ന്തോഷ് ശിവന്റെ ക്യാമറയ്ക്ക് മുന്നില്‍ വീറോടെ പൊരുതുന്ന തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും. ഉരുളയ്ക്ക് ഉപ്പേരി കണക്കെ പോര്‍വിളികള്‍, അടിതടകള്‍, അട്ടഹാസങ്ങള്‍, ആംഗ്യവിക്ഷേപങ്ങള്‍. കട്ട് പറയാന്‍ പോലും മറന്ന് ആ പകര്‍ന്നാട്ടം അന്തംവിട്ടു കണ്ടുനില്‍ക്കുന്നു സംവിധായകന്‍ സംഗീത് ശിവന്‍. അന്തരീക്ഷത്തില്‍ രണവീര്യം തുളുമ്പുന്ന ഒരു മത്സരപ്പാട്ടിന്റെ ഈരടികള്‍: പടകാളി ചണ്ഡിച്ചങ്കരി. എ.ആര്‍.റഹ്‌മാന്‍ ഈണമിട്ട് ബിച്ചു തിരുമല എഴുതിയ ഈ പാട്ട് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് പാട്ടുകളിലൊന്നാണ്. 

ഗാനം വളരെ പ്രശസ്തമാണെങ്കിലും പലരും ആ പാട്ടിലെ വരികള്‍ തെറ്റിച്ചുപാടുന്നതിനെ കുറിച്ചും പാട്ടിന്റെ പിറവിയെ കുറിച്ചും ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ബിച്ചുതിരുമല മനസ്സുതുറക്കുകയുണ്ടായി. 

'ചെന്നൈയില്‍ റഹ്‌മാന്റെ സ്റ്റുഡിയോയില്‍ വെച്ച് സംഗീത് ശിവന്‍ ഗാനസന്ദര്‍ഭം വിവരിച്ചു തന്നപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നത് ഭദ്രകാളിയുടെ രൂപമാണ്. രൗദ്രരൂപത്തിലുള്ള ദേവിയെ സ്തുതിക്കുന്ന ഒരു ഗാനമായാല്‍ സന്ദര്‍ഭത്തിന് ഇണങ്ങുമെന്ന് തോന്നി. സംഗീതിനും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. മഹാകവി നാലാങ്കലിന്റെ 'മഹാക്ഷേത്രങ്ങള്‍ക്ക് മുന്നില്‍' എന്ന പുസ്തകം ആ ഘട്ടത്തിലാണ് എനിക്ക് തുണയായത്. പടകാളി, പോര്‍ക്കലി, ചണ്ഡി, മാര്‍ഗിനി എന്നിങ്ങനെ ദേവിയുടെ പര്യായപദങ്ങള്‍ ഒന്നൊന്നായി മനസ്സില്‍  ഒഴുകിയെത്തുന്നു. ഹാസ്യ ഗാനമായതിനാല്‍ ആഴമുള്ള ആശയങ്ങള്‍ ആരും പ്രതീക്ഷിക്കാനിടയില്ല. എങ്കിലും  ഉപയോഗിക്കുന്ന പദങ്ങള്‍ അര്‍ഥശൂന്യമാകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആരാധനയുമായി ബന്ധപ്പെട്ട വാക്കുകളാണ് പാട്ടില്‍ ഏറെയും പറമേളം, ചെണ്ട, ചേങ്കില, ധിം തുടി മദ്ദളം എന്നിങ്ങനെ'.

പുത്തന്‍ തലമുറ പോലും അകമഴിഞ്ഞ് ആസ്വദിക്കുന്നു ആ പാട്ട്. സ്റ്റേജിലും റിയാലിറ്റി ഷോകളിലുമൊക്കെ ഇന്നും പതിവായി 'പടകാളി'  പാടിക്കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട് ബിച്ചുവിന്. ദു:ഖം ഒരു കാര്യത്തില്‍  മാത്രം: ''പാട്ടിലെ പോര്‍ക്കലിയും മാര്‍ഗിനിയും ഓര്‍മ്മയായി. പകരം പോക്കിരിയും മാക്കിരിയും വന്നു. ഇപ്പോള്‍ അധികം പേരും പാടിക്കേള്‍ക്കാറുള്ളത് പടകാളി ചണ്ഡിച്ചങ്കരി പോക്കിരി മാക്കിരി എന്നാണ്.'' പടകാളി എന്ന് പറഞ്ഞാല്‍ ഭദ്രകാളി, ചണ്ഡി എന്ന് പറഞ്ഞാലും ഭദ്രകാളി തന്നെ. ഇനി ചങ്കരി അഥവാ ശങ്കരി എന്ന് പറഞ്ഞാല്‍ ശങ്കരന്റെ അതായത് പരമശിവന്റെ ഭാര്യ. പോര്‍ക്കലി എന്നാല്‍ പോരില്‍ കലി തുള്ളുന്നവള്‍ എന്നാണ് അര്‍ത്ഥം. മാര്‍ഗനി എന്നാല്‍ മാര്‍ഗ്ഗഗനിര്‍ദ്ദേശം നല്‍കുന്നവള്‍. ഇതെല്ലാം ദേവിയുടെ പര്യായപദങ്ങളാണ്. പക്ഷെ ഇത് എല്ലാവരും പാടിപ്പാടി പോക്കിരി മാക്കിരി എന്നൊക്കെയാക്കിക്കളഞ്ഞു.

പാട്ടില്‍ വരുന്ന തടിയാ, പൊടിയാ എന്നീ വിളികള്‍ക്കുപിന്നിലും രസകരമായ കഥയുളളതായി ബിച്ചു തിരുമല പറഞ്ഞിട്ടുണ്ട്. 

ആകാശവാണിയില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ എം.ജി രാധാകൃഷ്ണനും ഉദയഭാനുവും പരസ്പരം തമാശ പറഞ്ഞ് കളിയാക്കി വിളിച്ചിരുന്ന പേരുകളാണ് തടിയാ പൊടിയാ എന്നുളളത്. പാട്ടിലെ സാഹചര്യത്തിനനുസരിച്ച് ആ ഈണത്തിലേക്ക് ഈ രണ്ടു പദങ്ങളെ വിളക്കിച്ചേര്‍ക്കുകയായിരുന്നു.

ഇന്നത്തെ ജനറേഷന് പോലും ആ പാട്ടുകള്‍ മനഃപാഠമാണ്. നമുക്ക് വളരെ ലളിതമായി തോന്നുന്ന വാക്കുകള്‍ അദ്ദേഹം വളരെ ഔചിത്യത്തോടെ ഉപയോഗിച്ചു എന്നുളളതാണ്.