്രുതിയില്‍ നിന്ന് നാദശലഭങ്ങളുയര്‍ന്നു. നീര്‍പ്പോളകളുടെ ലാളനമേറ്റ് നീലത്താമര വിടര്‍ന്നതും പഴംതമിഴ്പാട്ടിഴഞ്ഞതും പ്രിയങ്കരങ്ങള്‍ സ്വയം മറന്നതും ബിച്ചു തിരുമലയുടെ ഗാനങ്ങളിലൂടെത്തന്നെ. പ്രണയവും വിരഹവും സ്നേഹവും ആനന്ദവും ഉത്സാഹവും ഉന്മാദവുമെല്ലാം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നമ്മെ തേടിയെത്തി. ഈണങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് അദ്ദേഹത്തിന്റെ സാഹിത്യവൈഭവം കേള്‍വിക്കാരന്റെ മനസ്സിന്റെ അണിയറയില്‍ താളവും മേളവും പകര്‍ന്ന് ഏഴുസ്വരങ്ങള്‍ക്ക് അകമ്പടിയേകി.

ഈണങ്ങള്‍ക്കൊപ്പിച്ച് ഏതെങ്കിലും വാക്കുകള്‍ കുത്തിത്തിരുകി വെറുമൊരു പാട്ടെഴുതുകയല്ല ബിച്ചു തിരുമല ചെയ്തിരുന്നത്. വ്യത്യസ്തവും സുന്ദരവുമായ പദങ്ങള്‍ ചേര്‍ത്ത് സന്ദര്‍ഭത്തിനനുസരിച്ച് അര്‍ഥവത്തായ പദങ്ങള്‍ മനോഹരമായി അടുക്കി വെക്കുകയായിരുന്നു ബിച്ചു തിരുമല എന്ന സാഹിത്യകാരന്‍. മലയാള സിനിമാഗാനശാഖയ്ക്ക് അതിമനോഹരമായ പദങ്ങള്‍ പരിചയപ്പെടുത്തിയ കവികളില്‍ പ്രധാനിയാണ് ബിച്ചു തിരുമല. 1972 ല്‍ ഭജഗോവിന്ദം എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതിയാണ് ബിച്ചു തിരുമല എന്ന ഗാനരചയിതാവിന്റെ കടന്നു വരവ്. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ തുടങ്ങി സംഗീതപ്രമുഖര്‍ക്കൊപ്പം ബച്ചു തിരുമല  പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ടി. ഉമ്മറിനൊപ്പം പ്രവര്‍ത്തിച്ച 70 കളില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് നിരവധി മനോഹരഗാനങ്ങള്‍. എ.ആര്‍. റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഒരേയൊരു മലയാളസിനിമയായ യോദ്ധയ്ക്ക് വേണ്ടി പാട്ടുകളെഴുതിയതും അദ്ദേഹം തന്നെ.

സഹോദരിയും ഗായികയുമായ സുശീലാദേവിയുടെ   സിനിമയ്ക്ക് പിന്നണി പാടാനുള്ള യാത്രയില്‍ കൂട്ടുപോയ ബിച്ചു തിരുമല സംവിധായകന്‍ എം. കൃഷ്ണന്‍ നായര്‍ക്കൊപ്പം നിന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ തുടങ്ങി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു വരുന്ന കാലത്താണ് ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന ബിച്ചു തിരുമലയുടെ കവിത ശ്രദ്ധയില്‍ പെട്ട നിര്‍മ്മാതാവ് സി.ആര്‍.കെ. നായരുടെ നിര്‍ദേശപ്രകാരമാണ് സിനിമാഗാനരചനാരംഗത്തെത്തിയത്. ജയ-വിജയന്‍മാരായിരുന്നു ബിച്ചു തിരുമലയുടെ ആദ്യചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമായിരുന്നു 1975 ല്‍ അടുത്ത സിനിമാഗാനരചന. പ്രയാണം, ഞാന്‍ നിന്നെ പ്രേമിക്കുന്നു, സ്ത്രീധനം, ആലിംഗനം, അനഭവം, നിറകുടം, ഈ മനോഹരതീരം, അനുപല്ലവി അങ്ങാടി...തുടങ്ങി അഞ്ച് കൊല്ലത്തിനിടെ കുറേയേറെ ചിത്രങ്ങള്‍.

അങ്ങാടിയിലെ കണ്ണും കണ്ണും..., അനുപല്ലവിയിലെ എന്‍ സ്വരം പൂവിടും..., രാകേന്ദു കിരണങ്ങള്‍..., പ്രണയസരോവരതീരം..., നീലജലാശയത്തില്‍..., നീയും നിന്റെ കിളിക്കൊഞ്ചലും...തുടങ്ങിയ ഗാനങ്ങള്‍ മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനങ്ങളാണ്. ആ പാട്ടുകള്‍ക്ക് അന്നും ഇന്നും ആരോധകരേറെ. രാകേന്ദു കിരണങ്ങളും നീലജലാശയവും നീലത്താമരയും മലയാളികള്‍ക്ക് പുതുമയാര്‍ന്ന പദങ്ങളായിരുന്നു. ഐ.വി.ശശിയും എ.ടി. ഉമ്മറുമൊത്തുള്ള ബിച്ചു തിരുമലയുടെ കോംബിനേഷന്‍ നല്‍കിയത് നിരവധി ഹിറ്റുകളാണ്. 1981 ല്‍ പുറത്തിറങ്ങിയ തൃഷ്ണ, തേനും വയമ്പും എന്നീ ചിത്രങ്ങള്‍ പാട്ടെഴുത്തുകാരനെ നിലയില്‍ ബിച്ചു തിരുമലയ്ക്ക് സംസ്ഥാനചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തു. രവീന്ദ്രന്റെ സംഗീതത്തില്‍ പിറന്ന ഒറ്റക്കമ്പി നാദം മാത്രം..., ശ്യാം സംഗീതം നല്‍കിയ മൈനാകം കടലില്‍ നിന്നുയരുന്നുവോ...എന്നീ ഗാനങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. ഇന്നും ഗാനമേളകളിലും റിയാലിറ്റി ഷോകളിലും ഈ ഗാനങ്ങള്‍ ആവര്‍ത്തിച്ച് ആലപിക്കപ്പെടുന്നു.

ഇണ എന്ന ചിത്രത്തിലെ വെള്ളിച്ചില്ലും വിതറി..., അഹിംസയിലെ കാറ്റ് താരാട്ടും..., ജലശംഖുപുഷ്പം..., സമയരഥങ്ങളില്‍...(ചിരിയോ ചിരി), കാലം കൈവിരലാല്‍...(കാലം), ആളൊരുങ്ങി അരങ്ങൊരുങ്ങി... (എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്), താലീപീലിക്കാട്ടിന്നുള്ളിലൊരു...(വിസ), പാലാഴിപ്പൂമങ്കേ..., ലീലാതിലകം ചാര്‍ത്തി...(പ്രശ്നം ഗുരുതരം)...ബിച്ചു തിരുമലയുടെ രചനകള്‍ ഒരിക്കലും വിരസതയുണര്‍ത്തിയില്ല. എല്ലാ ഗാനവും ഒന്നിനൊന്ന് മെച്ചം. പുതിയ പാട്ടുകാര്‍ ഒരിക്കലും ബിച്ചു തിരുമലയ്ക്ക് വെല്ലുവിളിയുണര്‍ത്തിയില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹോദരിയ്ക്ക് പാടാന്‍ വേണ്ടിയാണ് അദ്ദേഹം ആദ്യത്തെ പാട്ടഴുതിയത്. 2017 ലും അദ്ദേഹം സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി. 2018 ലും 2021 ലും അദ്ദേഹത്തിന്റെ മിഴിയോരം നനഞ്ഞൊഴുകും എന്ന ഗാനം ആദി, ജാന്‍ എ മന്‍ എന്നീ ചിത്രങ്ങളില്‍ വീണ്ടുപയോഗിച്ചു. ജെറി അമല്‍ദേവാണ് 1980 ല്‍ പുറത്തിറങ്ങിയ ആ ഗാനത്തിന്റെ സംഗീതസംവിധായകന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ സിനിമയിലെ അതുള്‍പ്പെടെ എല്ലാ ഗാനങ്ങളും എക്കാലത്തേയും മികച്ച പാട്ടുകളുടെ ലിസ്റ്റിലുണ്ട്. കണ്ണും കണ്ണും...(അങ്ങാടി),ആയിരം കണ്ണുമായ്...(നോക്കെത്താ ദൂരത്ത് കണ്ണും നട്ട്) എന്നീ ബിച്ചു തിരുമല ഗാനങ്ങളും പില്‍ക്കാലത്ത് വീണ്ടും ഉപയോഗിച്ചു.

1991 ലെ കടിഞ്ഞൂല്‍കല്യാണം എന്ന രാജസേനന്‍ സംവിധാനം ചെയ്ത സിനിമയിലെ ഗാനരചനയ്ക്ക് ഒരുവട്ടം കൂടി ബിച്ചു തിരുമലയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ഗാനരചനയ്ക്ക് മറ്റ്  ഒട്ടനവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1992 ല്‍ റിലീസായ ചമ്പക്കുളം തച്ചന്‍ എന്ന സിനിമയിലെ മകളെ പാതിമലരേ...എന്ന് ഗാനം ഏറെ പ്രശംസ നേടി. ആരാരോ ആരിരാരോ..., ഉണ്ണി ആരാരിരോ...,കണ്ണോടു കണ്ണോരം..., എന്‍ പൂവേ പൊന്‍ പൂവേ...തുടങ്ങി മലയാളികള്‍ക്ക് മൂളാന്‍ നിരവധി താരാട്ടുപാട്ടുകള്‍ അദ്ദേഹം എഴുതി. ഓരോന്നും വ്യത്യസ്തമായ പദങ്ങളാല്‍ സമ്പന്നം. 

ആലിപ്പഴം പെറുക്കാം...(മൈ ഡിയര്‍ കുട്ടിച്ചാത്തന്‍), കിലുകില്‍ പമ്പരം...(കിലുക്കം), കൊഞ്ചി കൊഞ്ചി...(കളിപ്പാട്ടം), ലല്ലലം ചൊല്ലുന്ന...(വിയറ്റ്നാം കോളനി)...കുട്ടിത്തം തുളുമ്പുന്ന ബിച്ചു തിരുമലപ്പാട്ടുകള്‍ എണ്ണമറ്റതാണ്. പാവാട വേണം...(അങ്ങാടി),  ഉന്നം മറന്ന് തെന്നിപ്പറന്ന...(ഇന്‍ ഹരിഹര്‍ നഗര്‍), കടുവായെ കിടുവ പിടിക്കുന്നോ...(തച്ചിലേടത്തു ചുണ്ടന്‍), ശംഖും വെണ്‍ചാമരവും...(പട്ടാഭിഷേകം), മച്ചാനെ വാ എന്‍ മച്ചാനെ വാ...(മാന്നാര്‍ മത്തായി സ്പീക്കിങ്), ഊട്ടിപ്പട്ടണം...(കിലുക്കം)...ഏതു വിധത്തിലുള്ള ഗാനവും അനായാസേന ബിച്ചു തിരുമല ഈണത്തിനനുസരിച്ച് എഴുതി. ബിച്ചു തിരുമലയുടെ രചനാവൈഭവത്തിന്റെ ലഹരിയില്‍ നാം മയങ്ങിപ്പോയിരുന്നു. പാട്ടുകള്‍ ആരുടെ എന്ന് തിരക്കാതെ തന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ നാം ഏറ്റെടുത്തിരുന്നു.  ഐ.വി. ശശി, ഫാസില്‍, സിബി മലയില്‍, സിദ്ദിഖ് ലാല്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരുടെ ആദ്യ സിനിമകളിലെ ഗാനരചയിതാവ് ബിച്ചു തിരുമലയായിരുന്നു. 

മധുരക്കിനാവിന്റെ ലഹരിയില്‍ നമ്മെ ആറാടിച്ച, ധമനികളില്‍ തെയ്യാട്ടമൊരുക്കിയ, ഒരായിരം കളിത്തുമ്പികളെ മിഴിക്കുമ്പിളിലൊളിപ്പിച്ച, പീലിക്കൂട നിവര്‍ത്തി ആലിപ്പഴം പെറുക്കാന്‍ ക്ഷണിച്ച, കൊഞ്ചിക്കരയല്ലേ മിഴികള്‍ നനയല്ലേ എന്ന് നമ്മോട് പറഞ്ഞ, പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി വിടര്‍ത്തിയ, പാല്‍നിലാവിനും ഒരു നൊമ്പരമുണ്ടെന്ന് നമ്മെ ഓര്‍മിപ്പിച്ച,  മഞ്ചാടിക്കുന്നില്‍ മണിമുകിലുകളെ കൊണ്ട് പീലിവീശിയാടിച്ച, വാഴപ്പൂങ്കിളികളെ ഒരു പിടി നാര് കൊണ്ട് കൂടുകള്‍ മെനയിച്ച, കണ്ണാം തുമ്പിയെ കൂടെ പോരാന്‍ വിളിച്ച ആ മാസ്മരിക രചനാസൗകുമാര്യത്തിന് ഒരിക്കലും വിസ്മൃതിയിലേക്ക് മറയാനാവില്ല. ഒരു മയില്‍പീലിയായ് ജനിച്ചെങ്കില്‍ കണ്ണന്റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കുമെന്ന് കുറിച്ച ആ മഹാനായ എഴുത്തുകാരന്‍ അമ്പത് കൊല്ലം കൊണ്ടെഴുതിയ അസംഖ്യം ഗാനങ്ങള്‍  ഇനിയും നമ്മെക്കൊണ്ട് ആവര്‍ത്തിച്ച്‌ പാടിച്ചുകൊണ്ടേയിരിക്കും. 

Content Highlights:  Remembering Lyricist Bichu Thirumala and his evergreen songs