ബിച്ചു തിരുമല എന്ന പ്രതിഭാധനനായ പാട്ടെഴുത്തുകാരന്റെ ഗാനരചനാപാടവം കണ്‍മുന്നില്‍ എത്രയോ തവണ കണ്ടമ്പരന്നയാളാണ് ഞാന്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം പാട്ടെഴുതി. അങ്ങാടി, വാര്‍ത്ത, ചിരിയോ ചിരി, അഹിംസ എന്നിവയെല്ലാം ബിച്ചുവിന്റെ പാട്ടുകളാല്‍ സമ്പന്നമാണ്. ഈ സിനിമകളുടെ വന്‍ വിജയത്തില്‍ പാട്ടുകള്‍ക്കും വലിയൊരു പങ്കുണ്ട്.

അങ്ങാടിയിലെ 'പാവാട വേണം മേലാട വേണം...' എന്ന പാട്ട് തലമുറകള്‍ക്കിപ്പുറം, സിനിമയില്‍നിന്ന് പാട്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും പ്രായഭേദമെന്യേ പാടിക്കൊണ്ടിരിക്കുന്നു. ചിരിയോ ചിരിയിലെ 'ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..' എന്നത് യേശുദാസിന്റെ ആലാപനജീവിതത്തിലെ നാഴികക്കല്ലായ ഗാനമാണ്. ഇന്നും ആ ഗാനം നല്ല രീതിയില്‍ പാടി ഫലിപ്പിക്കുക ഏതൊരു ഗായകനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്.'സമയരഥങ്ങളില്‍ നമ്മള്‍...' എന്ന ഗാനം ജീവിതത്തെക്കുറിച്ച് ഒരുപാട് ചിന്തിപ്പിക്കുന്നു. വാര്‍ത്തയിലെ 'ഇന്നലെകള്‍ ഇതുവഴിയെ പോയി...' എന്ന ഗാനം കേള്‍വിയില്‍ത്തന്നെ നമ്മെ വേദനിപ്പിക്കുന്നു. അങ്ങാടിയിലെതന്നെ 'കണ്ണും കണ്ണും...' എന്ന ഗാനം ഇപ്പോഴും യുവതലമുറ ആഘോഷിച്ച് പാടുന്നതാണ്.

ഭാവത്തിനനുസരിച്ച് അളന്ന് മുറിച്ചതുപോലെയാണ് ബിച്ചുവിന്റെ വാക്കുകളും വരികളും പിറക്കുന്നത്.'പാവാട വേണം..' എന്ന പാട്ട് എഴുതിയ ആളാണ് 'പഴന്തമിഴ് പാട്ടിഴയും ..' എന്ന ഗാനം എഴുതിയത് എന്ന് അത്ഭുതത്തോടെ മാത്രമേ നമുക്ക് വിശ്വസിക്കാനാവൂ. അതായിരുന്നു ബിച്ചു തിരുമല എന്ന ഗാനരചയിതാവ്. ഈ ഭൂമയില്‍ ഗാനങ്ങളും സംഗീതവും അതാസ്വദിക്കുന്ന മനസ്സുകളുമുള്ള കാലത്തോളം ജീവിക്കുന്നവരാണ് ഗാനരചയിതാക്കളും സംഗീത സംവിധായകരും. ആ ഭാഗ്യം അവര്‍ക്ക് മാത്രമേയുള്ളൂ. ബിച്ചു തിരുമല ആ ഭാഗ്യം ലഭിച്ചയാളാണ്. ബിച്ചു തിരുമലയ്ക്ക് മരണമില്ല-ആ പ്രതിഭ പാടിക്കൊണ്ടേയിരിക്കും.