ര്‍ദ്ധരാത്രിയോടടുപ്പിച്ചാണ് ശ്യാം സാര്‍ വിളിച്ചത്. ഫോണിലൂടെ ഒഴുകിവന്ന ഘനഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ വേദന കലര്‍ന്നിരുന്നു. പതിവുള്ള പ്രസാദാത്മകതയില്ല; കുശലാന്വേഷണങ്ങളില്ല. നിശ്ശബ്ദമായ ഒരു ഗദ്ഗദം വാക്കുകളില്‍ തങ്ങിനില്‍ക്കുന്നതു പോലെ...

'മോനേ, ബിച്ചുവിന് എങ്ങനെ ഉണ്ട്?'' അദ്ദേഹം ചോദിച്ചു. 'കിടന്നിട്ട് ഉറക്കം വരുന്നില്ല. ഇന്നലെ ആ വാര്‍ത്ത കേട്ടതു മുതല്‍ മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍. അദ്ദേഹത്തിന്റെ മകനെ വിളിച്ചു കിട്ടുന്നില്ല. അതുകൊണ്ടാണ്  അസമയത്ത് വിളിച്ചത്. ക്ഷമിക്കണം.''

വികാരഭരിതമായ  ആ വാക്കുകള്‍ക്ക് മുന്നില്‍ എന്ത് പറയണമെന്നറിയാതെ പകച്ചുനിന്നു ഞാന്‍. ബിച്ചു തിരുമലയും ശ്യാമും ചേര്‍ന്നൊരുക്കിയ നൂറു നൂറു പാട്ടുകളുടെ ശീലുകള്‍ ഓര്‍മ്മയില്‍ ഒഴുകിയെത്തുന്നു. പതിറ്റാണ്ടുകളായി സ്വന്തം ആത്മാവിന്റെ, ജീവന്റെ  ഭാഗമായ ഒരാള്‍ അകലെ മരണത്തിന്റെ നേര്‍ത്ത കാലൊച്ചകള്‍ക്ക്  കാതോര്‍ത്ത് മയങ്ങിക്കിടക്കുമ്പോള്‍, ശ്യാം സാറിന് എങ്ങനെ ഉറക്കം വരും? കുറച്ചു ഭേദമാണ് എന്നാണ്  അറിയാന്‍ കഴിഞ്ഞത്. നമുക്ക് പ്രാര്‍ത്ഥിക്കാം ശ്യാം സാര്‍, ബിച്ചു ചേട്ടന് വേണ്ടി..'' അത്രയേ പറയാന്‍ കഴിഞ്ഞുള്ളു എനിക്ക്.

ബിച്ചു ചേട്ടന്റെ വിയോഗവാര്‍ത്ത അതികാലത്ത് ഓഫീസില്‍ നിന്ന് വിളിച്ചറിയിച്ചപ്പോള്‍ ആദ്യം ഓര്‍മ്മവന്നത് ശ്യാം സാറിനെയാണ്. എങ്ങനെ ഉള്‍ക്കൊള്ളാനാകും അദ്ദേഹത്തിന് ഈ വേര്‍പാട്. 'എന്റെ കുടുംബാംഗങ്ങളെക്കാള്‍ കൂടുതല്‍ സമയം ഞാന്‍ ചെലവഴിച്ചിട്ടുണ്ടാകുക ബിച്ചുവിനോടൊപ്പമായിരിക്കും. ഹൃദയം കൊണ്ട് ഒന്നായിരുന്നു ഞങ്ങള്‍. അതുകൊണ്ടാവണം ഞങ്ങള്‍ ഒരുമിച്ചുണ്ടാക്കിയ പാട്ടുകള്‍ നിങ്ങള്‍ എളുപ്പം ഹൃദയത്തില്‍ സ്വീകരിച്ചത്.''-- ശ്യാം സാറിന്റെ വാക്കുകള്‍.

ഇരുവരും ചേര്‍ന്നൊരുക്കിയ മനോഹര ഗാനങ്ങളില്‍ ഒന്നിന്റെ പിറവിയുടെ കഥ ഒരിക്കല്‍ കൂടി പങ്കുവെക്കുന്നു: ബിച്ചു ചേട്ടനെ ഓര്‍ത്തുകൊണ്ട്...കടലില്‍ നിന്നുയര്‍ന്ന മൈനാകത്തിന്റെ കഥ.

'മോനേ.....'' എന്ന വിളിയില്‍ ഒരു സ്‌നേഹസാഗരം തന്നെ  ഒളിപ്പിക്കുന്ന,  ഗോഡ് ബ്ലെസ്' എന്ന ആശംസയില്‍ മനസ്സിലെ നന്മയും കരുതലും  മുഴുവന്‍  നിറച്ചു വെക്കുന്ന  മനുഷ്യന്‍.  സിനിമാസംഗീത ലോകത്ത് ഞാന്‍ കണ്ടുമുട്ടിയ സുതാര്യ വ്യക്തിത്വങ്ങളില്‍  ഒരാള്‍. അനസൂയ വിശുദ്ധന്‍. ശ്യാം എന്ന സാമുവല്‍ ജോസഫ്.

കഴിഞ്ഞ പിറന്നാളിന് ആശംസകള്‍ നേരാന്‍  കാലത്ത് വിളിച്ചപ്പോള്‍ ശ്യാം സാര്‍ ഒരു നിമിഷം മൗനിയായി. പിന്നെ ഘനഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു:  സന്തോഷം മോനേ, ഇന്ന് എനിക്ക് വരുന്ന ആദ്യത്തെ ഫോണ്‍കോളാണിത്. നമ്മളെ ആരെങ്കിലും ഓര്‍ക്കുന്നു എന്നറിയുമ്പോഴുള്ള ഒരു സന്തോഷമുണ്ടല്ലോ. ഇറ്റ്‌സ് എ ബിഗ് തിംഗ് ഫോര്‍ മി; ഈ പ്രായത്തില്‍. താങ്ക് യു ഫോര്‍ റിമെംബറിംഗ്  മി മോനേ.  ഗോഡ് ബ്ലെസ്..''  

മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു  ആ വാക്കുകള്‍. ഉള്ളിലെങ്ങോ നേര്‍ത്തൊരു നൊമ്പരം വന്നു തടഞ്ഞപോലെ. എങ്ങനെ മറക്കും ശ്യാം സാര്‍. ഇതാ ഇപ്പോഴും ഞാന്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ബിച്ചു ചേട്ടനും ശ്യാം സാറും ചേര്‍ന്നൊരുക്കിയ പാട്ട്: മൈനാകം കടലില്‍ നിന്നുയരുന്നുവോ.....അശുഭവാര്‍ത്തകള്‍ മാത്രം കേള്‍ക്കുന്ന ഈ കോവിഡ് കാലത്തും ആ പാട്ടുകള്‍ മനസ്സിന് എത്ര സന്തോഷവും സമാധാനവും പകരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.'' മൃദുവായി ചിരിക്കുക മാത്രം ചെയ്തു ശ്യാം സാര്‍. പിന്നെ ആ പാട്ടിന്റെ വരികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു: ഓ ശശിയുടെ പടത്തിലെ പാട്ട്...  ഒരു പാട് ഓര്‍മ്മകള്‍ ഉണ്ട് മോനേ ഓരോ പാട്ടിന് പിന്നിലും. പാവം ശശിയും  പോയില്ലേ...ഓരോരുത്തരായി സ്ഥലം വിടുന്നു..''

പാട്ടുകളില്ലാത്ത ഒരിക്കല്‍ കൂടി'' എന്ന ചിത്രത്തിന് ശ്യാം ഒരുക്കിയ  തീം മ്യൂസിക്കില്‍ നിന്ന് സംവിധായകനായ  ഐ വി ശശി   കണ്ടെടുത്തതാണ്  തൃഷ്ണ'' (1981) എന്ന സിനിമക്ക് വേണ്ടി എസ് ജാനകിയുടെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട മൈനാക''ത്തിന്റെ ഈണം. ആ കൊച്ചു സംഗീതശകലം ഒരു ഗാനമാക്കി മാറ്റണമെന്ന് ശശി ആവശ്യപ്പെട്ടപ്പോള്‍ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിനിന്നു ശ്യാം. എത്ര സൂക്ഷ്മമായാണ് പശ്ചാത്തല സംഗീതം പോലും ശശി ശ്രദ്ധിക്കുന്നത് എന്നോര്‍ക്കുകയിരുന്നു ഞാന്‍. ഹി വാസ് എ ജീനിയസ്.''

ശശി ഉദ്ദേശിച്ച തീം മ്യൂസിക് ഏതാണെന്ന് ആദ്യം തനിക്ക് ഓര്‍മ്മവന്നില്ലെന്ന് ശ്യാം. വഴിക്കുവഴിയായി സിനിമകള്‍ ചെയ്യുന്ന കാലമല്ലേ? ഒരിക്കല്‍ കൂടിയിലെ ഹമ്മിംഗ് ഓര്‍മ്മയില്‍ നിന്ന്  വീണ്ടെടുക്കാന്‍ സഹായിച്ചത് സഹായിയായ  ഷണ്മുഖമാണ്. ബിച്ചു അതിനിണങ്ങുന്ന വരികള്‍ എഴുതി. പല്ലവി തയ്യാറായതോടെ ചരണം പിറകെ വന്നു. ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ ശശിയെ ഓര്‍മ്മവരും.''തൃഷ്ണ''യിലെ ഗാനങ്ങളുടെ പിറവിക്ക് പിന്നില്‍ ചെറിയൊരു വാശിയുടെ കഥ കൂടിയുണ്ടെന്ന് പറയും ഗാനരചയിതാവ് ബിച്ചു തിരുമല. റെക്കോര്‍ഡിങ്ങിന്റെ തലേന്നാണ് ശശി വിളിച്ചുപറഞ്ഞത് -- നാളെ എം ടി വരുന്നു, ഉടന്‍ പാട്ടുകളൊരുക്കണം  എന്ന്. ചെന്നൈയിലെ പാംഗ്രൂവില്‍ ഈണങ്ങളുമായി ശ്യാം കാത്തിരിക്കുന്നു. ആദ്യം പാടിക്കേള്‍പ്പിച്ച ട്യൂണ്‍ കേട്ടപ്പോഴേ ബിച്ചുവിന്റെ മനസ്സില്‍ പല്ലവി റെഡി: ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ.'' ആയിടക്ക് വായിച്ച നാലാങ്കലിന്റെ മഹാക്ഷേത്രങ്ങള്‍ക്ക് മുന്‍പില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് കടം കൊണ്ടതായിരുന്നു മൈനാകം എന്ന വാക്ക്.  മൈനാകത്തെ കുറിച്ചുളള ഐതിഹ്യം രസകരമായി തോന്നി എനിക്ക്. മേനകക്ക് ഹിമവാനില്‍ ഉണ്ടായ കുഞ്ഞാണ് മൈനാകം എന്നാണ് കഥ.  കടലിന്റെ നടുവിലാണ് മൈനാകത്തിന്റെ വാസം. പര്‍വ്വതങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്ന ആ കാലത്ത് അവ യഥേഷ്ടം പറന്നുനടന്ന് അപകടങ്ങള്‍  വരുത്തിവെച്ചപ്പോള്‍ ഇന്ദ്രന് ദേഷ്യംവന്നു. വജ്രായുധം ഉപയോഗിച്ച് ഇന്ദ്രന്‍ പര്‍വ്വതങ്ങളുടെയെല്ലാം ചിറകുകള്‍ അരിഞ്ഞു. മൈനാകംമാത്രം  ഇന്ദ്രകോപത്തില്‍നിന്നും രക്ഷനേടാന്‍ കടലില്‍ പോയൊളിച്ചു. ആ ഐതിഹ്യത്തെ സിനിമയിലെ സന്ദര്‍ഭവുമായി ബന്ധിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. ശ്യാമിന്റെ ഈണം കൂടി ചേര്‍ന്നപ്പോള്‍ അതൊരു നല്ല പാട്ടായി.''

ശശിയുടെ പടങ്ങളിലാണ് ബിച്ചു -- ശ്യാം കൂട്ടുകെട്ട്ഏ റ്റവും കൂടുതല്‍ ഹിറ്റുകള്‍ ഒരുക്കിയത്. അസാധാരണമായ ഒരു കെമിസ്ട്രി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. എനിക്ക് വേണ്ടത് എന്താണെന്ന് അവര്‍ക്കറിയാം. അവരുടെ  മനസ്സിലെ സംഗീതം എനിക്കും.'' -- ശശിയുടെ വാക്കുകള്‍ ഓര്‍മ്മവരുന്നു.  പശ്ചാത്തല സംഗീതത്തില്‍ നിന്ന് പോലും അസാധാരണ മികവുള്ള പാട്ടുകള്‍ സൃഷ്ടിക്കും ശ്യാം. അടിയൊഴുക്കുകളുടെ പശ്ചാത്തല സംഗീത ശകലം   ഭഭഅനുബന്ധ''ത്തിലെ കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും എന്ന ഗാനമായതും, തുഷാരത്തിന്റെ ക്ലൈമാക്‌സിലെ തീം മ്യൂസിക് തൃഷ്ണയില്‍ ഉപയോഗിച്ചതും (തെയ്യാട്ടം ധമനികളില്‍) എല്ലാം ശശിയുടെ പ്രേരണയില്‍ തന്നെ. രണ്ട് ഈണങ്ങള്‍ക്കുമൊത്ത് അനായാസം പാട്ടുകളെഴുതി ബിച്ചു.
ഫോണ്‍ വെച്ച ശേഷവും ശ്യാം സാറിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു:    നമ്മളെ ആരെങ്കിലും ഓര്‍ക്കുന്നു എന്നറിയുമ്പോഴുള്ള ഒരു സന്തോഷമുണ്ടല്ലോ. ഇറ്റ്‌സ് എ ബിഗ് തിംഗ് ഫോര്‍ മി; താങ്ക് യു ഫോര്‍ റിമെംബറിംഗ്  മി മോനേ.  ഗോഡ് ബ്ലെസ്..''