തിരുവനന്തപുരം: ഒരു മുതിര്‍ന്ന സഹോദരനെപ്പോലെയായിരുന്നു ബിച്ചു തിരുമലയെന്ന് സംവിധായകന്‍ സിദ്ദീഖ്. ബിച്ചു തിരുമലയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി ഒന്നിച്ചുപ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ മാതൃഭൂമി ന്യൂസുമായി പങ്കുവെക്കുകയായിരുന്നു സിദ്ദീഖ്. 

'ഞങ്ങള്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ ബിച്ചു തിരുമലയെ അറിയാം. പിന്നീട് ഞങ്ങള്‍ സ്വതന്ത്ര സംവിധായകരായപ്പോള്‍ ഞങ്ങള്‍ക്കു വേണ്ടി പാട്ടെഴുതാന്‍ അദ്ദേഹം വന്നു. ബിച്ചു തിരുമലയുടെ ഏറ്റവും വലിയ പ്രത്യേക എന്താണെന്നുവെച്ചുകഴിഞ്ഞാല്‍ ലെജന്‍ഡ് ആയിട്ടുളള സംവിധായകരുടെ കൂടെ ജോലി ചെയ്യുമ്പോഴുളള സത്യസന്ധതയും അതേ ഇന്‍വോള്‍മെന്റ്ും തന്നെയാണ് പുതുമുഖങ്ങളുടെ കൂടെ ജോലി ചെയ്യുമ്പോഴും അദ്ദേഹം കാണിക്കാറുളത്. അദ്ദേഹം കാണിക്കുന്ന സ്‌നേഹവായ്പും ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം കാണിച്ച വലിയ മനസ്സുമൊക്കെ ഏറ്റവും വലിയ ഓര്‍മയായിട്ട് ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. 

വയലാര്‍ സാറും ഭാസ്‌കരന്‍മാഷും തമ്പി സാറും അങ്ങനെ ഒ.എന്‍.വി.കുറുപ്പുസാറും എല്ലാം ഉണ്ടായിരുന്ന ആ കാലഘട്ടത്തില്‍ തന്നെയാണ് ബിച്ചുവേട്ടന്‍ വരുന്നത്. സാധാരണ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പാടി നടക്കുന്ന സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ് ഒരോ വര്‍ഷവും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുളളത്. എത്ര വിഭിന്നങ്ങളായ സിനിമകളിലൂടെ, കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാവന സഞ്ചരിച്ചിട്ടുളളത്. അദ്ദേഹത്തോട് നമുക്ക് എന്തും പറയാനുളള സ്വാതന്ത്ര്യമുണ്ടായിരുന്നു. 

മ്യൂസിക് ഡയറക്ടറും ഗാനരചയിതാവും ഒരുമിച്ചിരുന്നാണ് കംപോസിങ് നടത്താറുളളത്. ഈണമിടുമ്പോള്‍ തന്നെ അത് നല്ലതാണോ എന്നറിയാന്‍ വേണ്ടി ഡമ്മി വരികള്‍ ഇടും. ബിച്ചുവേട്ടന്‍ ഇടുന്ന ഡമ്മി വരികള്‍ പോലും അതി മനോഹരമായിരിക്കും. അങ്ങനെ വന്നതാണ് കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി എന്ന ഗാനം. ട്യൂണ്‍ കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം ആദ്യമെഴുതിയത് കണ്ണീര്‍ കായലിലേതോ കടലാസിന്റെ കപ്പല്‍ എന്നാണ്. അതില്‍ ആകെ വരുത്തിയ തിരുത്തല്‍ തോണി എന്നുമാത്രമായിരുന്നു. ഈ വരികള്‍ക്ക് പകരം വേറേത് വരി എഴുതിയിട്ടും അത് ഞങ്ങള്‍ക്കാര്‍ക്കും ഇഷ്ടപ്പെടുന്നുണ്ടായില്ല. അപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി അദ്ദേഹം ജീനിയസ്സാണ്. ആ ട്യൂണ്‍ കേട്ട ഉടനെ വന്നതാണ് അത്. സംഗീത സംവിധായകന്‍ ഹാര്‍മോണിയത്തില്‍ ഈണമിട്ടപ്പോള്‍ ഒപ്പം പാടിയ വരികള്‍. അതുപോലെ തന്നെയായിരുന്നു കാബൂളിവാല സിനിമയിലെ കാബൂളി വാല നാടോടി, എന്ന ഗാനവും. ഈണം കേട്ടുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തില്‍ നിന്ന് ഒരു ഒഴുക്കാണ്..' സിദ്ദീഖ് ഓര്‍ക്കുന്നു.