റ്റവരിയില്‍ ലളിതവും ഹൃദ്യവുമായ കാവ്യാനുഭവം തീര്‍ക്കുന്ന ശൈലിയായിരുന്നു ബിച്ചു തിരുമലയുടെ പാട്ടെഴുത്ത്. മലയാളഗാനശാഖയില്‍ ആര്‍ഭാടരഹിതവും അനായാസവുമായ കല്‍പ്പനകളിലൂടെയാണ് അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടത്. പ്രേമം, വിരഹം,ഭക്തി, താരാട്ട്, തമാശ, തത്വചിന്ത എന്നിവയിലെല്ലാം എഴുത്തിന്റെ ആ ബിച്ചു പ്രഭാവം പ്രകടമായിരുന്നു. ആദ്യം ഈണമിട്ട് അതിനൊപ്പിച്ച് എഴുതിയതായിരുന്നു ഈ പാട്ടുകളെല്ലാം. ഈ രംഗത്തെ ദ്രുതകവനമെന്നും ബിച്ചുതിരുമലയുടെ രചനകളെ വിശേഷിപ്പിക്കാം. മലയാള നിഘണ്ടുവിലൊന്നും കാണാത്ത പുതിയ പദങ്ങള്‍, അപൂര്‍വകല്‍പ്പനകള്‍ അദ്ദേഹം ആസ്വാദകര്‍ക്ക് മുന്നില്‍ നിരത്തി. കഥയെഴുത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്ടിച്ച അദ്ദേഹത്തിന്റേതു മാത്രമായ പദപ്രയോഗങ്ങള്‍ക്ക് തുല്യമായിരുന്നു ബിച്ചുവിന്റെയും പദസൃഷ്ടി. അതിലൂടെ മൂന്നു പതിറ്റാണ്ടുകാലം പാട്ടെഴുത്തില്‍ അദ്ദേഹം അരങ്ങുവാഴ്ച നടത്തി.

ഹൃദയം ഒരു ദേവാലയം എന്ന് എഴുതിയ കവിയാണ് പടകാളി ചണ്ഡിചങ്കരി പോർക്കലി എന്ന ഗാനവുമെഴുതിയത്. പടകാളിയിലെ പദങ്ങള്‍ പലതും പ്രാദേശികവും പ്രയോഗത്തിന് അപ്പുറത്തുള്ളതുമാണ്. ചെന്തമിഴ്,മുത്തമിഴ് എന്നിവ കളഞ്ഞാണ് അദ്ദേഹം പഴന്തമിഴ് പാട്ടിഴയും എന്ന പാട്ടെഴുതിയത്. ജലശംഖുപു്ഷ്പം ചൂടും, അശ്വതി പൂവുകള്‍ ചൂടി എന്നിവയും പുതുമയുള്ളതായിരുന്നു. ജയന്‍ അഭിനയിച്ച കരിമ്പന എന്ന സിനിമയിലെ ഗാനങ്ങള്‍ തെക്കന്‍തിരുവിതാംകൂറിന്റെ പനകയറ്റക്കാരുടെ തനതുജീവിതത്തിന്റെ പകര്‍പ്പായിരുന്നു. കരിമ്പാറകള്‍ക്കുള്ളില്‍ നിറയുന്ന കന്മദം-കരിമ്പനകള്‍ക്കുള്ളില്‍ നിറയുന്ന ലഹരി എന്നീ പ്രയോഗങ്ങളും അക്കാനി കാച്ചി പതനിയാക്കി, ചുട്ടരച്ച ചമ്മന്തി കൂട്ടി കാലത്തെ കഞ്ഞി മോന്തി എന്നിവയും മലയാള ഗാനശാഖയിലെ ബിച്ചു തിരുമലയുടെ ഒറ്റപ്പെട്ട പ്രയോഗങ്ങളായി.

അകാലത്തില്‍ മരിച്ച ഒരു അനുജനെ അമ്മ എണ്ണ തേച്ച് കുളിപ്പിക്കുന്ന ഓര്‍മകളായിരുന്നു എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോള്‍ പാടെടീ എന്ന ഗാനമായി മാറിയത്. പില്‍ക്കാലത്ത് നിരവധി അമ്മമാര്‍ മക്കളെ ഈ പാട്ടുപാടി എണ്ണ തേച്ച്കുളിപ്പിച്ചു. അവളുടെ രാവുകളില്‍ ഉണ്ണി ആരാരിരോ, ഉണ്ണികളേ ഒരു കഥപറയാം, നിറകുടത്തില്‍ ആരാരോ ആരാരോ, ആരാധനയില്‍ ആരാരോ ആരിരാരോ അച്ഛന്റെ മോള്‍ ആരാരോ, മൈഡിയര്‍ കുട്ടിച്ചാതാതാനിലെ ആലിപ്പഴം പെറുക്കാന്‍, തരംഗിണിക്കുവേ ണ്ടി ഈസോപ്പ് കഥകളെ ആധാരമാക്കി രചിച്ച കുട്ടിപ്പാട്ടുകള്‍ എന്നിവ താരാട്ട് പാട്ട് ശാഖയില്‍ മലയാളത്തിലെ ഓമനത്തിങ്കള്‍ കിടാവുകളായി.  

പ്രഭാതം പൂമരക്കൊമ്പില്‍ തൂവല്‍ കുടഞ്ഞുവെന്ന് മനസാവാചാ കര്‍മണാ എന്ന ചിത്രത്തിലും പവനരച്ചെഴുതുന്നു കോലങ്ങളെങ്ങും കിഴക്കിനി  കോലായില്‍ അരുണോദയമെന്ന് വിയറ്റ്നാം കോളനിയിലും ബിച്ചുവിന്റെ പ്രഭാതവര്‍ണ പ്രകാശം പരത്തി. ഫാസിലിന്റെ നോക്കത്താരൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ അമ്മൂമ്മയും ചെറുമകളും സ്നേഹം പങ്കിടുന്ന രംഗത്തിന്റെ പാട്ടെഴുത്തിന് ബിച്ചുവിന് ദീര്‍ഘനാള്‍ വേണ്ടിവന്നുവത്രെ.  ഇഷ്ടപ്പെട്ട ചങ്ങമ്പുഴയുടെ ബാഷ്പാഞ്ജലി എന്ന കവിത അദ്ദേഹം ഇടയ്ക്ക് മൂളിയപ്പോള്‍ ഇതാണ് എനിക്ക് വേണ്ടതെന്ന് ഫാസില്‍ പറഞ്ഞു. അങ്ങനെ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ എന്ന പാട്ടുപിറന്നു. കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയിലെ മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം എന്ന ഗാനത്തില്‍ ഇടക്കാല വാഴ്വിന്‍ ജ്യാമിതിക്കുള്ളില്‍ നാം ജലപ്പോളയെക്കാള്‍ ക്ഷണഭംഗുരം എന്ന് തത്വചിന്തയുടെ കൊടുമുടി കയറി.

എഴുതിയ എല്ലാ പാട്ടുകളും ഇഷ്ടമാണെന്ന് പറഞ്ഞിരുന്ന ബിച്ചുതിരുമലയുടെ എല്ലാ പാട്ടുകളും ആസ്വാദകരും ഇഷ്ടപ്പെട്ടിരുന്നു. ആസ്വാദകരുടെ ഉള്ളിലെ അന്തരിന്ദ്രിയ ദാഹങ്ങളും അസുലഭ മോഹങ്ങളും ആ പാട്ടുകള്‍ കൊണ്ട് അദ്ദേഹം ശമിപ്പിുച്ചു. ജി.ദേവരാജനുമൊത്ത് പ്രണയസരോവരതീരത്തേക്ക് പാട്ടിനെയും ആസ്വാദകരെയും കൂട്ടിക്കൊണ്ടു പോയ അദ്ദേഹം അശ്വതിപൂക്കളുടെയും വാകപ്പൂക്കളുടെയും ദിവ്യസുഗന്ധം പാട്ടിലൂടെ അനുഭവവേദ്യമാക്കി.

ബിച്ചു തിരുമലയുടെ മികച്ച ഗാനങ്ങളില്‍ ചിലത് 

നീലജലാശയത്തില്‍ ഹംസങ്ങള്‍ (അംഗീകാരം)
വാകപ്പൂമരം ചൂടും വാരിളംപൂങ്കുലയ്ക്കുള്ളില്‍ (അനുഭവം)
തുഷാരബിന്ദുക്കളേ നിങ്ങള്‍ എന്തിനു വെറുതേ (ആലിംഗനം)
പ്രണയസരോവരതീരം പണ്ടൊരു പ്രദോഷസന്ധ്യാനേരം (ഇന്നലെ ഇന്ന്)
ചെമ്പകം പൂത്തുലഞ്ഞ നീലരാവില്‍ (ഇന്നലെ ഇന്ന്)
പൂവുകളുടെ ഭരതനാട്യം എങ്ങുമെങ്ങും തുമ്പികളുടെ പമ്പമേളം (ഈ മനോഹരതീരം)
അന്തരിന്ദ്രിയദാഹങ്ങള്‍, അസുലഭ മോഹങ്ങള്‍ (അവളുടെ രാവുകള്‍)
ഭ്രമണപഥം വഴി ദ്രുതചലനങ്ങളാല്‍ സൂര്യനെ ചുറ്റുമ്പോള്‍ (ഉത്രാടരാത്രി)
പാവാടവേണം, മേലാടവേണം (അങ്ങാടി)
കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ (അങ്ങാടി)
ഹൃദയം ദേവാലയം പോയവസന്തം നിറമാല ചാര്‍ത്തും (തെരുവുഗീതം)
ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം (ചിരിയോ ചിരി)
ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം (ഇന്‍ഹരിഹര്‍നഗര്‍)
അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ (റാംജിറാവ് സ്പീക്കിങ്ങ്)
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലിടാം (പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്‌)